ദക്ഷിണാഫ്രിക്കയിലെ ‘വ്യാജ വിവാഹവേദി’: 17 ദമ്പതികളെ കബളിപ്പിച്ച ഇന്ത്യൻ വംശജയായ അഭിഭാഷക അറസ്റ്റിൽ
Mail This Article
പ്രിറ്റോറിയ ∙ ദക്ഷിണാഫ്രിക്കയിൽ 17 ദമ്പതികളെ വ്യാജ വിവാഹവേദി ബുക്കിങ്ങിലൂടെ കബളിപ്പിച്ച ഇന്ത്യൻ വംശജയായ അഭിഭാഷകയെ അറസ്റ്റ് ചെയ്തു. 53 വയസ്സുള്ള പ്രീലിൻ മോഹൻലാൽ എന്ന വനിതയാണ് അറസ്റ്റിലായത്. സ്വകാര്യ സുരക്ഷാ കമ്പനിയായ റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്ക (RUSA) ആണ് ഇവരെ കണ്ടെത്തിയത്. ഒരേ ദിവസം ഒരേ വേദിയിൽ വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടറെ ദമ്പതികളിൽ നിന്ന് പണം തട്ടിയെടുത്തതാണ് ഇവർക്കെതിരെയുള്ള കുറ്റം.
പ്രീലിൻ മോഹൻലാലിന്‍റെ അഭിഭാഷകൻ ക്രിസ് ഗൗണ്ടൻ, കബളിപ്പിക്കപ്പെട്ട എല്ലാവർക്കും പണം തിരികെ നൽകുമെന്ന് റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്കയെ അറിയിച്ചു. തട്ടിപ്പിനിരയായവർക്ക് പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇതേ തുടർന്ന് പ്രീലിൻ മോഹൻലാൽ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടേക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രണയത്തിലായ ദമ്പതികളെ വിവാഹവേദിക്കായി വലിയ തുക മുൻകൂറായി നൽകാൻ പ്രേരിപ്പിക്കുകയും എന്നാൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ തട്ടിപ്പ് നടത്തുകയായിരുന്നു പ്രീലിൻ മോഹൻലാലിന്‍റെ രീതി. വേദിയിലെത്തുമ്പോൾ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ വിവാഹദിനം തകരുന്ന അവസ്ഥയാണ് ദമ്പതികൾക്ക് നേരിടേണ്ടി വന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ തട്ടിപ്പിനിരയായ ഒരു ദമ്പതികൾ മോഹൻലാലിനെ കണ്ടെത്താൻ റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്കയുടെ സഹായം തേടിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട മറ്റ് പല ദമ്പതികളെയും റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്ക കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവരായിരുന്നു ഇവർ.
ഗൗതെങ് പ്രവിശ്യയിലെ ബോക്സ്ബർഗ് നോർത്തിൽ നിന്നുള്ള ഒരു ഡിറ്റക്ടീവ് റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്കയെ ബന്ധപ്പെടുകയും മറ്റ് രണ്ട് തട്ടിപ്പ് കേസുകളിൽ ഇതേ പ്രതിയെ തേടുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
റിയാക്ഷൻ യൂണിറ്റ് സൗത്ത് ആഫ്രിക്ക പ്രതിയെ കണ്ടെത്തിയപ്പോൾ, ഒരു ക്ലയന്റിന്‍റെ ട്രസ്റ്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് പണം തട്ടിയതിന് ലോ സൊസൈറ്റി വിലക്കേർപ്പെടുത്തിയ ക്രിമിനൽ അഭിഭാഷകയാണ് താനെന്ന് അവർ പൊലീസിനോട് പറഞ്ഞു. 20 വർഷത്തിലേറെയായി തട്ടിപ്പുകളിൽ ഏർപ്പെടുന്നയാളാണ് പ്രതിയെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അന്വേഷണ സംഘം പിന്നീട് കണ്ടെത്തി.
വ്യാജ വിവാഹവേദി തട്ടിപ്പ് നടത്തിയെന്ന ആരോപണം പ്രതി നിഷേധിച്ചു. തന്‍റെ ബിസിനസ് പ്രതിസന്ധിയിലായിരുന്നുവെന്നും വിവാഹം റദ്ദാക്കിയവർക്ക് പണം തിരികെ നൽകാൻ ബുദ്ധിമുട്ട് നേരിടുകയായിരുന്നുവെന്നും അവർ പറഞ്ഞു.