ADVERTISEMENT

ബ്രിസ്ബെയ്ന്‍ ∙ ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സഹോദരിമാരുടെ ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്‍ (അറ്റ്പിഎഫ്) ഏര്‍പ്പെടുത്തിയ ഇന്റര്‍നാഷണല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐക്യരാഷ്ട്രസഭ ഓസ്ട്രേലിയ എര്‍ത്ത് ചാര്‍ട്ടര്‍ കോഓർഡിനേറ്റര്‍  ക്ലെം ക്യാമ്പ്ബെല്‍ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹനായി.

  ബ്രിസ്ബെയ്ന്‍ സിറ്റിയിലെ സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ ചടങ്ങില്‍ ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ്  പ്രസിഡന്റ് ക്ലയര്‍ മോര്‍ ആണ് ക്യാമ്പ്ബെല്ലിന് പുരസ്‌കാരം സമ്മാനിച്ചത്. സാമൂഹിക  മേഖലകളിലെ നിസ്വാര്‍ത്ഥമായ സേവനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്ട്രേലിയ ക്വീന്‍സ്ലാന്‍ഡ്  ഡിവിഷന്‍ മുന്‍ പ്രസിഡന്റും ക്വീന്‍സ്ലാന്‍ഡ് മുന്‍ എം.പി കൂടിയായ ക്യാമ്പ് ബെല്ലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 

   മുന്‍ അറ്റോര്‍ണി ജനറലും ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്ട്രേലിയയുടെ  സുസ്ഥിര വികസന പദ്ധതി  പ്രസിഡന്റുമായ റോഡ് വെല്‍ഫോര്‍ഡ്, ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ സ്‌കോട് മാക്ഡൗകല്‍, അറ്റ്പിഎഫ്  ഡയറക്ടറും നടനും സംവിധായകനുമായ  ജോയ്.കെ.മാത്യു, ലോക ദേശീയഗാനാലാപന സഹോദരിമാരും അറ്റ്പിഎഫ് സ്ഥാപകരുമായ ആഗ്നെസ് ജോയ്, തെരേസ ജോയ്, ഇന്‍ഡിപെന്‍ഡന്‍ഡ്  ആന്‍ഡ്  പീസ് ഫുള്‍ നെറ്റ്‌വര്‍ക്ക് ഓസ്‌ട്രേലിയ നെറ്റ്‌വര്‍ക്ക് ദേശീയ അധ്യക്ഷ അനറ്റ് ബ്രൗണ്‍ലി, ഐക്യ രാഷ്ട്ര സഭയുടെ ലോക മനുഷ്യാവകാശ ദിനാഘോഷ പ്രോഗ്രാം കോഓർഡിനേറ്റര്‍ വെര്‍ജീനിയ  എന്നിവര്‍ പ്രസംഗിച്ചു.

  ഐക്യരാഷ്ട്ര സഭയുടെ  സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന 193 രാജ്യങ്ങളിലെ  സ്‌കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, വിവിധ സംഘടനകള്‍ എന്നിവയില്‍ ഏറ്റവും മികച്ചതും വേറിട്ടതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ജീവകാരുണ്യം,  സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിസ്വാര്‍ഥ സേവനങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ജീവകാരുണ്യ, വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്  അറ്റ്പിഎഫ്  ഇന്റര്‍നാഷനല്‍ അവാര്‍ഡ്. ലോകത്തില്‍ ഇതാദ്യമായാണ് ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന 193 രാജ്യങ്ങളിലെ മികച്ച സ്‌കൂളുകള്‍ക്കും  കോളേജുകള്‍ക്കും  യൂണിവേഴ്‌സിറ്റികള്‍ക്കും  വിവിധ സംഘടനകള്‍ക്കുമായി രാജ്യാന്തര അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. മാനസികാരോഗ്യമുളള യുവതലമുറയെ സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗ്നസ് ആന്റ് തെരേസ പീസ്  ഫൗണ്ടേഷന്‍ മുഖ്യശ്രദ്ധ നല്‍കുന്നത്.

  ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമാക്കി ആലപിച്ച് ലോകത്തിലാദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് ഫൗണ്ടേഷന്‍ സ്ഥാപകരും ആലപ്പുഴ ചേര്‍ത്തല സ്വദേശിനികളുമായ ആഗ്നസ് ജോയ്, തെരേസ ജോയ് എന്നിവര്‍. ലോക ദേശീയ ഗാനാലാപന റെക്കോര്‍ഡിന് പുറമെ പിതാവ് നടനും സംവിധായകനുമായ ജോയ്.കെ.മാത്യുവിനൊപ്പം 75 ല്‍ പ്പരം രാജ്യക്കാരെ ഉള്‍പ്പെടുത്തി ലോക സമാധാനം, ദേശീയ ഗാനം എന്നീ വിഷയങ്ങള്‍ ആസ്പദമാക്കി  സല്യൂട്ട് ദി നേഷന്‍സ് എന്ന ലോകത്തിലെ ആദ്യ ഡോക്യുമെന്ററി നിര്‍മാണത്തിലൂടെയും ലോക റെക്കോര്‍ഡ് നേടിയവരാണ് ഇരുവരും. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ അറ്റ്പിഎഫ് ഇന്റര്‍നാഷണല്‍  അവാര്‍ഡിന് നോമിനേറ്റ് ചെയ്യാവുന്നതാണ്. നോമിനേഷനുകള്‍  atpfintlaward@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com