ADVERTISEMENT

ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അൾത്താരയിൽ മലയാളി വരച്ച ചുവർ ചിത്രം ശ്രദ്ധേയമാകുന്നു. 25 അടി ഉയരവും 23 അടി വീതിയുമുള്ള അൾത്താര പെയ്ന്റിങ് പത്തനംതിട്ട സ്വദേശി പ്രീതി വിനോദ് ചെല്ലപ്പൻ രണ്ടു മാസം കൊണ്ടു വരച്ചു പൂർത്തിയാക്കി. അതിന്റെ കൂദാശ കർമ്മം നിർവഹിച്ചത് ബസേലിയോസ് മർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ തിരുമേനിയാണ്.

altar-painting-2

 

prethy-family

"ഒരു വലിയ അനുഗ്രഹമായി ഞാൻ ഇതിനെയും ഈ വർക്കിനെയും എന്റെ കലാജീവിതത്തെയും കാണുന്നു. ഇതിനു മുൻപും രാജ്യാന്തര വർക്കുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ഇത്ര വലിയൊരു പ്രോജക്റ്റ് ഇന്ത്യയ്ക്കു പുറത്ത് പോയി ചെയ്യുന്നത്. അതു വേറിട്ടൊരനുഭവമായിരുന്നു. വെല്ലുവിളികൾ നിറഞ്ഞതും എന്നാൽ പുതു അനുഭവങ്ങൾ തരുന്നതും ആയിരുന്നു."– പ്രീതി പറഞ്ഞു

altar-painting-3

 

 'Resurrection of Jesus' നെ അടിസ്ഥാനപ്പെടുത്തിയാണ് അൾത്താര ചിത്രം രചിച്ചിരിക്കുന്നത്. അതിന്റെ ഡിസൈനിങ് ഘട്ടം മുതൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട നിരവധി കാര്യങ്ങളുണ്ടായിരുന്നു; അൾത്താരയുടെ വലിപ്പവും ആകൃതിയും അതിലുള്ള വളവും ഭിത്തിയുടെ മുൻപിലായി അതിനോട് വളരെ അടുത്ത് പണിത 5 അടി ഉയരമുള്ള ത്രോണോസും കർട്ടനുകളും, അൾത്താരയുടെ മുൻപിലായുള്ള വലിയ, എന്നാൽ അൾത്താരയെക്കാൾ ഉയരം കുറഞ്ഞ കമാനവും പള്ളിയുടെ അകത്തളത്തിൽ പലയിടത്തായി നിൽക്കുന്ന ഓരോരുത്തർക്കും കമാനത്തിലൂടെ കിട്ടുന്ന വ്യത്യസ്തമായ കാഴ്ചകളും ഒക്കെയും മനസ്സിൽ കണ്ടുവേണമായിരുന്നു ഡിസൈൻ ചെയ്യാൻ. 

 

യേശു ക്രിസ്തുവിനെ കുരിശിലേറ്റിയതിനെ പറ്റിയും ഉയർത്തെഴുന്നേൽപ്പിനെ പറ്റിയും ഉള്ള വിവരങ്ങൾ സഖറിയാ മാർ സേവേറിയോസ് തിരുമേനിയോടും മെറിലിൻ കൊച്ചമ്മയോടും ചോദിച്ചു മനസ്സിലാക്കി. തിയോളജിക്കൽ ആയിട്ടുള്ള കാര്യങ്ങൾ വിശദമായി പഠിച്ച് സ്കെച്ച് ചെയ്തു തുടങ്ങി. – പ്രീതി വ്യക്തമാക്കി.

 

യേശു ക്രൂശിതനായതോടെ അപ്പോസ്തലൻമാരും യേശുവിനെ അനുഗമിച്ച മറ്റു ആളുകളും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട്‌ ഇരുൾ വീണ മാളികയിൽ ഒത്തുചേർന്നിരിക്കുമ്പോൾ അതിന്റെ നടുത്തളത്തിലേക്ക്, അവരുടെ ജീവിതത്തിലേക്ക്, പ്രതീക്ഷയുടെ സ്വർഗ്ഗീയപ്രകാശം പരത്തിക്കൊണ്ട് യേശു ദേവൻ പ്രത്യക്ഷപ്പെടുകയാണ്! മനുഷ്യർക്ക് സാധ്യമല്ലാത്ത ഉയിർത്തെഴുന്നേൽപ്പിലൂടെ യേശുദേവൻ അവരുടെ മുൻപിൽ അവതരിക്കുമ്പോൾ അതുവരെ ഒപ്പം നടന്നവരിൽ വിവിധമായ ഭാവങ്ങളാണ് തെളിയുന്നത്. വിശ്വസിക്കാനാവാതെ ചിലർ,  ആശ്വസിച്ചും  തൊഴു കയ്യോടെയും മറ്റു ചിലർ. ഇവയൊക്കെയും ചിത്രത്തിൽ ഉൾപ്പെടുത്തി. യേശുവിന്റെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായും ചിലർ അനുഗ്രഹം സ്വീകരിക്കുന്നതായും ഒക്കെ വരച്ചു ചേർക്കുമ്പോൾ ഇവരിലോരോരുത്തരായി മാറുന്ന ഒരു അനുഭവമാണ് പള്ളിയിൽ പ്രാർത്ഥനാ നിമഗ്നരായി നിൽക്കുന്ന ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതെന്ന് ഞാൻ മനസ്സിൽ കുറിച്ചു. 

 

മൂന്നു മാസത്തെ ടെംപററി വർക്ക് വീസയിൽ ബ്രിസ്ബെയ്നിൽ എത്തി ഇതിനു വേണ്ടി കാര്യങ്ങൾ വ്യക്തമായി പഠിച്ചു. 2022 ജൂലൈയിലാണ് അൾത്താരാ ചിത്രത്തിന്റെ പണികൾ ആരംഭിച്ചത്.  തുടക്കം മുതൽ പെയിന്റിങ്ങിന്റെ അവസാന ഘട്ടം വരെയും ഉണ്ടായ ഓരോ വലിയ ചെറിയ പ്രതിസന്ധികളെയും മറികടന്ന് മനോഹരമായ ഒരു അൾത്താര ചിത്രം 56 ദിവസം കൊണ്ട് ജനിച്ചതിനു പിന്നിൽ എന്റെ പാഷനും, ബ്രിസ്ബെയ്‌നിലെ ഓരോ വിശ്വാസികളുടെയും സ്നേഹവും, പ്രത്യേകിച്ച് ഇതിന്റെ സ്പോൺസർ സതീഷ് ബാബുവിന്റെ പ്രയത്നവും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകളും എല്ലാത്തിലും ഉപരി സർവേശ്വരന്റെ തീരുമാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

 

2001 ൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും 2003 ൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ നേടി. അധ്യാപനവും പിന്നീട് ഗ്രാഫിക് സൈനിങ്ങുമായിരുന്നു പ്രവർത്തന മേഖല. ഇപ്പോൾ ഒരു ദശകത്തിലേറെയായി കലയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ഏർപ്പെടുകയും വിവിധ ആർട്ട് പ്രൊജക്റ്റുകൾ ഏറ്റെടുത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് 2017 ൽ എറണാകുളം ചക്കരപ്പറമ്പ് സെന്റ്.ജോർജ് പള്ളിയിൽ വരച്ച 35 അടി ഉയരവും 28 അടി വീതിയുമുള്ള വ്യത്യസ്തമായ അൾത്താര ചിത്രമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അൾത്താരാ ചുവർചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു 

 

മെക്കയിലെ തീർഥാടകർക്കു വേണ്ടി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനു വേണ്ടിയും വരച്ചിട്ടുണ്ട്. അക്രിലിക്കിലും ഓയിലിലും വാട്ടർ കളറിലും ചാർക്കോളിലുമായി രചിച്ച ഒട്ടേറെ ചിത്രങ്ങൾ ഇന്ത്യക്കകത്തും പുറത്തുമുള്ള സ്വകാര്യ - പൊതു സ്ഥാപനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. വലിയ ചിത്രക്കാഴ്ചകൾ ഒരുക്കുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

 

2019 ൽ കേരള ലളിതകലാ അക്കാദമിയുടെ 'ലയം' ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. 1978 ൽ ജനിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നിയാണ് സ്വദേശം. ഭർത്താവ് HAL ൽ ജോലി ചെയ്യുന്ന വിനോദ് കുഞ്ചുവിനും 11–ാം ക്ലാസ്സിൽ പഠിക്കുന്ന മകൾ  വൈഷ്ണവിയോടും ഒപ്പം ബാഗ്ലൂരിൽ ആണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com