ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Mail This Article
മിയാസാക്കി∙ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്.
പ്രാദേശിക സമയം രാത്രി 9.19നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു. ജാപ്പനീസ് സീസ്മിക് സ്കെയിലിൽ ഭൂചലനത്തിന് അഞ്ചിൽ താഴെ തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂചലനത്തിൽ വീടുകൾക്കും റോഡുകൾക്കും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാറക്കെട്ടുകൾ ഇടിഞ്ഞുവീഴാനും മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. സെൻഡായിലെയും ഇക്കാറ്റയിലെയും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്ന് ഷിക്കോക്കു ഇലക്ട്രിക് പവർ അറിയിച്ചു.
ഭൂചലനത്തിന്‍റെ ആഘാതം പൂർണമായി വ്യക്തമായിട്ടില്ല. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നതനുസരിച്ച്, ഭൂചലനം 37 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ജനങ്ങൾ തീരപ്രദേശങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. "സുനാമി ആവർത്തിച്ച് ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. കടലിൽ പ്രവേശിക്കുകയോ തീരപ്രദേശങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്" എന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി സമൂഹ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.