കിവി നാട്ടിലെ ഇന്ത്യൻ രുചി; പേരിലെ കൗതുകം വിജയിപ്പിച്ച ‘മലയാളികളുടെ അറേഞ്ച്ഡ് മാര്യേജ്'

Mail This Article
വെല്ലിങ്ടൻ ∙ ന്യൂസീലൻഡിന്റെ മണ്ണിൽ പന്ത്രണ്ട് വർഷമായി മലയാളികളുടെ രുചിപെരുമയിൽ എല്ലാവരുടെയും വിശപ്പിന് മറുപടി പറയുന്നൊരു കൊച്ചു കേരളമുണ്ട് - 'അറേഞ്ച്ഡ് മാര്യേജ്' റസ്റ്ററന്റ്! . ആദ്യം 'കഥകളി' എന്ന പേരിൽ അരങ്ങേറ്റം കുറിച്ച ഈ രുചിക്കൂട്ട് പിന്നീട് പേരുമാറ്റി 'അറേഞ്ച്ഡ് മാര്യേജ്' ആയി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്. ന്യൂസീലൻഡിലുള്ളവർക്ക് കഥകളി എന്ന് പറയുന്നതിലെ പ്രയാസം മനസ്സിലാക്കിയാണ് 2018ൽ അറേഞ്ച്ഡ് മാര്യേജ് എന്ന പേരിട്ടത്.
തൊടുപുഴക്കാരായ ശ്രീജിത്തും മാനുവലും ചേർന്നൊരുക്കിയ ഈ സംരംഭം 2012ൽ കഥകളി എന്ന പേരിൽ ആരംഭിച്ച് 2015ൽ പാമർസ്റ്റൺ നോർത്തിലേക്ക് തട്ടകം മാറ്റി. 2018ൽ പേര് 'അറേഞ്ച്ഡ് മാര്യേജ്' എന്നാക്കിയതോടെ ഈ റസ്റ്ററന്റ് കൂടുതൽ ശ്രദ്ധ നേടി. പേരിൽ തന്നെ ചെറിയൊരു കൗതുകം ഒളിഞ്ഞിരിക്കുന്നുണ്ട്. സമൂഹ മാധ്യമത്തിലൂടെ റസ്റ്ററന്റിന്റെ പേര് കേട്ട് എത്തുന്നവർ പിന്നീട് ഇവിടുത്തെ രുചി അറിഞ്ഞ് വീണ്ടുമെത്തും.
ഉയർന്ന വിലയും ജീവനക്കാരുടെ കുറവുമാണ് ഈ സംരംഭം നേരിടുന്ന വെല്ലുവിളികൾ. മണിക്കൂറിന് 23.15 ഡോളർ വേതനം നൽകേണ്ടി വരുന്നത് ജീവനക്കാരെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നിരുന്നാലും, 800 മുതൽ 1000 വരെ മലയാളികൾ താമസിക്കുന്ന പാമർസ്റ്റൺ നോർത്തിൽ ഈ റസ്റ്ററന്റ് വിജയകരമായി മുന്നേറുകയാണ്. ന്യൂസീലൻഡിലേക്ക് കൂടുതൽ നഴ്സുമാർ എത്തുന്നതും ഈ മേഖലയിലെ മലയാളി സാന്നിധ്യം വർധിപ്പിക്കുന്നു.


പൊറോട്ട, അപ്പം, ബീഫ് ഫ്രൈ, ചിക്കൻ റോസ്റ്റ്, വെജിറ്റബിൾ സ്റ്റ്യൂ തുടങ്ങിയ നാടൻ വിഭവങ്ങൾ 'അറേഞ്ച്ഡ് മാര്യേജ്' റസ്റ്ററന്റിൽ ലഭ്യമാണ്. കിവി നാട്ടിലെ മലയാളി രുചി ആസ്വദിക്കാൻ ഒട്ടറെ പേരാണ് 'അറേഞ്ച്ഡ് മാര്യേജ്' റസ്റ്ററന്റിലെത്തുന്നത്.