റസ്റ്ററന്‍റിന് തീവയ്ക്കാൻ ശ്രമിച്ചയാളുടെ വസ്ത്രത്തിന് തീപിടിച്ചു; രക്ഷപ്പെടാൻ പാന്‍റസ് ഊരിയെറിഞ്ഞ് ഓട്ടം, വിഡിയോ വൈറൽ

Mail This Article
മെൽബൺ∙ ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്‍റിൽ തീവയ്ക്കാൻ ശ്രമിച്ചയാൾ സ്വന്തം പാന്‍റസിന് തീപിടിച്ച് ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 2:40 ഓടെയാണ് സംഭവം.
വെളുത്ത ടൊയോട്ട ടാരഗോയിൽ എത്തിയ രണ്ട് പേർ റസ്റ്ററന്‍റിന് മുന്നിൽ എളുപ്പം തീപിടിക്കുന്ന ദ്രാവകം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തിയപ്പോൾ ഒരാളുടെ പാന്‍റസിൽ തീപിടിച്ചു. തീ കെടുത്താൻ പാന്‍റസ് ഊരിയെറിഞ്ഞ് അയാൾ ഓടി രക്ഷപ്പെട്ടു. മൂന്നാമതൊരാൾ വാഹനം ഓടിച്ചു കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.
സംഭവത്തിന്‍റെ വിഡിയോ പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തീപിടിച്ച പാന്‍റസുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. 7 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പ്രതിയെ പരിഹസിച്ചു കൊണ്ടുള്ള നിരവധി കമന്‍റുകളും വിഡിയോയ്ക്ക് ലഭിച്ചു.
"ഇത് ഒരു കോമഡി സിനിമ പോലെയാണ്," "ഡിഎൻഎ പരിശോധനയ്ക്കായി ഉപേക്ഷിച്ച പാന്‍റസ് അയയ്ക്കണം" തുടങ്ങിയ കമന്‍റുകളാണ് ഏറെയും. "ദൃശ്യങ്ങൾ അനുസരിച്ച് അയാൾക്ക് ഇരിക്കാൻ വളരെ വേദനയുണ്ടാകുമായിരിക്കും" ഡയാൻ ജോയ് പറഞ്ഞു.