മെൽബണിൽ ഓണം നേരത്തെ എത്തി; സോഷ്യൽ ക്ലബിന്റെ ഓണാഘോഷത്തിന് ആശംസ നേർന്ന് താരങ്ങളും രാഷ്ട്രീയ നേതാക്കളും
Mail This Article
മെൽബൺ ∙ മെൽബൺ സോഷ്യൽ ക്ലബിന്റെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ പ്രൗഢഗംഭീരമായി കൊണ്ടാടി. മെൽബണിലെ കിയോൺ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10ന് അത്തപ്പൂക്കളമൊരുക്കിയായിരുന്നു ഓണാഘോഷങ്ങൾക്ക് തുടക്കം. മെൽബണിലെ മലയാളി സംഘടനകളിൽ ആദ്യ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു അംഗങ്ങൾ.
ഈശ്വര പ്രാർഥനയോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. കേരളത്തിന്റെ തനിമ കാത്ത് സൂക്ഷിക്കുന്ന വേഷവിധാനങ്ങളോടെ ക്ലബിലെ അംഗങ്ങൾ അണിനിരന്നപ്പോൾ ഓണാഘോഷത്തിന് പകിട്ട് കൂടി. സൈമച്ചൻ – സിന്ധു ചാമക്കാല ദമ്പതികളായിരുന്നു അവതാരകർ. കമ്മിറ്റിയുടെ കോർഡിനേറ്റർ ഷാനി ഫിലിപ്പ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വേഷംകൊണ്ടും ഭാവംകൊണ്ടും മാവേലിയെ അവതരിപ്പിച്ച സ്റ്റീഫൻ ഓക്കാട്ട് ഓണസന്ദേശം നൽകി.
വനിതകൾ തിരുവാതിര വേദിയിൽ അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടി. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന് പരിപാടികളും ഡാൻസും ഓണക്കളികളും ആഘോഷങ്ങൾക്ക് ചാരുത പകർന്നു. തോമസ് തച്ചേട്ട്, മോൻസി പൂത്തുറ, രേണു തച്ചേടൻ, അലക്സ് വെള്ളാപ്പള്ളി, ജോസ് കട്ടപ്പന, റെജി പാറയ്ക്കൻ എന്നിവർ അവതരിപ്പിച്ച കോമഡി ഡ്രാമ വ്യത്യസ്ഥത പുലർത്തി. വിഭവസമൃദ്ധമായ തിരുവോണ സദ്യ ഏവർക്കും രുചിയുടെ രസക്കൂട്ട് സമ്മാനിച്ചു. വൈകുന്നേരം 5 മണിയോടുകൂടി മെൽബൺ സോഷ്യൽ ക്ലബിന്റെ ഓണാഘോഷങ്ങൾക്ക് തിരശീല വീണു.
ആശംസകൾ അറിയിച്ചുകൊണ്ട് കേരളത്തിലെ മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, സിനിമാ താരങ്ങളായ ദിലീഷ് പോത്തൻ, ജിപി, ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പി ബിജു സ്റ്റീഫൻ എന്നിവർ സോഷ്യൽ ക്ലബിന്റെ 6–ാമത് ഓണാഘോഷങ്ങൾക്ക് ആശംസ നേർന്നു.
അടുത്ത രണ്ട് വർഷം മെൽബൺ സോഷ്യൽ ക്ലബിന്റെ കോർഡിനേറ്റർമാരായി അലക്സ് വെള്ളാപ്പള്ളി, ജോസ് കട്ടപ്പന, ഷാജൻ ജോർജ്, ആൽവിൻ ചാമക്കാല, സ്നേഹാ ബാബു മണലേൽ, സൈനു സിറിൾ മൂലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.