ADVERTISEMENT

ലിസ്ബണ്‍∙ സമൂഹത്തിനു നൽകിയ ബഹുമാന്യമായ സേവനം കണക്കിലെടുത്ത് മലയാളി കത്തോലിക്ക വൈദികനായ  ഫാ. പോൾ കൊല്ലിത്താനത്തുമലയിലിന് പോർച്ചുഗലിലെ മെരിറ്റ് മെഡല്‍ ഓഫ് ലൗറസ് ബഹുമതി ലഭിച്ചു. പോര്‍ച്ചുഗലിലെ ഒരു സംസ്ഥാനത്ത് (മുനിസിപ്പാലിറ്റി) നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണിത്. പോർച്ചുഗലിലെ ഈ ഉന്നത ഔദ്യോഗിക ബഹുമതി ലഭിക്കുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.

 

സാകേവം ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ഇടവക ദേവാലയത്തിന്‍റെ വികാരിയായ ഫാ. പോള്‍, ഔർ ലേഡി ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടര്‍ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നുണ്ട്. ലൗറസ് മുൻസിപ്പാലിറ്റിയില്‍ നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് മെറിറ്റ് മെഡല്‍ നൽകാൻ അധികൃതർ തീരുമാനിച്ചത്.

 

സെപ്റ്റംബർ നാലിന്  ഔർ ലേഡീസ് ഓഫ് ഹെൽത്ത് തീർഥാടന കേന്ദ്രത്തിൽ നടത്തിയ ചടങ്ങിൽ മുൻസിപ്പൽ പ്രസിഡന്‍റും കോർപ്പറേഷൻ ചെയര്‍മാനുമായ റിക്കാർഡോ ജോര്‍ജ് കോലാക്കോ ലിയോ ബഹുമതി സമ്മാനിച്ചു.  തന്‍റെ മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സ്വാധീനം ചെലുത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അര്‍ഹനാക്കിയത് എന്ന് റിക്കാര്‍ഡോ പറഞ്ഞു.

 

പോ‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ മഹാനഗരത്തോട് ചേര്‍ന്ന് വിദേശികള്‍ അധികമില്ലാത്ത പ്രദേശമാണ് സാകേവം. വളരെ എളിയ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാ. പോളിന് പോര്‍ച്ചുഗീസുകാരും വിദേശികളുമായ ഒട്ടേറെ ആരാധകരാണുള്ളത് എന്ന് ലിസ്ബണ്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഫ്രാന്‍സിസ്കോ ജോസ് ടിറ്റോ എസ്പിനേര പറഞ്ഞു. പള്ളിയെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ ഫാ. പോള്‍ നടത്തുന്ന സേവനങ്ങള്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും മാതൃകയാണ്, അദ്ദേഹം തുടര്‍ന്നു.

 

പാലായിലെ വെമ്പള്ളിയില്‍ ചാക്കോ മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. പോൾ, 1994-ല്‍ വൈദികനായി. 2005-ൽ പോർച്ചുഗലിൽ എത്തിയ അദ്ദേഹം, ലിസ്ബൺ അതിരൂപതയ്ക്ക് വേണ്ടി സേവനം ചെയ്തു വരികയായിരുന്നു. 2007 മുതല്‍ സാകേവം ഇടവകയിലെ വികാരിയാണ്.

 

പാലാ രൂപതാ മുന്‍ വികാരി ജനറലും മുട്ടുചിറ ഫൊറോന പള്ളി വികാരിയുമായ ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഉത്തര്‍ പ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ഫാ. ജോസഫ് കൊല്ലിത്താനത്തുമലയില്‍ ഐ‌എം‌എസ്  എന്നിവരാണ് സഹോദരന്മാര്‍. സഹോദരി സിസ്റ്റര്‍ ലിറ്റി ആലുവയില്‍ എൽ എസ് ടി സഭാംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com