ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താം; ഇ-വീസ പദ്ധതിയുമായി ജപ്പാൻ
Mail This Article
ടോക്കിയോ∙ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ഇ-വീസ പദ്ധതിയുമായി ജപ്പാൻ. സിംഗിൾ എൻട്രി വീസയിലൂടെ 90 ദിവസം വരെ ജപ്പാനിൽ സന്ദർശകർക്ക് താമസിക്കാം. സാധാരണ പാസ്‌പോർട്ടുള്ള വിമാനമാർഗ്ഗം ജപ്പാനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി പ്രത്യേകം വിഭാവനം ചെയ്തിരിക്കുന്നതാണ് ഇ-വീസ പദ്ധതി. ഓസ്‌ട്രേലിയ, ബ്രസീൽ, കംബോഡിയ, കാനഡ, സൗദി അറേബ്യ, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, തായ്‌വാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുകെ, യുഎസ്എ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കേണ്ടവിധം
ജപ്പാൻ ഇ-വീസയ്ക്ക് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം വേണം അപേക്ഷ സമർപ്പിക്കാൻ. വീസ അപേക്ഷയുടെ ഫലം റജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കും. വീസ ഫീസും ഓൺലൈനായി സമർപ്പിക്കാം. പണമടച്ചതിന് ശേഷം ഇ-വീസ നൽകും. അപേക്ഷാ പ്രക്രിയയ്ക്കിടെ, അഭിമുഖത്തിനായി അപേക്ഷകന്‍റെ താമസസ്ഥലത്തിന്‍റെ അധികാരപരിധിയിലുള്ള ജാപ്പനീസ് നയതന്ത്ര സ്ഥാപനത്തിൽ നേരിട്ട് ഹാജരാകാൻ അഭ്യർത്ഥിക്കാം.