മാർ ജോൺ പനന്തോട്ടത്തിലിന് മെൽബണിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയിൽ ഉജ്ജ്വലസ്വീകരണം

Mail This Article
മെൽബൺ ∙ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ രണ്ടാമത്തെ ഇടയൻ മാർ ജോൺ പനന്തോട്ടത്തിൽ മെൽബണിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കൂട്ടായ്മയിൽ കഴിഞ്ഞ ദിവസം സ്വീകരണം നൽകി. മെൽബണിലെ ലാറ്റിൻ, സിറോ മലബാർ, കോപ്റ്റിക്ക് സഭാസമൂഹങ്ങളിലെ വൈദികരുടേയും ഇടവകാംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ നടന്ന സമൂഹബലിയർപ്പണത്തിൽ മാർ ജോൺ പനന്തോട്ടത്തിൽ തിരുവചനസന്ദേശം നൽകി.
വിവിധ റീത്തുകളിൽ തനതായ പാരമ്പര്യം കാത്തുസൂക്ഷിക്കുമ്പോൾതന്നെ നാമെല്ലാവരും കത്തോലിക്കാ സഭ എന്ന ഭവനത്തിലെ അംഗങ്ങൾ ആണെന്ന് അടിവരയിടുന്നതാണ് തനിക്ക് ലഭിച്ച ഈ ഹൃദ്യമായ സ്വീകരണം എന്ന സന്ദേശമദ്ധ്യേ മാർ ജോൺ പനന്തോട്ടത്തിൽ സൂചിപ്പിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദനസമ്മേളത്തിൽ മെൽബണിലെ മലങ്കര കത്തോലിക്കാ സഭയുടെ ആദരവ് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ മാർ ജോൺ പനന്തോട്ടത്തിൽ സമർപ്പിച്ചു. മെൽബൺ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കമ്മ്യൂണിറ്റി വികാരി റവ. ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് അനുമോദന സംഗമത്തിന് നേതൃത്വം നൽകി. റവ. ഫാ. വർഗ്ഗീസ് കുരിശിങ്കൽ, റവ. ഫാ. ഷിബു ജോസഫ്, റവ. ഫാ. ഷാബിൻ കണിയാമ്പുറം, റവ. ഫാ. സിജീഷ് പുല്ലൻകുന്നേൽ അബ്രഹാം, റവ. ഫാ. ഐസക്ക് സാക്കി, റവ. ഫാ. പീറ്റർ ന്യൂമൻ എന്നിവർ സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോട് കൂടി അനുമോദന സംഗമം സമാപിച്ചു.