ക്നാനായ കാത്തലിക്ക് കോൺഗ്രസ്സ് ഓഫ് ഓഷ്യനയുടെ കൺവൻഷന് തിരി തെളിയുന്നു
Mail This Article
മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ്സ് ഓഫ് ഓഷ്യാനയും വിക്ടോറിയാ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ആതിഥ്യം വഹിക്കുന്ന കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി.
ഒക്ടോബർ 4, 5, 6 തീയതികളിൽ മെൽബണിന്റെ ഗ്രേറ്റ് ഓഷ്യൻ റോഡിലുള്ള ലോൺ മന്ത്രാ റിസോർട്ടിൽ ഒക്ടോബർ 4ന് രാവിലെ 10 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് വോളിബോൾ മത്സരങ്ങൾ ആരംഭിക്കും. അംഗങ്ങളുടെ റജിസ്ട്രേഷനുശേഷം ഓഷ്യാന കമ്മിറ്റിയുടെ പ്രസിഡന്റ് സജി കുന്നുംപുറം പതാക ഉയർത്തും.
വൈകുന്നേരം 4.30 ന് മെൽബൺ ക്നാനായ കാത്തലിക്ക് മിഷന്റെ വികാരി ഫാദർ അഭിലാഷ് കണ്ണംമ്പടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പൈതൃകം 2024 ൽ മിസ്റ്റർ ആൻഡ് മിസ്സിസ് ക്നാ മത്സരം, ചെണ്ടമേള മത്സരം, ഓഷ്വാനയിലെ വിവിധ കെസിവൈഎൽ യൂണിറ്റുകൾ അവതരിപ്പിക്കുന്ന സംഘനൃത്ത മത്സരം, വടംവലി മത്സരം, ക്നാനായ തനിമ വിളിച്ചോതുന്ന കൺവൻഷൻ റാലി തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
ഒക്ടോബർ 2ന് വൈകിട്ട് മെൽബൺ എയർപോർട്ടിൽ എത്തിചേരുന്ന 'പൈതൃകം 2024' ലെ വിശിഷ്ഠ അതിഥികളായ ഫാദർ ജോബി പാറയ്ക്കചെരുവിൽ (യുഎസ്എ), ബിജു കെ. സ്റ്റീഫൻ സൂപ്രണ്ടന്റ് ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച് ഇടുക്കി) എന്നിവർക്ക് കൺവൻഷൻ ഭാരവാഹികളും വിവിധ കമ്മറ്റിക്കാരും സ്വീകരണം നൽകും.
പൈതൃകം 2024 കൺവൻഷൻ വിജയിപ്പിക്കുന്നതിന് പ്രസിഡന്റ് സജി കുന്നുംപുറം, സെക്രട്ടറി ഷാജോ തെക്കേവെളിയിൽ, ചെയർമാൻ തോമസ് സജീവൻ, വിവിധ കമ്മറ്റി കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ പൈതൃകം 2024 കൺവൻഷനിൽ ആയിരത്തിൽ അധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.