ADVERTISEMENT

ക്വാലലംപുർ ∙നോർക്കയുടെ നിയമ സഹായ പദ്ധതിയുടെ ഭാഗമായി മലേഷ്യയിൽ മലയാളി പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലോക കേരള സഭയുടെ മലേഷ്യൻ പ്രതിനിധി ആത്മേശൻ പച്ചാട്ടിന്റെ നേതൃത്വത്തിൽ ജോഹോർ മലയാളി കൂട്ടായ്മ (ജെ.എം.കെ) നോർക്കക്ക് നിവേദനം നൽകി. തുടക്കത്തിൽ കുറഞ്ഞത് രണ്ട് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ യെങ്കിലും മലേഷ്യയിൽ നിയമിക്കണമെന്നാണ് ജെ.എം.കെ ആവശ്യപ്പെട്ടിരിക്കുന്നത്.

 

മലേഷ്യയിലെ വീസ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഭൂരിഭാഗം മലയാളി പ്രവാസികളും തടവിലാക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. ഇതര രാജ്യങ്ങളിലേതു പോലെ സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറാനുള്ള നിയമമില്ലാത്തതിനാൽ അജ്ഞത മൂലം വഞ്ചിക്കപ്പെട്ടവരാണ് മലേഷ്യൻ തടവറകളിലുള്ളവരിൽ പലരും.

 

തന്റേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിലകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമ സഹായം ലഭ്യമാക്കിയാൽ മലേഷ്യൻ പ്രവാസ ലോകത്തിനു തന്നെ ആശ്വാസമാകും. മലേഷ്യ ഉൾപ്പടെ മലയാളികൾ ഏറ്റവും കൂടുതൽ ജോലിയാവശ്യാർത്ഥം കുടിയേറുന്ന സിംഗപ്പൂർ, തായ്‌ലാൻഡ്, ഇൻഡോനേഷ്യ എന്നീ മുഖ്യ ഏഷ്യൻ പാസഫിക് രാജ്യങ്ങളിലെ ഇന്ത്യൻ ഹൈകമ്മീഷനുകളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ കഴിഞ്ഞ വർഷത്തെ ആകെ ജയിലിലകപ്പെട്ട മലയാളി പ്രവാസികളുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് നോർക്കയോട് നിയമ സഹായം അഭ്യർഥിച്ചിരിക്കുന്നത്.

 

മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരൻമാർ ജയിലിലകപ്പെട്ട കണക്കുകളിൽ മുൻപന്തിയിലാണ് മലേഷ്യ. മലയാളികളടക്കം 1188 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ഹൈകമ്മീഷൻ ഇടപെട്ട് മലേഷ്യയിലെ വിവിധ ജയിലുകളിൽ നിന്നും നാട്ടിലെത്തിച്ചത്. ഈ ഔദ്യോഗിക കണക്കുകൾക്ക് പുറമേ വിവിധ സന്നദ്ധ സംഘടകളുടെ സഹായത്തോടെ തടവ് കേന്ദ്രങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ടവരും നിരവധിയാണ്. ഇതിൽ ഭൂരിഭാഗവും തട്ടിപ്പിനിരയായി ജയിലിലകപ്പെട്ടവരാണ്. നോർക്കയുടെ സൗജന്യ നിയമസഹായം ഇത്തരക്കാർക്ക് തികച്ചും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ക്ഷേമത്തിന് വേണ്ടി കൂടി പ്രവർത്തിക്കുന്ന ജോഹോർ മലയാളി കൂട്ടായ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com