17 കാരനെ തൂക്കിലേറ്റി ഇറാൻ; രാജ്യത്ത് തൂക്കിലേറ്റുന്ന 68-ാമത് കുട്ടി, വൻ പ്രതിഷേധം
Mail This Article
സബ്‌സേവാറ∙ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 17 കാരനെ ഇറാനിൽ തൂക്കിലേറ്റി. റസാവി ഖൊറാസൻ പ്രവിശ്യയിലെ കിഴക്കൻ പട്ടണമായ സബ്‌സേവാറിലെ ജയിലിൽ വെള്ളിയാഴ്ചയാണ് ഹമിദ്രേസ അസരിയെ വധിച്ചതെന്ന് നോർവേ ആസ്ഥാനമായുള്ള ഹെൻഗാവ്, ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) തുടങ്ങിയ സംഘടനകൾ പ്രസ്താവനകളിലൂടെ അറിയിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വധശിക്ഷ നടപ്പാക്കുന്നതിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് അലയിടിക്കുന്നത്. രാജ്യത്ത് തൂക്കിലേറ്റുന്ന 68-ാമത് കുട്ടിയാണ് ഹമിദ്രേസ അസരി.
പേർഷ്യൻ ഭാഷയിലുള്ള സാറ്റലൈറ്റ് ടിവി ചാനലായ ഇറാൻ ഇന്‍റർനാഷനലും വധശിക്ഷ റിപ്പോർട്ട് ചെയ്തു.അസരി കുടുംബത്തിലെ ഏക കുട്ടിയാണെന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സ്ക്രാപ്പ് വർക്കറായി ജോലി ചെയ്ത് തുടങ്ങിയിരുന്നുവെന്നും വാർത്തയിൽ വ്യക്തമാക്കി. കുറ്റകൃത്യം നടക്കുമ്പോൾ കുട്ടിക്ക് 16 വയസ്സായിരുന്നുവെന്നും വധിക്കപ്പെടുമ്പോൾ 17 വയസ്സായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് മാസത്തിൽ സംഘർഷത്തിൽ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.
വധശിക്ഷ നടപ്പാക്കിയിതിലൂടെ 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയെയും കുട്ടിയായി പരിഗണിക്കണമെന്ന യുഎൻ കൺവെൻഷന്റെ ലംഘനമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. 'ഇറാൻ കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുകയും പ്രായപൂർത്തിയാകാത്തവരെ വധിക്കുകയും ചെയ്യുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് . ഇറാനിൽ, ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കണമെങ്കിൽ, അവർക്ക് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, എന്നാൽ വധശിക്ഷ നടപ്പാക്കാൻ 15 വയസ്സ് മതി’ – ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) ആരോപിച്ചു.