'ചെലവ് ചുരുക്കാൻ' എല്ലാ ദിവസവും വിമാന യാത്ര; ഇത് 'സൂപ്പർ അമ്മ', കയ്യടിച്ച് സോഷ്യൽ മീഡിയ

Mail This Article
ക്വാലലംപൂർ ∙ എല്ലാ ദിവസവും രാവിലെ നിരവധി ആളുകളാണ് കാർ, ബസ്, മെട്രോ, ഓട്ടോ തുടങ്ങി വ്യത്യസ്ത ഗതാഗത മാർഗങ്ങളിലൂടെ ജോലിക്ക് പോകുന്നത്. എന്നും രാവിലെ തിരക്കിട്ട് ഓഫിസിലെത്തുന്ന ഒരു വനിതയാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം. വിമാനത്തിലാണ് എന്നും രാവിലെ റേച്ചൽ കൗർ എന്ന സ്ത്രീ ജോലിക്ക് പോകുന്നത്.
അവധി ആഘോഷിക്കാനോ ബിസിനസ്സ് യാത്രകൾക്കോ അല്ല റേച്ചൽ വിമാനം ഉപയോഗിക്കുന്നത് പകരം എല്ലാ ദിവസവും ജോലിക്ക് പോകാനാണ്. കൗതുകത്തോടെയാണ് ഈ വാർത്ത സമൂഹ മാധ്യമം ഏറ്റെടുത്തത്.
ഇന്ത്യൻ വംശജയായ റേച്ചൽ കൗർ മലേഷ്യൻ സംസ്ഥാനമായ പെനാങ്ങിലാണ് കുടുംബമായി താമസിക്കുന്നത്. മലേഷ്യയിലെ എയർ ഏഷ്യയുടെ ഫിനാൻസ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് മാനേജരാണ് റേച്ചൽ.
പുലർച്ചെ 4 മണിക്ക് ഉണരുന്ന റേച്ചൽ, 5 മണിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടും, 5:55 ന് പെനാങ്ങിൽ നിന്ന് ക്വാലലംപൂരിലേക്കുള്ള വിമാനത്തിൽ കയറും. രാവിലെ 7:45 ന് അവർ ഓഫിസിലെത്തും, രാത്രി 8:00 ന് വീട്ടിലേക്ക് മടങ്ങും. 12 ഉം 11 ഉം വയസ്സുള്ള തന്റെ രണ്ട് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും റേച്ചൽ മറക്കാറില്ല.
മുൻപ് ക്വാലലംപൂരിൽ ഒരു വീട് വാടകയ്‌ക്കെടുക്കുകയും ആഴ്ചയിൽ ഒരിക്കൽ മാത്രം തന്റെ കുടുംബത്തെ സന്ദർശിച്ചിരുന്ന റേച്ചൽ 2024ലാണ്, ഓഫിസിലേക്ക് ദിവസവും വിമാനയാത്ര നടത്താൻ തീരുമാനിച്ചത്. വീട് വാടകയ്‌ക്കെടുത്ത് നിന്നതിനേക്കാൾ ചെലവ് കുറവാണ് എന്നും വിമാനയാത്രയ്ക്കായി ചെലവഴിക്കുന്നതെന്ന് റേച്ചൽ പറയുന്നു. മുൻപ് 41,000 രൂപയാണ് ചെലവഴിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് 27,000 രൂപയായി കുറഞ്ഞു.
ആഴ്ചയിൽ അഞ്ച് ദിവസവും വിമാന യാത്രയിലൂടെ തനിക്ക് എല്ലാ ദിവസവും വീട്ടിലേക്ക് പോകാൻ കഴിയും. രാത്രിയിൽ മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുന്നു എന്ന് സിഎൻഎ ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ റേച്ചൽ പറഞ്ഞു.