ഗ്രീസിൽ ഗർഭിണിയായ അധ്യാപിക കുന്നിൻമുകളിൽ നിന്ന് വീണ് മരിച്ചു

Mail This Article
ഏഥൻസ്∙ ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുന്നിൻമുകളിൽ നിന്ന് വീണ് ഗർഭിണിയായ അമേരിക്കൻ അധ്യാപിക മരിച്ചു. സാന്താ ബാർബറയിൽ നിന്നുള്ള 33 കാരിയായ ക്ലാര തോമൻ ആണ് അപകടത്തിൽ മരിച്ചത്. ഡിസംബർ 23ന് പ്രിവേലി മൊണാസ്ട്രിക്ക് സമീപം ട്രെക്കിങ് നടത്തുന്നതിനിടെയാണ് അപകടം. 164 അടി താഴ്ചയിലേക്ക് വീണ ക്ലാരയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
ക്ലാര ആറുമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥ ശിശുവുംഅപകടത്തിൽ മരിച്ചു. ഡിസംബർ 29 നാണ് ക്ലാരയും മരണത്തിന് കീഴടങ്ങിയത്. ക്ലാരയുടെ കരൾ, വൃക്ക, കോർണിയ എന്നിവ ദാനം ചെയ്തതായി ചാനിയ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.
ക്ലാരയുടെ ഭൗതികശരീരം പുതുവത്സര ദിനത്തിൽ ഏഥൻസിലേക്ക് കൊണ്ടുപോയി ജനുവരി 3ന് സംസ്കരിച്ചു. ക്ലാരയുടെയും പങ്കാളി എലിയറ്റ് ഫിന്നിന്‍റെയും ആഗ്രഹപ്രകാരം ഗ്രീസിലും തുർക്കിയിലുമായി ചിതാഭസ്മം വിതറുമെന്ന് കുടുംബം അറിയിച്ചു. ഡോസ് പ്യൂബ്ലോസ് ഹൈസ്കൂളിലെ പ്രിൻസിപ്പൽ ബിൽ വുഡാർഡ് ക്ലാരയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.