sections
MORE

ലോക സമാധാനം ലക്ഷ്യം; റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങി ബ്രിസ്‌ബെയ്‌നിലെ മലയാളി സഹോദരിമാര്‍

agnes-teresa
ആഗ്നസ്, തെരേസ
SHARE

ബ്രിസ്‌ബെയ്ന്‍ ∙ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമാക്കി പാടി ലോകത്തിലാദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ബ്രിസ്‌ബെയ്‌നിലെ മലയാളി സഹോദരിമാരായ ആഗ്‌നസ് ജോയിയും തെരേസ ജോയിയും.

യുണൈറ്റഡ് നേഷന്‍സിന്റെ ലോക സമാധാന ദിനമായ സെപ്റ്റംബര്‍ 21ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ സിറ്റിയിലെ സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ ഈ മലയാളി സഹോദരികള്‍ വേറിട്ട ലോക റെക്കോര്‍ഡ് കുറിയ്ക്കുന്നത്.

ലോക സമാധാനത്തിനും മാനവ സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാകാന്‍ ഇരുവരും ചേര്‍ന്ന് രൂപം നല്‍കിയ 'സല്യൂട്ട് ദ് നേഷന്‍സ്' എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിട്ടാണ് ദേശീയഗാനങ്ങള്‍ ആലപിക്കുന്നത്. ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ആണ് 'സല്യൂട്ട് ദ് നേഷന്‍സ്' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 193 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. ലോകത്തില്‍ ആദ്യമായി നൂറിലധികം ഭാഷകളില്‍ ദേശീയഗാനം പാടുന്ന സഹോദരിമാര്‍ എന്ന ബഹുമതിയും ഇതോടെ ഇവര്‍ക്ക് സ്വന്തമാകും.

poster-release
സല്യൂട്ട് ദ് നേഷന്‍സ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നു.

'സല്യൂട്ട് ദ് നേഷന്‍സ്'

ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ 'സല്യൂട്ട് ദ നേഷന്‍സ്' പ്രോഗ്രാം നടത്തി അതില്‍ നിന്നുള്ള പണം യുണൈറ്റഡ് നേഷന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചൂഷണത്തിന് വിധേയരാകുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സ്ത്രീ സുരക്ഷയ്ക്കും നല്‍കാനാണ് ലക്ഷ്യമെന്ന് ആഗ്‌നസും തെരേസയും വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ആറു മണിക്കൂര്‍ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ പാടുന്ന സല്യൂട്ട് ദ് നേഷന്‍സ് എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിടുന്നത്. ക്യൂന്‍സ്‌ലാന്‍ഡിലെ പാര്‍ലമെന്റില്‍ ചേര്‍ന്ന ചടങ്ങില്‍ സ്പീക്കര്‍ കേര്‍ട്ടിസ് പിറ്റ് സല്യൂട്ട് ദ് നേഷന്‍സ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് ജസ്റ്റിസ്, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് മന്ത്രി ലിയാന്‍ ലിനാര്‍ഡ്, ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ മുന്‍ പ്രസിഡന്റും എര്‍ത്ത് ചാര്‍ട്ടര്‍ കോ-ഓര്‍ഡിനേറ്ററും സല്യൂട്ട് ദി നേഷന്‍സ് ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററുമായ ക്ലം ക്യാമ്പ്ബെല്‍ എന്നിവര്‍ ചേര്‍ന്ന് സല്യൂട്ട് ദ് നേഷന്‍സ്  പോസ്റ്റര്‍ റിലീസ്  ചെയ്തു. ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്യുന്‍സ് ലാന്‍ഡ് വൈസ്  പ്രസിഡന്റ് ഡോ. ഡോണല്‍ ഡേവിസ്, ക്യുന്‍സ് ലാന്‍ഡ് ഫോര്‍മര്‍ പാര്‍ലമെന്ററി മെംബേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലെന്‍ എല്‍മെസ്, സല്യൂട്ട് ദ് നേഷന്‍സ് ഡയറക്ടര്‍ ജോയ്.കെ.മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പീസ് ഫൗണ്ടേഷന്‍ 

ഓസ്‌ട്രേലിയ ആസ്ഥാനമാക്കി തുടക്കമിട്ട ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്‍ ഇതിനകം സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി കഴിഞ്ഞു. മാനസികാരോഗ്യമുളള യുവതലമുറയെ സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗ്‌നസ് ആന്റ് തെരേസ പീസ്  ഫൗണ്ടേഷന്‍ മുഖ്യശ്രദ്ധ നല്‍കുന്നത്. ഇതിനായി ക്രിയാത്മകമായ ബോധവത്കരണവും പരിശീലനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫൗണ്ടേഷന്‍ നല്‍കി വരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ മികച്ച അവബോധം സൃഷ്ടിക്കാനുളള ശ്രമങ്ങളും കാലാവസ്ഥാ വ്യതിയാനം തടയാനുളള പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്.

ഒന്‍പതു വര്‍ഷത്തെ പരിശ്രമം

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെക്കുറിച്ചും രാജ്യാന്തര ഭാഷകളെക്കുറിച്ചും രാജ്യങ്ങളുടെ ദേശീയഗാനങ്ങളെക്കുറിച്ചും അവയുടെ അര്‍ത്ഥവും ചരിത്രവും മനസിലാക്കി സമഗ്രമായ ഗവേഷണം നടത്തിയാണ് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ഇരുവരും മന:പാഠമാക്കിയത്. മുഴുവന്‍ ലോകരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമായി പാടുന്നവരെന്ന നിലയിലും ലോകത്തിലാദ്യമായി നൂറിലധികം രാജ്യാന്തര ഭാഷകളില്‍ പാടുന്നവരെന്ന നിലയിലും ഇരുവരും ഇതിനകം ലോകശ്രദ്ധ നേടികഴിഞ്ഞു. ഐക്യരാഷ്ട്രസഭ ഓസ്‌ട്രേലിയന്‍ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയാണ് തെരേസ ജോയി. അസോസിയേഷന്റെ അക്കാദമിക് പദ്ധതിയായ എര്‍ത്ത് ചാര്‍ട്ടറിന്റെ സഹ-അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്. ക്യൂന്‍സ് ലാന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ക്രിമിനോളജി-സൈക്കോളജി വിദ്യാര്‍ഥിനിയാണ് തെരേസ. കാലംവെയില്‍ കമ്യൂണിറ്റി കോളേജിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്‌നസ്. ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി കണിയാംപറമ്പില്‍ കുടുംബാംഗവും ഓസ്‌ട്രേലിയന്‍ ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യവുമായ എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ.മാത്യുവിന്റെയും ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആയ ജാക്വിലിന്റെയും മക്കളാണ് ആഗ്നസും തെരേസയും.  

English Summary : Australia-based Kerala girls aim record, to sing 193 national anthems for world peace

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA