മാരിടൈം വിദഗ്ധരുടെ സംഗമ വേദിയായി 'മൈറ്റി മാരിനർ ഇവന്റ് ' ശ്രദ്ധേയമായി

Mail This Article
കൊച്ചി ∙ മാരിടൈം കരിയർ വികസനം ലക്ഷ്യമിട്ട് കൊച്ചി കിഴക്കമ്പലത്തെ യൂറോടെക് മാരിടൈം അക്കാദമിയിൽ സംഘടിപ്പിച്ച 'മൈറ്റി മാരിനർ ഇവന്റ്' ശ്രദ്ധേയമായി. ഇന്റർനാഷനൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് (ഐഎംഐ)ആണ് ഇന്റർനാഷനൽ മാരിടൈം ക്ലബ് (ഐഎംസി), ഏരീസ് എനർജി, ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഐഎംആർഐ), ഏരീസ് ഓവർസീസ് സർവീസസ് എന്നിവയുടെ പങ്കാളിത്തത്തിൽ ഇവന്റ് സംഘടിപ്പിച്ചത്.
യൂറോടെക് മാരിടൈം അക്കാദമി ഡയറക്ടർ ബാബു ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ക്യാപ്റ്റൻ ബിജു.ടി.വർഗീസ്, ക്യാപ്റ്റൻ ഹരിദാസ്, ക്യാപ്റ്റൻ കെ.ജെ.ഹിൽറോയ് ക്രിസ്റ്റി, ഏരീസ് ഗ്രൂപ്പ് ആർ ആൻഡ് ഡി സീനിയർ ഡയറക്ടർ ബസന്ത് കൊനട്ട്, എഐഎംആർഐ ചീഫ് എജ്യൂക്കേറ്റർ സാന്ദ്ര.കെ.അനിൽ എന്നിവർ സന്നിഹിതരായിരുന്നു.
മാരിൈടം രംഗത്തെ വ്യവസായിക നേതാക്കളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും മാരിടൈം പ്രഫഷനലുകളുടെയും സംഗമമായി പരിപാടി മാറി. വെർച്വൽ വേദിയിലൂടെ പങ്കെടുത്ത എഐഎംആർഐ, ഐഎംഐ, ഐഎംസി സ്ഥാപകൻ സോഹൻ റോയ് മാരിടൈം മേഖലയിലെ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് പങ്കുവെച്ചു.
സുസ്ഥിര ഷിപ്പ് ഡിസൈൻ സംബന്ധിച്ച് ക്യാപ്റ്റൻ കെ.ജെ.ഹിൽറോയ് ക്രിസ്റ്റി, രാജ്യാന്തര ഷിപ്പിങ് മേഖലയിലെ ഊർജ കാര്യക്ഷമതയെക്കുറിച്ച് ഏരീസ് ഗ്രൂപ്പ് ആർ ആൻഡ് ഡി സീനിയർ ഡയറക്ടർ ബസന്ത് കൊനട്ട്, മാരിടൈം വ്യവസായത്തിനായുള്ള മികച്ച ടാലന്റ് സൊലൂഷനുകളെക്കുറിച്ച് എഐഎംആർഐ ചീഫ് എജ്യൂക്കേറ്റർ സാന്ദ്ര.കെ.അനിൽ എന്നിവർ വിശദമാക്കി. കടൽ ജീവിതത്തിനിടയിലെ മാനസിക സുരക്ഷയെയും മാനസികാരോഗ്യത്തെക്കുറിച്ചും ഡോ.ദീപ്തി മൻകാഡ്, കപ്പലുകളുടെ അറ്റകുറ്റപണികളെക്കുറിച്ച് അറബ് അക്കാദമി ഫോർ സയൻസിലെ മാരിടൈം റിസർച്ച് വൈസ് ഡീൻ ഡോ.അഹമ്മദ്.എ.സ്വെയ്ദൻ എന്നിവർ വിശദീകരിച്ചു.

സമഗ്രമായ ടൈം മാനേജ്മെന്റ്, വ്യക്തിഗത വളർച്ചാ നയങ്ങൾ എന്നിവയിലൂടെ മാരിടൈം രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത എഐഎംആർഐയുടെ അംഗീകൃത സംരംഭമായ 'ഹർടോയ്സ് സർട്ടിഫിക്കേഷൻ' പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദമായ അവതരണവും പ്രോഗ്രാമിലെ പ്രധാന പരിപാടികളിലൊന്നായിരുന്നു. പ്രീ–സീ നോട്ടിക്കൽ എച്ച്ഒഡി ക്യാപ്റ്റൻ രാജീവ് മേനോൻ നന്ദി പറഞ്ഞു.