മലേഷ്യയിൽ അണുബാധയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിനെ നാട്ടിലെത്തിച്ചു

abhi
SHARE

ക്വലലംപുർ ∙ മൂന്നു മാസത്തോളം നീണ്ട നരകയാതനക്കൊടുവിൽ ഗുരുതരമായ അണുബാധയേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി അഭി(23) യെ ഇന്ന് രാവിലെ നാട്ടിലെത്തിച്ചു.

കപ്പൽ ജോലിക്കായി ഒരു വർഷം മുൻപാണ് യുവാവ് മലേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ സരവാക്കിലെത്തിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കോവിഡ് പിടിപെട്ട് ഇദ്ദേഹത്തെ സരവാക്കിലെ ബിന്ദുളു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ന്യുമോണിയയിലേക്കും ശേഷം എലിപ്പനിയായും പടർന്നതോടെ  അഭി തികച്ചും അവശനാവുകയായിരുന്നു. പരസഹായമില്ലാതെ എഴുനേൽക്കാൻ പോലുമാകാത്ത നിലയിലായി.

‌ആശുപത്രി അധികൃതർ ഇന്ത്യയിലെ തുടർ ചികിത്സയ്ക്കായി യാത്രാനുമതി നൽകിയെങ്കിലും മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്ക് നാൽപ്പത്തയ്യായിരം മലേഷ്യൻ റിങ്കിറ്റ് (ഏകദേശം ഒൻപതു ലക്ഷത്തോളം രൂപ) ബില്ല് വന്നതോടെ സ്വാഭാവിക രോഗമെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് കമ്പനി കയ്യൊഴിഞ്ഞു.

ചികിത്സാ ബില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന എഗ്രിമെന്റ് ഉണ്ടായിട്ടും അവസാനനിമിഷം ഇത്രയും തുകയടക്കാൻ തയാറല്ലെന്ന് തൊഴിലുടമയും കൂടി അറിയിച്ചതോടെയാണ് യുവാവും കുടുംബവും പ്രശ്നത്തിലായത്. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയും ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കാനുള്ള വഴിയടയുകയും ചെയ്തു. ഒടുവിൽ അടൂർപ്രകാശ് എം.പി, എ.എ.റഹീം എം.പി, മലേഷ്യയിലെ ലോക കേരള സഭാ പ്രതിനിധി ആത്മേശൻ പച്ചാട്ട് എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും സംയുക്തമായാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കിയത്.

കൂടാതെ മലേഷ്യയിലെ നവോദയ സാംസ്‌കാരിക വേദിയും, ജോഹോർ മലയാളി കൂട്ടായ്മയും ഡിസ്ചാർജിന് ശേഷമുള്ള താമസ സൗകര്യം ഒരുക്കുന്നത് സഹിതമുള്ള സഹായങ്ങൾ നൽകി. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ യുവാവിനെ നോർക്കയുടെ പ്രത്യേക ആംബുലൻസിൽ തുടർ ചികിത്സകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.  

മാസതവണകളായി ആശുപത്രി ബില്ലടച്ചു തീർത്തില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്ന് പ്രാദേശിക ഭാഷയിൽ തയാറാക്കിയ ധാരണാപത്രത്തിന്റെ അർഥം പോലും വിശദീകരിക്കാതെ ആശുപത്രി അധികൃതർ ഒപ്പിട്ടു വാങ്ങിയെന്നു യുവാവ് വ്യക്തമാക്കുന്നു.

യുവാവിനെ ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിച്ചെങ്കിലും ആശുപത്രി ബില്ലടക്കാനുള്ള മാർഗ്ഗമില്ലാതെ നെട്ടോട്ടത്തിലാണ് യുവാവിന്റെ കുടുംബം. മലേഷ്യയിലേക്ക് ജോലിക്ക് ചേരാൻ കടമെടുത്ത പണം പോലും മുഴുവനായി അടച്ചു തീർക്കാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം.  ഇദ്ദേഹത്തിന്റെ തുടർ ചികിത്സകൾക്കായി യുവാവിന്റെ അമ്മയുടെ പേരിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ചികിത്സാ സഹായ നിധി ആരംഭിച്ചിട്ടുണ്ട്. സുമനസുകൾക്ക് പ്രസ്തുത അക്കൗണ്ടിലേക്ക് തങ്ങളാലാവുന്ന വിധത്തിൽ ഗൂഗിൾ പേ ചെയ്ത് സഹായിക്കാം. അമ്മ ലതയുടെ ഗൂഗിൾ പേ നമ്പർ: 8086961788

English Summary : Thiruvananthapuram native Abhi stranded in  Malaysia brought home for treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA