വിനോദ സഞ്ചാരത്തിന് ഇന്ത്യക്കാരെ ആകർഷിക്കാൻ നീക്കവുമായി മ്യാൻമർ

Mail This Article
വിദേശ സന്ദർശകരെ ആകർഷിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ചൈനീസ്, ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഓൺ അറൈവൽ വീസ നൽകുന്നതിന് മ്യാൻമർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഒരു വർഷത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. ഈ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് മ്യാൻമറിലെ ഗ്ലോബൽ ന്യൂ ലൈറ്റ് റിപ്പോർട്ട് ചെയ്തത്.
ഈ വീസയുള്ളവർക്ക് സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും സന്ദർശിക്കാൻ അവസരം ലഭിക്കുമെന്നാണ് വിവരം. നിലവിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർ ടൂറിസ്റ്റ് വീസയ്ക്ക് ഓൺലൈൻ വഴിയോ മ്യാൻമർ എംബസിയിലോ അപേക്ഷിക്കണം.
അതേസമയം രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിനാൽ യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ മ്യാൻമറിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും മ്യാൻമറിലെ സൈനിക അട്ടിമറിക്ക് ശേഷവും രാജ്യവുമായി നയതന്ത്ര ബന്ധം നിലനിർത്തുന്നുണ്ട്. 2011 ലാണ് മ്യാൻമർ വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ഇത് ജനകീയമായിരുന്നു. കൊവിഡും സൈനിക അട്ടിമറിയും പ്രതിസന്ധി സൃഷ്ടിച്ചത് മ്യാൻമറിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് പുതിയ നീക്കം
English Summary: Myanmar To Offer Visa On Arrival To Indian Tourists: Report