തിരുവനന്തപുരം സ്വദേശിയുടെ ‘തമാശ’ കാരണം വിമാനം വൈകിയത് 2 മണിക്കൂർ, പിന്നാലെ അറസ്റ്റ്
Mail This Article
നെടുമ്പാശേരി ∙ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബാണെന്നു പറഞ്ഞ യാത്രക്കാരന്റെ ‘തമാശ’ കാരണം കൊച്ചിയിൽ നിന്നു ബാങ്കോക്കിലേക്കുള്ള തായ് ലയൺ എയർ വിമാനം രണ്ടു മണിക്കൂറിലേറെ വൈകി. വിമാനം ഇന്നലെ പുലർച്ചെ 2.10നു പുറപ്പെടേണ്ടതായിരുന്നു. തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണു മറ്റു യാത്രക്കാരെയും വിമാനത്താവള അധികൃതരെയും വലച്ചത്.
പ്രശാന്തും മകനും ഭാര്യയും അടങ്ങുന്ന കുടുംബവും മറ്റു 4 പേരും ഒന്നിച്ചു ടിക്കറ്റ് എടുത്താണു യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. പ്രശാന്ത് സുരക്ഷാ പരിശോധനയ്ക്ക് എത്തിയപ്പോൾ കൗണ്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ബോംബാണെന്നു തമാശ പറയുകയായിരുന്നു. ഉദ്യോഗസ്ഥർ ഇതു രേഖപ്പെടുത്തി. തുടർന്നു ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
പ്രശാന്തിന്റെ യാത്ര തടഞ്ഞു നെടുമ്പാശേരി പൊലീസിനു കൈമാറി. അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. പ്രശാന്തിന്റെ യാത്ര മുടങ്ങിയതോടെ ഭാര്യയും മകനും യാത്ര റദ്ദാക്കി. വിമാനത്തിനകത്തെ കയറിയ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി ബാഗുകളടക്കം പരിശോധിച്ചതിനാലാണു വിമാനം വൈകിയത്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 4.30നാണു വിമാനം ബാങ്കോക്കിലേക്കു പുറപ്പെട്ടത്.