ഒന്നരലക്ഷം ഡോളർ അനധികൃത ശമ്പള വർധന: സിംഗപ്പൂരിൽ എച്ച്ആർ ജീവനക്കാരിക്ക് 18 മാസം തടവ്

Mail This Article
സിംഗപ്പൂർ ∙ സിംഗപ്പൂരിൽ സ്വന്തമായി അനധികൃത ശമ്പള വർധന നൽകിയതിന് ജീവനക്കാരിക്ക് 18 മാസം തടവ്. ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ ഡി പെർസെപ്ഷൻ സിംഗപ്പൂരിലെ എച്ച്ആർ ജീവനക്കാരിയായിരുന്നു പിടിക്കപ്പെട്ട ടാൻ ലീ നാ (53). 2017 മെയ് മാസം മുതൽ 2019 നവംബർ വരെ 148,000 ഡോളറിന്റെ അനധികൃത വേതന വർധന തട്ടിപ്പാണ് ജീവനകാരി നടത്തിയത്.
ഓരോ മാസവും 750 ഡോളർ മുതൽ 7,300 ഡോളർ വരെയുള്ള വ്യാജ യാത്രാ ചെലവുകൾ ടാൻ ലീ നാ അവകാശപ്പെട്ടതായി കോടതി കണ്ടെത്തി. 2019 ജനുവരി മുതൽ നവംബർ വരെ, മൊബൈൽ ഫോൺ ചെലവുകൾ, അവധിക്കാല അലവൻസുകൾ തുടങ്ങിയ ചില അധിക ചെലവുകളും വേതനത്തിനൊപ്പം ചേർത്തു. കമ്പനിയുടെ പേറോൾ സിസ്റ്റത്തിന്റെ പാസ്‌വേഡുള്ള ഏക വ്യക്തി ടാൻ ആയിരുന്നു. കമ്പനിയുടെ പ്രിന്ററിൽ ടാൻ്റെ ശമ്പള പ്രസ്താവനയുടെ പകർപ്പ് മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതൊടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. ജീവനക്കാരൻ മാനേജ്‌മെന്റിനെ അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അനധികൃതമായി നേടിയ പണം കുട്ടിയുടെ വിദ്യാഭ്യാസത്തിനും മാതാപിതാക്കളുടെ മെഡിക്കൽ ആവശ്യങ്ങൾക്കായും ചെലവഴിച്ചതായി ടാൻ കോടതിയിൽ പറഞ്ഞു.