രാജകുടുംബം ഇൻസ്റ്റഗ്രാമിൽ അരേങ്ങറി; മൂന്ന് ദിവസം കൊണ്ട് ആറു ലക്ഷത്തിലേറെ ഫോളോവേഴ്സ്

Mail This Article
ടോക്കിയോ∙ സമൂഹ മാധ്യമത്തിൽ അരേങ്ങറി കേവലം മൂന്ന് ദിവസം കൊണ്ട് ആറു ലക്ഷത്തിലേറെ ഫോളോവേഴ്സിനെയാണ് ജപ്പാൻ രാജകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് രാജകുടുംബം ഇൻസ്റ്റഗ്രാമിൽ അരേങ്ങറിയത്. കുടുംബത്തിന്‍റെ കാര്യങ്ങളുടെ ചുമതലയുള്ള സർക്കാർ ഏജൻസിയായ ഇംപീരിയൽ ഹൗസ്‌ഹോൾഡ് ഏജൻസിയാണ് സമൂഹമാധ്യമത്തിലെ കാര്യങ്ങൾ രാജകുടുംബത്തിനായി നോക്കുന്നത്. ഇതിനകം തന്നെ 21 ലേറെ പോസ്റ്റുകൾ കുടുംബം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നരുഹിതോ ചക്രവർത്തിയുടെയും മസാക്കോ ചക്രവർത്തിനിയുടെയും ഔപചാരിക ചിത്രങ്ങളാണ് പങ്കുവച്ചയിൽ ബഹുഭൂരിപക്ഷവും.
Kunaicho_jp എന്ന യൂസർ നെയമിലുള്ള അംഗീകൃത അക്കൗണ്ടാണിത്. ഈ അക്കൗണ്ടിൽ നിന്ന് മറ്റ് ആരെയും പിന്തുടരുന്നില്ല. ഇൻസ്റ്റഗ്രാം സ്റ്റോറികളും ഇതുവരെ പങ്കുവച്ചിട്ടില്ല. കൂടാതെ, കമന്‍റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്താൻ നിലവിൽ ഉപയോക്താക്കൾക്ക് അവസരം നൽകുന്നില്ല. കുടുംബത്തിന്‍റെ ഔദ്യോഗിക ചിത്രമാണ് നിലവിൽ പങ്കുവയ്ക്കുന്നത്. 22 വയസ്സുള്ള മകൾ ഐക്കോ രാജകുമാരിക്കൊപ്പം സോഫയിൽ ഇരിക്കുന്ന നരുഹിതോ ചക്രവർത്തിയുടെയും മസാക്കോ ചക്രവർത്തിനിയുടെയും ഫോട്ടോയാണ് ആദ്യം പ്രസിദ്ധീകരിച്ചത്.
ബ്രൂണെ കിരീടാവകാശി ഹാജി അൽ മുഹ്തദീ ബില്ലയുടെ ഭാര്യ ഉൾപ്പെടെയുള്ള വിദേശരാജ്യത്തെ പ്രമുഖരുമായി ചക്രവർത്തിയും ചക്രവർത്തിനിയും നടത്തിയ കൂടിക്കാഴ്ചകളും മറ്റ് പോസ്റ്റുകളിൽ ഉൾപ്പെടുന്നു. ജാപ്പനീസ് രാജവാഴ്ചയ്ക്ക് രണ്ട് സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. രാജ്യത്ത് ചക്രവർത്തിയെക്കുറിച്ചുള്ള പരസ്യ വിമർശനം നിരോധിച്ചിരിക്കുകയാണ്.