ADVERTISEMENT

ഓക്‌ലാൻഡ് ∙ കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ ശംഭു ശ്രീകുമാറിന് ന്യൂസീലൻഡ് പൊലീസിൽ ഡിറ്റക്ടീവ് ഓഫീസറായി നിയമനം. ന്യൂസീലൻഡ് പൊലീസിലെ ഏക മലയാളി ഡിറ്റക്ടീവ് ഓഫീസറാണ് ഇദ്ദേഹം. നിലവിൽ ന്യൂസീലൻഡ് പൊലീസിലെ മറ്റു ആറ് മലയാളി പൊലീസ് ഉദ്യോഗസ്ഥരിൽ സീനിയറാണ് ശംഭു ശ്രീകുമാർ. ന്യൂസീലൻഡ് പൊലീസിലെ കുറ്റാന്വേഷണ വിഭാഗമായ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിൽ ആണ് ശംഭു ശ്രീകുമാർ പ്രവർത്തിക്കുക. രാജ്യത്തു നടക്കുന്ന കൊലപാതകങ്ങൾ, തട്ടിപ്പുകേസുകൾ, മയക്കുമരുന്ന് വിതരണം മുതലായ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്.

കേരളത്തിൽ നിന്ന് 2011ൽ ന്യൂസീലൻഡിലേക്ക് കുടിയേറിയ ശംഭു, കുടിയേറ്റത്തിന് മുമ്പ് മർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയായിരുന്നു. 2015ൽ ന്യൂസീലൻഡ് പൊലീസിൽ കോൺസ്റ്റബിളായി ചേർന്നു. ന്യൂസീലാൻഡ് പൊലീസിൽ ചേരുന്ന ഏതൊരാൾക്കും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ആദ്യം കോൺസ്റ്റബിളായി ആരംഭിക്കണം. ന്യൂസീലൻഡ് പൊലീസ് സർവീസിന്റെ തലവനായ നിലവിലെ പൊലീസ് കമ്മീഷണറും ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോൾ കോൺസ്റ്റബിളായാണ് തുടങ്ങിയത്.

shambu-new-zealand-police-2

രണ്ടു വർഷം ഫീൽഡ് പൊലീസ് ഓഫീസറായി ജോലി ചെയ്ത ശംഭു പിന്നീട് ക്രൈംബ്രാഞ്ചിന് തുല്യമായ ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചേരാൻ തീരുമാനിച്ചു. സെലക്ഷൻ പ്രക്രിയയിൽ വ്യത്യസ്തമായ പരീക്ഷകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി. ഈ ഡിപ്പാർട്ട്മെന്റിൽ ഡിറ്റക്ടീവ് കോൺസ്റ്റബിളായി പ്രവേശനം നേടി.

ഡിറ്റക്ടീവ് കോൺസ്റ്റബിളായി 30 മാസത്തെ കഠിനമായ പ്രവൃത്തിപരിചയത്തിനുശേഷം, റോയൽ ന്യൂസീലൻഡ് പൊലീസ് കോളേജ് ട്രെയിനിങ്ങുകൾക്കും ടെസ്റ്റുകൾക്കും ശേഷം ആണ് പൂർണ ഡിക്ടറ്റീവ് ഓഫീസർ പദവിയിൽ ഇദ്ദേഹം എത്തിയിരിക്കുന്നത്. ന്യൂസീലൻഡിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പട്ടണമായ ഓക്‌ലാൻഡ് ആണ് ശംഭു ശ്രീകുമാറിന്റെ പ്രവർത്തന മേഖല. ഓക്‌ലാൻഡിലെ നിരവധി സുപ്രധാന കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

മലയാളികൾക്കിടയിൽ സുപരിചിതനാണ്. കലാകാരൻ കൂടിയായ ശംഭു സാമൂഹിക സേവനത്തിലും മലയാളി സമാജത്തിലും സജീവ പ്രവർത്തകനാണ്. ന്യൂസിലൻഡ് എസിസിയിൽ ജോലി ചെയ്യുന്ന ഭാര്യ പിറവം സ്വദേശി ജ്യോതി നായരോടൊപ്പം ഓക്‌ലാൻഡിനടുത്തുള്ള പാപ്പകുറയിലാണ് ഇദ്ദേഹം താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com