എയ്സ് റോയൽ ചാംപ്യൻസ് ലീഗ് ഫൈനൽ: റോയൽ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് മാസ്റ്റേഴ്സും ഏറ്റുമുട്ടും
Mail This Article
പെർത്ത്∙ റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന എയ്സ് റോയൽ ചാംപ്യൻസ് ലീഗ് സീസൺ 3 ന്‍റെ ഫൈനൽ 2024 സെപ്റ്റംബർ 7 ന് രാവിലെ 9ന് തോൺലീ ഹ്യൂം ഓവൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. റോയൽ വാരിയേഴ്സും കേരള സ്ട്രൈക്കേഴ്സ് മാസ്റ്റേഴ്സും തമ്മിലാണ് മത്സരം.
വിജയികൾക്ക് ട്രോഫിയും 2000 ഡോളർ പ്രൈസ് മണിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1000 ഡോളർ പ്രൈസ് മണിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, മാൻ ഓഫ് ദ മാച്ച്, മാൻ ഓഫ് ദ സീരീസ് എന്നീ വിഭാഗങ്ങളിലെ അവാർഡുകളും നൽകുന്നതാണ്.
പെർത്തിലെ പ്രമുഖ എട്ടോളം മലയാളി ക്രിക്കറ്റ് ക്ലബ്ബുകൾ ഈ ലീഗിൽ പങ്കെടുത്തു. കാനിങ് സിറ്റി ഡപ്യൂട്ടി മേയർ അമാൻഡ സ്പെൻസർ, അർമാഡേൽ സിറ്റി കൗൺസിലർ ജിബി ജോയ്, ബിനു ജോസഫ് എയ്‌സ്, വർഗീസ് പുന്നയ്ക്കൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് കമ്മിറ്റിയിൽ അരുൺ ജോസ് (പ്രസിഡന്‍റ്), ജോയ് ജോസഫ് (സെക്രട്ടറി), ഏലിയാസ് അരീക്കൽ (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.
വാർത്ത: മാത്യു ജോൺ