മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് വീണ്ടും സജീവം; ഇരകളായി മലയാളികൾ

visa1
SHARE

ക്വാലാലംപുർ ∙ രണ്ട് വർഷത്തിന് ശേഷം ഏപ്രിലോടെയാണ് മലേഷ്യ രാജ്യാന്തര അതിർത്തികൾ തുറന്നതും വിദേശ വിമാന സർവീസുകൾ പുനഃരാരംഭിച്ചതും. ഇതോടെ മനുഷ്യക്കടത്ത് മാഫിയകൾ ജോലിവാഗ്ദാനങ്ങളുമായി വീണ്ടും സജീവമായിരിക്കുകയാണ്. കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാൻ എങ്ങിനെയെങ്കിലും വിദേശത്തൊരു ജോലി തേടാൻ അലയുന്ന ഉദ്യോഗാർഥികളാണ് ഇവരുടെ ഇരകൾ. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ യുവാക്കളാണ് വീസ തട്ടിപ്പിനിരയായി മലേഷ്യയിൽ എത്തുന്നത്

നിലവിൽ അതിർത്തി തുറന്ന് കേവലം രണ്ട് മാസമായപ്പോഴേക്കും ഒട്ടേറെ മലയാളി യുവാക്കളാണ് നാട്ടിലേക്ക് തിരിച്ചു പോവാനാവാതെ ഏജന്റുമാർക്ക് ലക്ഷങ്ങൾ നൽകി തട്ടിപ്പിനിരയായ സത്യം തിരിച്ചറിയുന്നത്. വിസിറ്റിങ് വീസയിലൂടെ ആളുകളെ കടത്തുന്ന വൻ ലോബികളുടെ ചതിയിൽ പെട്ടാണ് ഇത്തരം യുവാക്കൾ അനുദിനം മലേഷ്യയിലെത്തിപ്പെടുന്നത്. നാലായിരം രൂപ മാത്രം നൽകി ഓൺലൈൻ വഴി എളുപ്പത്തിൽ നേടിയെടുക്കാവുന്ന സന്ദർശക വീസ വാഗ്ദാനം നൽകിയാണ് മനുഷ്യക്കടത്ത് മാഫിയകൾ യുവാക്കൾക്കായി വലവിരിക്കുന്നത്. കേരളത്തിലും കോയമ്പത്തൂർ, ചെന്നൈ ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന വൻ റാക്കറ്റുകളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചു വരുന്നത്.

അൻപതിനായിരം രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെയാണ് ഇവരോട് ഏജന്റുമാർ വാങ്ങിക്കുന്നത്. പണമിടപാടുകളുടെ ഉറവിടം എളുപ്പത്തിൽ ലഭിക്കാതിരിക്കാൻ യുപിഐ ട്രാൻസാക്‌ഷനിലൂടെയാണ് ഉദ്യോഗാർഥികളിൽ നിന്നും പണം കൈപ്പറ്റുന്നത്. വിസിറ്റിങ് വീസയിൽ മലേഷ്യയിൽ എത്തിയാൽ ഒരു മാസത്തിനകം തൊഴിൽ വീസ നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പോലെ വിസിറ്റിങ് വീസയിലെത്തി തൊഴിൽ വീസ നേടാവുന്ന സൗകര്യം നാളിതുവരെ മലേഷ്യയിൽ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന യാഥാർഥ്യമറിയാത്ത യുവാക്കളാണ് തട്ടിപ്പിനിരയാകുന്ന ഭൂരിഭാഗം പേരും.

മലേഷ്യയിൽ വിമാനമിറങ്ങിയാൽ എയർപോർട്ടിൽ ഏർപ്പാടാക്കിയ ഏജന്റുമാർ വാട്സ്ആപ് വഴി ബന്ധപ്പെടും. പാസ്പോർട്ട്‌ അവർക്ക് നൽകിയാൽ കരാറടിസ്ഥാനത്തിൽ ജോലിക്കാരെയെടുക്കുന്ന കമ്പനികളിലെ ഏജന്റുമാർക്ക് തലയൊന്നിന് വിലപേശും. നഷ്ടമില്ലാത്ത വിലപറഞ്ഞാൽ കൂട്ടമായി യുവാക്കളെ വിൽപ്പന നടത്തും. അതോടെ ഒറിജിനൽ പാസ്പോർട്ട് ഒരു ബന്ധവുമില്ലാത്ത മലേഷ്യൻ ഏജന്റിന്റെ കൈയിലാകും. തുടർന്ന് ഏതെങ്കിലും കമ്പനിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുകയാണ് പതിവ്. യുവാക്കൾ ജോലി ചെയ്യുന്ന ദിവസവേതനത്തിന്റെ വലിയൊരു പങ്ക് മലേഷ്യൻ ഏജന്റ് കൈപ്പറ്റും. കയ്യിൽ കിട്ടുന്ന നാമമാത്രമായ തുക യുവാക്കൾക്ക് ഭക്ഷണത്തിനോ വസ്ത്രത്തിനോ തികയാതെ അലയുന്ന കാഴ്ച മലേഷ്യയിൽ നിത്യ സംഭവങ്ങളായി മാറുകയാണിപ്പോൾ.

അമിത ജോലിഭാരവും കഠിന ശിക്ഷകളും താങ്ങാനാവാതെ തിരിച്ചു നാട്ടിലേക്ക് പോകാൻ പാസ്പോർട്ട് ചോദിച്ചാൽ അടിയാണ് ശിക്ഷ. അടിയുടെ വേദനകൊണ്ട് ജോലി വിട്ടോടിയവരാണ് പലരും. അതോടെ ഏജന്റ് ഏർപ്പാടാക്കിക്കൊടുത്ത ജോലി സ്വയം ഉപേക്ഷിച്ചെന്ന കുറ്റവും ഇവരുടെ തലയിൽ വച്ചു കെട്ടും. അവസാനം ജോലി ചെയ്ത ഒരു രൂപ പോലും കിട്ടാതെ എല്ലാം നഷ്ടപ്പെട്ടിട്ടുള്ള അലച്ചിലാണ് മിച്ചം

ഒടുവിൽ മലേഷ്യയിലെ ഏതെങ്കിലും സന്നദ്ധ സംഘടനകളാണ് പലരുടെയും അഭയം. കൂട്ടമായെത്തുന്ന യുവാക്കളെ സംരക്ഷിക്കുന്നതിന് സംഘടനകൾക്കും പരിമിതികളുണ്ട്. ഇന്ത്യൻ എംബസിയുടെ സഹായം തേടിയാലാകട്ടെ പറ്റിക്കപ്പെട്ടവരുടെ വൻ തിരക്കാണ് എംബസിക്ക് മുന്നിൽ. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്തിനെതിരെ ഇതുവരെ അധികൃതർ കണ്ണ് തുറന്നിട്ടില്ലായെന്നതാണ് വാസ്തവം. ഓരോ ദിവസവും നിരവധി കേസുകൾ ഇന്ത്യൻ ഹൈകമ്മീഷന് മുൻപാകെ റിപ്പോർട്ട് ചെയ്തിട്ടും നാട്ടിലെ എയർപോർട്ടുകളിൽ മലേഷ്യൻ വിസ്റ്റിങ് വീസകളെ കുറിച്ചുള്ള യാതൊരു ബോധവൽക്കരണവും സംഘടിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല. മനുഷ്യക്കടത്തിനെതിരെ സർക്കാരിന്റെ ഭാഗത്തു നിന്നും നടപടി കൈക്കൊള്ളേണ്ടിയിരിക്കുന്നു.

മലേഷ്യയിലേക്ക് ജോലി നോക്കുമ്പോൾ കമ്പനിയെ കുറിച്ചും വീസയെ കുറിച്ചും വ്യക്തമായി അന്വേഷിക്കുക. പറ്റുമെങ്കിൽ ജോലി വാഗ്ദാനം നൽകുന്ന കമ്പനിയെക്കുറിച്ച് പ്രവാസി മലയാളി അസോസിയേഷൻ (പിഎംഎ), നവോദയ സാംസ്‌കാരിക വേദി മലേഷ്യ, കെഎംസിസി മലേഷ്യ, ജോഹോർ മലയാളി കൂട്ടായ്മ (ജെഎംകെ) തുടങ്ങി മലേഷ്യയിലെ വിവിധ മലയാളി കൂട്ടായ്മകളുമായെങ്കിലും കൂടിയാലോചിക്കുക. വിസിറ്റിങ് വീസയിലെത്തുന്നവർക്ക് മലേഷ്യ സന്ദർശിച്ച്‌ മടങ്ങാൻ മാത്രമേ അനുമതിയുള്ളൂവെന്ന സത്യം എല്ലാ ഉദ്യോഗാർഥികളും തിരിച്ചറിഞ്ഞ് വീസാ ലോബികളുടെ വാഗ്ദാനങ്ങൾക്ക് തല വച്ച് കൊടുക്കാതിരിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA