193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ച് റെക്കോർഡ്; വിശേഷങ്ങൾ പങ്കുവച്ച് മലയാളി സഹോദരിമാർ

agnus-theresa-4
SHARE

മെൽബൺ ∙ കഴിഞ്ഞ ഒൻപത് വർഷമായി ഓസ്ട്രേലിയൻ മലയാളികളായ ജോയ് കെ. മാത്യുവിന്റെയും ജാക്വാലിന്റെയും വീട്ടിൽ നിറഞ്ഞു നിൽക്കുന്നത് ലോകത്തിന്റെ സംഗീതമായിരുന്നു. ഇവരുടെ മക്കളായ ആഗ്‌നസും തെരേസയും ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനു പിന്നാലെയായിരുന്നു. ലോകസമാധാന ദിനമായ സെപ്റ്റംബർ 21ന് രാജ്യാന്തര റെക്കോർഡ് നേടി അവർ ആ സ്വപ്നം സ്വന്തമാക്കി. മക്കൾ ഈ നേട്ടം യാഥാർഥ്യമാക്കിയമ്പോൾ ജോയിയും ജാക്വാലിനും സന്തോഷത്തിന്റെ കൊടുമുടിയിലെത്തി  

സഹോദരിമാരായ ആഗ്നസ് ജോയിയും തെരേസ ജോയിയും ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ചാണ് ഇവർ റെക്കോർഡിട്ടത്. ഇരുവരും ചേർന്ന് രൂപീകരിച്ച 'സല്യൂട്ട് ദ് നേഷന്‍സ്' എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിട്ടാണ് പരിപാടി അവതരിപ്പിച്ചത്. ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ യുഎൻ അസോസിയേഷന്‍ ഓസ്‌ട്രേലിയ ആണ് പരിപാടി സംഘടിപ്പിച്ചത്. റെക്കോർഡ് നേട്ടത്തെ കുറിച്ച് ആഗ്നസും തെരേസയും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

agnus-theresa-3

എന്തുകൊണ്ട് ദേശീയ ഗാനം 

ഒാരോ രാഷ്ട്രത്തിന്റെയും ആത്മാവ് അടങ്ങിയിരിക്കുന്നത് ദേശീയഗാനത്തിലാണ്. രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പോരാട്ടത്തിന്റെയും ആവിഷ്ക്കാരാമാണ് ദേശീയഗാനം. നമ്മൾ ഒരു രാജ്യത്തിന്റെ ദേശീയ ഗാനം അർഥം മനസിലാക്കി ആലപിക്കുമ്പോൾ ആ രാജ്യത്തിന്റെ ഭാഗമാകുന്നു, പൗരൻമാരിൽ ഒരാളായി മാറുന്നു. ലോകസമാധാനം ലക്ഷ്യവയ്ക്കുന്ന തങ്ങൾ അതിനാലാണ് ദേശീയഗാനം മനഃപാഠമാക്കിയതെന്ന് ആഗ്നസും തെരേസയും വ്യക്തമാക്കുന്നു.

ഭാഷ വെല്ലുവിളിയായോ

എല്ലാ ഭാഷയെയും ജനങ്ങളെയും ഒരുപോലെ കാണുന്നു. അതിനാൽ തന്നെ ഭാഷയുടെയോ ദേശത്തിന്റെയോ അതിർവരമ്പുകൾ തടസ്സമായില്ല. ഒരോ രാജ്യത്തെയും സംഗീതജ്ഞരെ കണ്ടെത്തി അവരുടെ കീഴിൽ പഠനം നടത്തിയിരുന്നു. ഇതിനെല്ലാം പിന്തുണ നൽകിയത് അപ്പ ജോയിയായിരുന്നു എന്ന് സഹോദരിമാർ പറയുന്നു. 13 വർഷത്തോളമായി ഞങ്ങൾ ഇതിനു പിന്നാലെയായിരുന്നു.

agnus-theresa-2

പഠനത്തിനൊപ്പം 

തെരേസയുടെ ജനനം ഇന്ത്യയിലായിരുന്നു. കുവൈത്തിലും ഇന്ത്യയിലുമായാണ് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സഹോദരി ആഗ്നസിന്റെ ജനനം കുവൈത്തിലായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അമ്മയാണ്. അപ്പ അതിൽ ഇടപെടാറില്ല. പഠനത്തോടൊപ്പം ദേശീയഗാനങ്ങൾ മനഃപാഠമാക്കാനും ഇരുവരും സമയം കണ്ടെത്തി. പഠനത്തോടൊപ്പം പരിശീലനം നടത്തുന്നത് ബുദ്ധിമുട്ടായി തോന്നിയില്ല. തങ്ങൾക്ക് പറ്റുമെങ്കിൽ ആരെകൊണ്ടും ഇതിനു സാധിക്കുമെന്നാണ് ഇവർ പറയുന്നത്.  

ആഗ്‌നസ് ബ്രിസ്ബേനിലെ കാലം വെയിൽ കമ്മ്യുണിറ്റി കോളജിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. തെരേസ ഗ്രിഫിത് യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ ക്രിമിനോളജി – സൈക്കോളജി വിദ്യാർഥിയാണ്.

മറക്കാനാകാത്ത അനുഭവം

പാക്കിസ്ഥാൻ സ്വദേശിയായ സുഹൃത്ത് മൈറയുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ആഗ്നസ് പറയുന്നു. കൂട്ടുകാരി മൈറയുടെ പിറന്നാളിന് ആഗ്‌നസിനെയും തെരേസയെയും ക്ഷണിച്ചിരുന്നു. പാക്കിസ്ഥാനികളും മറ്റു രാജ്യക്കാരുമുൾപ്പെടെ നിരവധി പേർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. അവിടെ വച്ച് പാക്കിസ്ഥാന്റെ ദേശീയഗാനം പാടിയ സഹോദരിമാരെ  മൈറയുടെ മാതാപിതാക്കളും ബന്ധുക്കളും കെട്ടിപിടിച്ചു കരഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർവരമ്പുകളും ആഭ്യന്തര പ്രശ്നങ്ങളും മായ്ച്ചുകളയുന്നതായിരുന്നു ആ കണ്ണീർ. 

agnus-theresa

ലക്ഷ്യങ്ങൾ ഇനിയും

75 ലധികം രാജ്യങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി 'സല്യൂട്ട് ദ് നേഷന്‍സ്' എന്ന ഡോക്യൂമെന്ററിയുടെ പണിപുരയിലാണ് സഹോദരിമാർ. ഇതിന് ഇവർക്ക് താങ്ങും തണലുമായി പിതാവ് ജോയി ഒപ്പമുണ്ട്. ഡോക്യുമെന്ററിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.അടുത്ത വർഷം ആദ്യം ഇത് പുറത്തിറങ്ങും.

വിവിധ രാജ്യങ്ങളിലെ പല സ്കൂളുകളിലായിരുന്നു തെരേസയുടെയും ആഗ്നസിന്റെയും പഠനം. ഒൻപത് വർഷത്തെ കഠിനപ്രയത്നത്തിനിടയിൽ കല്ലെറിഞ്ഞവരും ചേർത്തു നിർത്തിയവരും ഏറെ. ഈ നാളുകളില്‍ അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളും ഇരുവരും ചേർന്ന് പുസ്തകമാക്കുന്നു. 'ഇൻസ്പയറിങ് ജേർണി' എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്ത വർഷം, ഇംഗ്ലീഷ്, മലയാളം അടക്കം നിരവധി ഭാഷകളിൽ പുസ്തകം പുറത്തിറക്കാനാണ് ലക്ഷ്യം. 

മാനസികാരോഗ്യമുളള യുവതലമുറയെ സൃഷ്ടിക്കുകയാണ് ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷൻ ലക്ഷ്യം വയ്ക്കുന്നത്. 'സല്യൂട്ട് ദ നേഷന്‍സ്' പരിപാടിയിലൂടെ ലഭിക്കുന്ന പണം യുഎന്നിന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ സുരക്ഷയ്ക്കും, ചൂഷണത്തിന് വിധേയരാകുന്ന കുട്ടികളുടെ ഉന്നമനത്തിനുമായി ഇവർ ചെലവഴിക്കുന്നു.

English Summary : Keralite girls who sang in 193 languages shares their experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA