ADVERTISEMENT

 

ഹെൽസിങ്കി∙ ഫിൻലൻഡിനു നാറ്റോ അംഗത്വം എടുക്കാനുള്ള പിന്തുണ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയും പ്രധാനമന്ത്രി സന്ന മരിനും സംയുക്തമായി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെട്ട  രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ഫിൻലൻഡ്‌ നാറ്റോയിൽ ചേരേണ്ടത് അനിവാര്യമാണ്.യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ തുടർന്നുള്ള സുരക്ഷാ നയത്തെക്കുറിച്ചുള്ള വിപുലമായ സംവാദത്തിനു ശേഷമാണ്  ഈ നിഗമനത്തിൽ എത്തിയതെന്നു നേതാക്കൾ അറിയിച്ചു. 

 

നാറ്റോ അംഗമെന്ന നിലയിൽ, ഫിൻലാൻഡ് നാറ്റോയുടെ പ്രതിരോധ സഖ്യത്തെയും ശക്തിപ്പെടുത്തും. നാറ്റോ അംഗത്വത്തിനായി ഫിൻലാൻഡ് കാലതാമസം കൂടാതെ അപേക്ഷിക്കേണ്ടതുണ്ട് . ഈ തീരുമാനം എടുക്കുന്നതിന് ആവശ്യമായ ദേശീയ നടപടികൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വേഗത്തിൽ നടക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത് '  .– സംയുക്ത പ്രഖ്യാപനത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രസിഡന്റും അഭിപ്രായപ്പെട്ടു  .

 

 

പാർലമെന്റ് ചർച്ചയ്ക്കു മുന്നോടിയായി , ഈ വിഷയത്തിൽ ഏപ്രിലിൽ തയ്യാറാക്കിയ,  മാറിയ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് , ഇരു നേതാക്കളും പരാമർശിച്ചു. നാറ്റോയിൽ ഫിന്നിഷ് അംഗത്വം ബാൾട്ടിക് കടൽ മേഖലയിൽ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുമെന്നും അതേസമയം റഷ്യയുടെ പ്രതികരണം അനുകൂലമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

 

പാർലമെന്ററി പാർട്ടികൾ നാറ്റോ അംഗത്വത്തെക്കുറിച്ച് അവരുടെ വീക്ഷണങ്ങൾ അടുത്ത ആഴ്‌ചയോടെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് . തിങ്കളാഴ്ച  പാർലമെന്റ് ചേർന്നു നാറ്റോ അംഗത്വ തീരുമാനം ചർച്ച ചെയ്യുമെന്നു സ്പീക്കർ മറ്റി  വൻഹാനെൻ അഭിപ്രായപ്പെട്ടു  .

 

അഭിപ്രായ വോട്ടെടുപ്പ്  പ്രകാരം 73 ശതമാനം ആളുകളും ഫിൻലൻഡ്‌ നാറ്റോയിൽ അംഗത്വത്തിനായി അപേക്ഷിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചു. 

 

അതേസമയം നിനിസ്റ്റോയുടെയും മാരിന്റെയും പ്രസ്താവന സ്വീഡന്റെ തീരുമാനത്തിലും സ്വാധീനം ചെലുത്തുമെന്ന് സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻടെ , സ്വീഡിഷ് പബ്ലിക് ബ്രോഡ്കാസ്റ്റർ ടെലിവിഷൻ എസ്‌വിടിയോടു പറഞ്ഞു.

 

രണ്ട് നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായി സുരക്ഷാ നയം ചർച്ച ചെയ്യുവാൻ  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ  ബുധനാഴ്ച സ്റ്റോക്ക്ഹോമും  ഹെൽസിങ്കിയും സന്ദർശിക്കുകയുണ്ടായി. ബ്രിട്ടനുമായി ഫിൻലൻഡ് സംയുക്ത സുരക്ഷാ പ്രഖ്യാപനങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള "വലിയ ചുവടുവയ്പ്പ്" എന്നാണ്  പ്രസിഡന്റ് സൗലി നിനിസ്റ്റോ ഇതിനെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com