ഒടുവിൽ കുടുങ്ങി, വിദേശത്ത് നിന്ന് എത്തിയത് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ; വെടിവയ്പ് കേസിൽ വനിതാ ഡോക്ടറുടെ സുഹൃത്ത് അറസ്റ്റിൽ

Mail This Article
കൊല്ലം ∙ കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ച കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സുഹൃത്ത് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ‘പങ്കജി’ൽ സുജിത് ഭാസ്കരനെ(41)യാണു കണ്ണനല്ലൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഏറെ നാളായി മാലദ്വീപിലെ ആശുപത്രിയിൽ പിആർഒ ആയി ജോലി നോക്കുകയായിരുന്നു ഇയാൾ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികമായി അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റായ വനിതാ ഡോക്ടറും ഇവിടെ പിആർഒ ആയിരുന്ന സുജിത് ഭാസ്കരനും ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഈ ബന്ധം പിന്നീട് വഷളായി. ഇതിനിടെ സുജിത് മാലദ്വീപിലേക്കു പോയി. ഇതോടെ ഫോൺ വഴിയുള്ള ബന്ധവും കുറഞ്ഞു. അകൽച്ചയ്ക്കു കാരണം സുജിത്തിന്റെ ഭാര്യയാണെന്ന വൈരാഗ്യത്താൽ കഴിഞ്ഞ ജൂലൈ 28നു വനിതാ ഡോക്ടർ സുജിത്തിന്റെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കുറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞു വീട്ടിലെത്തിയ വനിതാ ഡോക്ടർ ആളെ തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റും വ്യാജമായിരുന്നു.
ഓൺലൈൻ വഴി വാങ്ങിയ എയർ പിസ്റ്റൾ ഉപയോഗിച്ചു വനിതാ ഡോക്ടർ 3 തവണ വെടിയുതിർത്തെങ്കിലും ഒരെണ്ണം വലതു കയ്യിൽ കൊണ്ടു സുജിത്തിന്റെ ഭാര്യയ്ക്കു പരുക്കേറ്റു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണു കൊല്ലത്തെ ആശുപത്രിയിൽ നിന്ന് വനിതാ ഡോക്ടർ പിടിയിലായത്. പിടിയിലായതിനു പിന്നാലെ ഇവർ സുജിത് ഭാസ്കരനെതിരെ പരാതി നൽകിയിരുന്നു. 84 ദിവസം ജയിലിലായിരുന്ന വനിതാ ഡോക്ടർക്കു ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചു.
സുജിത് ഭാസ്കരനു വേണ്ടി പൊലീസ് വല വിരിച്ചെങ്കിലും ഇയാൾ രാജ്യം വിട്ടു. തുടർന്നാണു ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.രാജേഷ്, എസ്ഐ രാജേന്ദ്രൻപിള്ള, സിപിഒമാരായ പ്രമോദ്, ഷാനവാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.