ADVERTISEMENT

ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജിന്‍സൺ ആന്‍റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രി. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയയിലെ ഒരു മന്ത്രിസഭയിൽ ഇത്തരത്തിൽ ഒരു ഉയർന്ന പദവിയിൽ എത്തുന്ന മലയാളി എന്ന നേട്ടവും ഇതോടെ ജിൻസൻ സ്വന്തമാക്കി.

ഓസീസ് മലയാളികൾക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് വിവിധ സംഘടനാ പ്രവർത്തകർ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്റണിയുടെ മൂത്തപുത്രനാണ് ജിന്‍സൺ.

ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജിന്‍സൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു.

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍ ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ അധ്യാപകനുമാണ്. അനുവാണ് ഭാര്യ. പത്തുവയസുകാരിയായ ഐമിയും നാലുവയസുകാരി അന്നയുമാണ് മക്കൾ.

പ്രവാസി മലയാളികൾക്ക് വേണ്ടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ രാജഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്ട് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷനൽ കോഓർഡിനേറ്റർ കൂടിയാണ് ജിൻസൺ ചാൾസ്.

∙ അഭിമാന നിമിഷമെന്ന് ആന്റോ ആന്റണി എംപി
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി അംഗമാകുന്ന മലയാളിയായ ജിൻസൺ ആന്‍റോ ചാൾസിന്റെ നേട്ടം അഭിമാനകരമാണെന്ന് പിതൃസഹോദരനും എംപിയുമായ ആന്റോ ആന്റണി പറഞ്ഞു. കഠിനാധ്വാനിയായ ജിൻസൻ മന്ത്രിയെന്ന നിലയിലും ഏറെ ശോഭിക്കും. വിദ്യാർഥിയായിരിക്കെ 2009 ൽ തനിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഏറെ സജീവമായിരുന്ന ജിൻസന് അന്നു തന്നെ നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും തിരഞ്ഞെടുപ്പു പ്രവർത്തനത്തെക്കുറിച്ചും  അറിവുണ്ടായിരുന്നു എന്നും ആന്റോ ആന്റണി വ്യക്തമാക്കി. 

∙ ജയിച്ചത് 70 ശതമാനത്തോളം വോട്ടിന്
35 രാജ്യങ്ങളിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റക്കാരുടെ നേതാവായും ജിന്‍സൺ തിളങ്ങിയിട്ടുണ്ട്. കുടിയേറ്റക്കാർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങള്‍  മികവുറ്റതായിരുന്നു. ഈ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിച്ചത്. ഭരണപക്ഷത്തുണ്ടായിരുന്ന മന്ത്രിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 70% വോട്ടിനാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചതും. തിരഞ്ഞെടുപ്പിലെ വലിയ വിജയങ്ങളിലൊന്നു നേടിയ ജിൻസൻ മന്ത്രിസഭയിലേക്ക് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ തീരുമാനം ഉണ്ടാകുന്നതു വരെ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 

∙ഓസ്‌ട്രേലിയയുടെ മാറുന്ന രാഷ്ട്രീയ മുഖച്ഛായ അടയാളപ്പെടുത്തുന്ന നേട്ടം
ജിൻസൺ ആന്റോ ചാൾസിന്റെ മന്ത്രിപദവി ഓസ്‌ട്രേലിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മുഖച്ഛായയെ അടയാളപ്പെടുത്തുന്നതാണെന്നും ഇത് രാജ്യത്തിന്റെ സമ്പന്നമായ ബഹുസാംസ്കാരിക സത്വത്തെ പ്രതിഫലിപ്പിക്കുന്നതായും ഓസ്ട്രേലിയൻ മലയാളിയും കണ്ടന്റ് ക്രിയേറ്ററും തൃശൂർ സ്വദേശിയുമായ അഞ്ജലി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം, പുനരധിവാസം എന്നീ മേഖലകളിലും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. 

ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ, ഡാർവിനിലെ ദക്ഷിണേഷ്യൻ സമൂഹത്തെ സംയോജിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ജിന്‍സൺ നിർണായക പങ്ക‌ുവഹിച്ചിട്ടുണ്ട്. സ്വന്തം സാംസ്കാരികവും പൈതൃകവുമായുള്ള മൂല്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ, ഓസ്ട്രേലിയയുടെ പുരോഗതിയിൽ സംഭാവന നൽകാൻ ശ്രമിക്കുന്ന നിരവധി കുടിയേറ്റക്കാരിലൊരാളാണ് അദ്ദേഹം. ഓസ്ട്രേലിയയിൽ പുതിയ രാഷ്ട്രീയ അവസരങ്ങൾ തേടാനും  സമൂഹത്തിന് അർഥപൂർണ്ണമായ സംഭാവന നൽകാനും അദ്ദേഹത്തിന്റെ വിജയം മറ്റു ഇന്ത്യക്കാരെ പോലെ തന്നെയും പ്രചോദിപ്പിക്കുന്നു എന്നും അഞ്ജലി ഗോപാലകൃഷ്ണൻ വ്യക്തമാക്കി. 

∙ പ്രവാസി മലയാളികളുടെ ഉന്നമനത്തിന് സഹായമാകുന്ന നേട്ടം
മലയാളികൾക്ക് അഭിമാനമാണ് ജിൻസന്റെ നേട്ടമെന്ന് ഗ്ലോബൽ മലയാളി അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി. ഡാർവിൻ മലയാളി അസോസിയേഷനിൽ ജിന്‍സൺ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.  ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളുടെ ഉന്നമനത്തിന് ഈ മന്ത്രിസ്ഥാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന്  ഗ്ലോബൽ മലയാളി അസോസിയേഷൻ പ്രവർത്തകർ വ്യക്തമാക്കി. 

English Summary:

Jinson Anto Charls creates history, becomes minister in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com