മെൽബൺ ∙സെന്റ്. മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ വാർഷികധ്യാനം " കുടുംബ നവീകരണ കാരിസം ധ്യാനം, ഫെബ്രുവരി 24,25,26 തീയതികളിൽ മെൽബൺ റിസർവോയറിലുള്ള സെന്റ് സ്റ്റീഫൻസ് കത്തോലിക്കാ പള്ളിയിൽ നടത്തുന്നു.
ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെയും 25ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 3 മണി വരെയും, 26 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ 7.30 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്. കുടുംബ-ദാമ്പത്യ കാരിസം ധ്യാന മേഖലയിൽ പ്രാവീണ്യം തെളിയിച്ച, എസ്‌വിഡി സഭാംഗമായ റവ: ഫാ: ടൈറ്റസ് തട്ടാമറ്റത്തിലാണ് ധ്യാനം നയിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ക്‌ളാസുകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ധ്യാന ദിവസങ്ങളിലും വിശുദ്ധ കുർബാനയും ശനി, ഞായർ ദിവസങ്ങളിൽ കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ജിജിമോൻ കുഴിവേലിൽ കോർഡിനേറ്റർ ആയുള്ള വിവിധ കമ്മിറ്റികളുടെയും, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ നിഷാദ് പുലിയന്നൂർ, ആശിഷ് സിറിയക് വയലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്‌സ് ജോൺ മൂക്കൻച്ചാത്തിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ എന്നിവരുടെയും നേതൃത്വത്തിൽ, ധ്യാനവിജയത്തിനായി വിപുലമായ ഒരുക്കങ്ങളും പ്രാർഥനകളും നടത്തിവരുന്നു.
കുടുംബ നവീകരണം സാധ്യമാകുന്നതിനും പത്താം വാർഷികാഘോഷങ്ങൾ ഭംഗിയായി നടത്തപ്പെടുവാനും, പരിശുദ്ധ അമ്മയുടെ അനുഗ്രഹം യാചിക്കുവാനുമായി, ഇടവക സമൂഹത്തിനു ലഭിക്കുന്ന അവസരമായി കണക്കാക്കി, എല്ലാ ഇടവകാംഗങ്ങളും ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന്, സെന്റ്.മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ: അഭിലാഷ് കണ്ണാമ്പടവും 10–ാം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലും അറിയിച്ചു.