റിപ്പബ്ലിക് ദിനത്തിനായി സുന്ദരനൃത്തശിൽപം അവതരിപ്പിച്ച് ‘സ്റ്റെപ്‌സ് ഓഫ് യൂണിറ്റി’

Mail This Article
സിഡ്നി ∙ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സംഗീത – നൃത്ത വിഡിയോ 'സ്റ്റെപ്‌സ് ഓഫ് യൂണിറ്റി' അവതരിപ്പിച്ച് സിഡ്നിയിലെ ഇന്ത്യൻ കലാകാരന്മാർ. സിഡ്‌നിയിലെ പ്രഗത്ഭരായ അൻപതോളം ഇന്ത്യൻ കലാകാരന്മാരുടെ കൂട്ടമാണ് ഇന്ത്യയുടെ വൈവിധ്യമാർന്ന നൃത്തരൂപങ്ങളുമായി ഈ സംഗീത–നൃത്ത വിഡിയോയിൽ അണിചേർന്നത്.
ഭരതനാട്യം മുതൽ ഭാംഗ്ര, കഥക്, നാടോടി നൃത്തങ്ങൾ, രാജ്യത്തുടനീളമുള്ള താളം, സംഗീതം, ചലനങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഇന്ത്യയുടെ വൈവിധ്യമാർന്ന നൃത്തരൂപങ്ങളാണ് ഈ വിഡിയോയിലുള്ളത്. നിഷാ മന്നത്ത് വിഭാവനം ചെയ്‌ത്, എസ്എസ് സ്റ്റുഡിയോ – സിഡ്നി അവതരിപ്പിച്ച ഈ വിഡിയോയ്ക്ക് സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും പിന്തുണ ലഭിച്ചു.
എട്ടു മിനിറ്റ് സംഗീത നൃത്ത വിഡിയോയിൽ 13 വ്യത്യസ്ത നൃത്തരൂപങ്ങളാണുള്ളത്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ മനോഹരമായി പ്രദർശിപ്പിക്കുന്നതിനൊപ്പം ഐക്യം, ദേശീയ അഖണ്ഡത, ഏകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിഡിയോയാണിത്.
ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ പുതുപതിപ്പിന്റെ പശ്ചാത്തലത്തിലാണ് നൃത്തങ്ങൾ വിഡിയോയിൽ അവതരിപ്പിച്ചത്.