ഭാര്യയിൽ നിന്ന് യാത്രകൾ മറച്ചുവയ്ക്കാൻ പാസ്പോർട്ടിൽ കൃത്രിമം; തായ്ലൻഡിലേക്കുള്ള യാത്രയിൽ ഭർത്താവിനെ കാത്തിരുന്നത്!
Mail This Article
ബാങ്കോക്ക്/മുംബൈ ∙ പാസ്പോർട്ടിലെ പേജുകളിൽ കൃത്രിമം കാണിച്ചയാൾ അറസ്റ്റിൽ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്ലയന്റിനൊപ്പം തായ്‌ലൻഡിലേക്ക് ഔദ്യോഗിക യാത്ര നടത്താനിരുന്ന തുഷാർ പവാർ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്തത്. 2023ലും ഈ വർഷവും ബാങ്കോക്കിലേക്കും തായ്‌ലൻഡിലേക്കും ഭാര്യ അറിയാതെ നടത്തിയ യാത്രകൾ മറച്ചുവയ്ക്കാൻ പാസ്‌പോർട്ടിന്റെ 12 പേജുകളിൽ ഇയാൾ കൃത്രിമം കാണിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
3 മുതൽ 10 വരെയുള്ള പേജുകളും 17 മുതൽ 20 വരെ പേജുകളും ഒട്ടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തുഷാറിനെ തടഞ്ഞതെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. മുമ്പ് സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിലേക്ക് നടത്തിയ യാത്രകൾ ഭാര്യയയിൽ നിന്ന് മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് തുഷാർ കുറ്റസമ്മതം നടത്തി. ഇയാളെ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.