‘ഒരു മുറിയിൽ 130 പേർ, എല്ലായിടത്തും ഉറുമ്പുകളും പാറ്റകളും’; തായ്ലൻഡിലെ ജയിലുകളിലെ ജീവിതം തുറന്നുകാട്ടി വിനോദസഞ്ചാരി

Mail This Article
ബാലി∙ തായ്ലൻഡിലെ ജയിലുകളിലെ ദുരിത പൂർണ്ണമായ ജീവിതം ദൃശ്യങ്ങൾ സഹിതം വെളിപ്പെടുത്തി ബ്രിട്ടിഷ് ടൂറിസ്റ്റ്. 29 കാരനായ മുൻ സൈനികൻ രണ്ട് പൊലീസ് സെല്ലുകളിലും ബാങ്കോക്ക് നാടുകടത്തൽ കേന്ദ്രത്തിലുമായി 15 ദിവസം തടവിലായിരുന്നു. വീസ കാലാവധി കഴിഞ്ഞതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
"നരകതുല്യമായ അവസ്ഥയായിരുന്നു അവിടെ. വായുസഞ്ചാരമില്ലാത്ത മുറിയിൽ 130 പേർ. ആഴ്ചയിൽ ഒരു മണിക്കൂർ മാത്രമേ പുറത്തിറങ്ങാൻ കഴിയുമായിരുന്നുള്ളൂ.വൃത്തികെട്ട കുളിമുറിയിൽ തണുത്ത വെള്ളത്തിൽ കഴുകിയ ട്രേകളിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എല്ലായിടത്തും ഉറുമ്പുകളും പാറ്റകളും. മാലിന്യം കുന്നുകൂടി കിടക്കും
അറസ്റ്റ് ചെയ്യുമ്പോൾ പൊലീസുകാർ വളരെ അക്രമാസക്തരായിരുന്നു. പൊതുശൗചാലയത്തിൽ വച്ച് രണ്ട് പൊലീസുകാർ എന്നെ മർദിച്ചു. ലോറിയിൽ കയറ്റി കൈവിലങ്ങ് ഇട്ടു. എനിക്ക് തലയ്ക്ക് പരുക്കേറ്റു. സെൽ വളരെ ചെറുതാണ്. കിടക്കാൻ പോലും സ്ഥലമില്ല. ലാവോസിൽ നിന്നുള്ള ഗർഭിണിയായ ഒരു പെൺകുട്ടി വളരെ ബുദ്ധിമുട്ടിലായിരുന്നു. പെൺകുട്ടി എപ്പോഴും കരയുകയായിരുന്നു. അതേ വലിപ്പമുള്ള മറ്റൊരു സെല്ലിൽ 13 പേരുണ്ടായിരുന്നു.
പിന്നീട് ബാങ്കോക്കിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെയാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന അവസ്ഥകൾ കണ്ടത്. 130 തടവുകാർക്ക് നാല് ടോയ്‌ലറ്റുകൾ. ഒരു ബക്കറ്റ് തണുത്ത വെള്ളത്തിൽ നിന്ന് ചെറിയ പാത്രങ്ങളിൽ വെള്ളമെടുത്താണ് കുളി. ആഴ്ചയിൽ ഒരിക്കൽ ഒരു മണിക്കൂർ നടക്കാൻ മാത്രമേ പുറത്തിറങ്ങാൻ കഴിയുമായിരുന്നുള്ളൂ.
ഒരു മൂലയിൽ ഇരുന്ന് ചെറിയ നൂഡിൽസ് വിറ്റിരുന്ന ഒരാളുണ്ടായിരുന്നു. അതായിരുന്നു ഞാൻ കഴിച്ചിരുന്ന ഏക ഭക്ഷണം.അഞ്ച് ദിവസം അവിടെ കഴിഞ്ഞു. അമ്മ ബ്രിട്ടിഷ് എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് ഏർപ്പാടാക്കി. നാടുകടത്തൽ കേന്ദ്രത്തിൽ ഒരു രാത്രിക്ക് 500 ബാറ്റ് (11.94 യൂറോ) വീതം അഞ്ച് രാത്രികൾക്കുള്ള ചെലവും നൽകിയാണ് മോചിതനായത്.
ഒരിക്കൽ അകത്തുകടന്നാൽ പിന്നെ ആരുമായും ബന്ധപ്പെടാൻ കഴിയില്ല. പണം എടുക്കാനും വഴിയില്ല. പുറത്തുള്ള ആരെങ്കിലും നിങ്ങൾക്കുവേണ്ടി പോരാടുന്നില്ലെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷയില്ല.
എനിക്ക് ഫോൺ അകത്തുകൊണ്ടുപോകാൻ കഴിഞ്ഞത് ഭാഗ്യമായി. അമ്മ എംബസിയുമായി ബന്ധപ്പെട്ടു. അല്ലെങ്കിൽ ഞാൻ ഇപ്പോഴും അവിടെയായിരിക്കും. നാടുകടത്തൽ കേന്ദ്രം ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ സ്ഥലമാണ്.
എനിക്ക് ഇതെല്ലാം മറക്കണം. പക്ഷേ, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾ അറിയേണ്ടത് പ്രധാനമാണ്. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ ചെറിയ ഫീസ് നൽകിയാൽ മതിയെന്ന് പലരും കരുതുന്നു. പക്ഷേ, അത് ചെയ്യരുത്. അപകടസാധ്യത ഒഴിവാക്കുക. " –യുവാവ് വ്യക്തമാക്കി.
മുൻ കാമുകിയുമായുള്ള തർക്കത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് യുവാവ് പറഞ്ഞു. പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ വീസ പുതുക്കാൻ കുറച്ച് ദിവസം വൈകിയതായി കണ്ടെത്തി. ഉടൻ വിട്ടയക്കാൻ 500 ബാറ്റിന് (11.80 യൂറോ) പകരം 50,000 ബാറ്റ് (1,180 യൂറോ) നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അത് നൽകാൻ കഴിഞ്ഞില്ല. പിറ്റേന്ന് കോടതിയിൽ ഹാജരാക്കി. വീസ കാലാവധി കഴിഞ്ഞതിന് 2,000 ബാറ്റും (47 യൂറോ) തടങ്കലിൽ കഴിഞ്ഞതിന് 500 ബാറ്റും (11.80 യൂറോ) പിഴയൊടുക്കി.
കഴിഞ്ഞ ഏപ്രിലിലാണ് യുവാവ് തായ്‌ലൻഡിൽ എത്തിയത്. ബിസിനസ്സ് തുടങ്ങാനും അവിടെ സ്ഥിരതാമസമാക്കാനുമായിരുന്നു പദ്ധതി. എന്നാൽ നവംബറിൽ പട്ടായയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഡിസംബർ അഞ്ച് വരെ തടങ്കലിലായിരുന്നു.