ക്വലാലംപൂർ∙ മലേഷ്യ വീണ്ടും കേരളത്തിൽ നിന്നുമുള്ള മനുഷ്യക്കടത്തിന് സാക്ഷിയാവുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഏജന്റുമാരുടെ വലയിൽ അകപ്പെട്ട മുഹമ്മദ് അസ്ലം, പ്രണൂബ്, നിതിൻ എന്നി മൂന്ന് മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. കാസർഗോഡുള്ള രണ്ട് യുവ ഏജന്റുമാരാണ് ക്രൂരതയ്ക്ക് പിന്നിൽ. ഇവർക്ക് മുംബൈ, ബെംഗലൂരു, ഗോവ എന്നിവിടങ്ങളിൽ ഓഫീസ് ഉണ്ടെന്നറിഞ്ഞിട്ടാണ് ഉദ്യോഗാർത്ഥികൾ കപ്പൽ ജോലിക്കായി 2.5 ലക്ഷം മുതൽ 4.5 ലക്ഷം രൂപവരെ ഫീസ് നൽകി മലേഷ്യയിലെത്തിയത്.
വലിയ ഒരു തുക ശമ്പളവും, താമസവും, ഭക്ഷണവുമെല്ലാം ഏജന്റുമാരുടെ മാറ്റ് കൂട്ടുന്ന വാഗ്ദാനങ്ങളായിരുന്നു. വിദേശ ജോലിയെന്ന സ്വപ്നസാക്ഷാൽക്കാരത്തിന്റെ ത്വരയിൽ ഉദ്യോഗാർത്ഥികൾ ഏജന്റ് നൽകിയ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി സർവീസ് ചാർജ് ട്രാൻസ്ഫർ ചെയ്തു നൽകുകയായിരുന്നു. പണം നൽകിക്കഴിഞ്ഞാൽ വിസിറ്റിംഗ് വിസ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നതാണ് ഇവരുടെ സ്ഥിരം രീതി. മലേഷ്യൻ വിസാ കാറ്റഗറികളെ കുറിച്ച് കൂടുതൽ ധാരണയില്ലാത്ത ഉദ്യോഗാർത്ഥികളാവട്ടെ മലേഷ്യയിലെത്തുന്നതോടെയാണ് തട്ടിപ്പ് വിവരം തിരിച്ചറിയുന്നത്.
വിസയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പഴുതടക്കാൻ യാത്ര പുറപ്പെടുന്ന ദിവസമേ ടിക്കറ്റും വിസയും നൽകുവെന്നതിനാൽ ഉദ്യോഗാർത്ഥികളെ തന്ത്രപൂർവ്വം ഇവർ കെണിയിലാക്കും. മലേഷ്യയിലെത്തിയാൽ തലയൊന്നിന് വിലപേശി ഒരു ബന്ധവുമില്ലാത്ത ഇതര ഏജന്റുമാർക്ക് വിൽപ്പന നടത്തുകയാണ് പതിവ്. ഒറിജിനൽ പാസ്പോർട്ട് കൂടി ഇവരുടെ കയ്യിൽ അകപ്പെടുന്നതോടെ നരകയാതനയും തുടങ്ങും. പുറംപോക്കിലെ ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നറുകളിലും ഇടുങ്ങിയ ചായ്പ്പുകളിലുമാണ് പലരും അന്തിയുറങ്ങുന്നത്. പ്രഭാതകൃത്യങ്ങൾക്കോ അലക്കിതോർത്താനോ സാഹചര്യമില്ലാതെ നിസ്സഹായരായി കൈകൂപ്പി യാചിക്കുന്ന മലയാളി യുവാക്കൾ നിത്യ കാഴ്ചകളാണിവിടെ.
നിലവിൽ വിസിറ്റിംഗ് വിസയിൽ മലേഷ്യയിലെത്തിയാൽ ജോബ് വിസയാക്കി മാറ്റുവാനുള്ള ഓപ്ഷൻ ഇല്ലെന്നിരിക്കെ, ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നവർ വർഷങ്ങളോളം അടിമകളെപ്പോലെ പലതരത്തിലുള്ള ജോലികൾ ചെയ്ത് ദിവസങ്ങൾ തള്ളി നീക്കുകയാണിപ്പോൾ. പൊതുവെ പ്രവാസി മലയാളികളുടെ അഭാവമുളള മലേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ സറവാക്ക് എന്ന ദ്വീപിനെ കേന്ദ്രീകരിച്ചാണ് ഷിപ്പിലേക്കെന്ന വ്യാജേന റിക്രൂട്ട്മെന്റ് നടത്തുന്നത്.
പ്രവാസി മലയാളികളുടെ സാന്നിധ്യമുളള പടിഞ്ഞാറൻ മലേഷ്യയിൽ നിന്നും സറവാക്കിലേക്ക് റോഡ് മാർഗ്ഗമില്ലാത്തതിനാൽ ആ പ്രദേശത്തുകാരുടെ മാത്രം കേന്ദ്രമാണവിടം. ആയതിനാൽ തന്നെ സാധാരണയായി അവിടെ നടക്കുന്നതൊന്നും പുറം ലോകമറിയാറുമില്ല. ഏജന്റുമാരുടെ കെണിയിൽപ്പെട്ട് കപ്പൽ ജോലിക്കെത്തി കടലിൽ കാണാതായവരും മാനസിക വൈകല്യം വന്നവരുമായ മലയാളികളുടെ ദുരിതാനുഭവങ്ങൾ സാറവാക്കിലെ ഭീതിയുയർത്തുന്ന ഓർമ്മകളാണ്.
സറവാക്ക് ദ്വീപിൽ മൃഗീയമായ പല വെല്ലുവിളികളും തരണം ചെയ്തുകൊണ്ട് താമസിക്കാൻ പോലും ഇടമില്ലാതെ വിശന്നു കരയുന്ന ഈ യുവാക്കളുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. മലേഷ്യയിലെ നവോദയ സാംസ്കാരിക വേദി പ്രതിനിധികളുടെ ഇടപെടലോടെയാണ് പൊലിസിന്റെ സഹായത്തോടെ ലോക്കൽ ഏജന്റ്റിൽ നിന്നും പാസ്സ്പോർട്ട് തിരിച്ചു പിടിച്ചതും മറ്റു യാത്രാരേഖകൾ ശരിയാക്കി ജൂൺ 29ന് തലസ്ഥാന നഗരിയായ ക്വലാലംപൂരിൽ എത്തിച്ചതും.
നവോദയയുടെ ഷെൽട്ടറിൽ താമസിപ്പിച്ച ശേഷം മൂന്ന് പേരേയും ജൂൺ 30ന് രാത്രിയുള്ള വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. സമാന സാഹചര്യത്തിൽ മരണത്തോട് മല്ലിടുന്ന നിരവധി മലയാളികൾ സറവാക്കിൽ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. എത്രയും പെട്ടെന്ന് നോർക്ക പോലുള്ള സർക്കാർ ഏജൻസികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടാത്ത പക്ഷം കുടുങ്ങിക്കിടക്കുന്ന മറ്റു മലയാളികൾക്ക് രക്ഷപ്പെടാൻ വേറെ മാർഗ്ഗങ്ങളില്ലാതെ ജീവന് പോലും ഭീഷണിയായേക്കാവുന്ന സാഹചര്യം വിദൂരമല്ലെന്ന നഗ്നസത്യം ഓർമ്മിപ്പിക്കുക കൂടിയാണിവരുടെ അനുഭവ കഥകൾ.