പാർലമെന്റ് വളപ്പിൽ കഴിഞ്ഞ ഖൊയ്സാൻ രാജാവിനെ ദക്ഷിണാഫ്രിക്ക പുറത്താക്കി

Mail This Article
പ്രിട്ടോറിയ ∙ ദക്ഷിണാഫ്രിക്കയുടെ പാർലമെന്റും പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്സ് വളപ്പിൽ സമരത്തിന്റെ ഭാഗമായി കൂടാരമടിച്ചു താമസിച്ചുവന്ന ഖൊയ്‌സാൻ രാജാവിനെയും കൂട്ടരെയും ദക്ഷിണാഫ്രിക്കൻ അധികൃതർ പുറത്താക്കി. 6 വർഷമായി ഖൊയ്സാൻ ഗോത്രങ്ങളിലെ അംഗങ്ങൾ സമരവുമായി ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കയിലെ സുപ്രീം കോടതി കഴിഞ്ഞവർഷം ഡിസംബർ 11നു പുറപ്പെടുവിച്ച വിധിയനുസരിച്ചാണു നീക്കമെന്നു അധികൃതർ വിശദീകരണം ഇറക്കിയിട്ടുണ്ട്
∙ ആരാണ് ഖൊയ്സാൻ?
ദക്ഷിണാഫ്രിക്കയിലെ ഖൊയ്ഖൊയ്, സാൻ എന്നീ ഗോത്രങ്ങൾ യോജിച്ചാണു ഖൊയ്സാൻ ഗോത്രമുണ്ടായത്. രാജ്യത്തെ ആദ്യത്തെ ജനതയെന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും സംസ്കാരവും നഷ്ടമാകുന്ന മട്ടാണ്. ദക്ഷിണാഫ്രിക്കയുടെ കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്യരിൽ നിന്നും പിന്നീട് ജനാധിപത്യ കാലഘട്ടത്തിൽ സർക്കാരിൽ നിന്നും ഈ പ്രാചീന ജനത അവഗണനകൾ ഏറ്റുവാങ്ങുകയാണെന്നു നിരീക്ഷകർ പറയുന്നു.
പ്രകൃതിയോട് വളരെയേറെ ഇണങ്ങി ജീവിക്കുന്ന ഇവർക്ക് ഔഷധമൂല്യമുള്ള ചെടികളും സസ്യങ്ങളും കണ്ടെത്താനും അതു സംസ്കരിക്കാനും വലിയ കഴിവുണ്ട്. കാലാവസ്ഥാ വ്യതിയാനവും വൻതോതിലുള്ള വ്യവസായവത്കരണവും ഖൊയ്സാൻ ഗോത്രത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ആഘാതങ്ങളുണ്ടാക്കുകയും അവയുടെ ജനസംഖ്യ വൻതോതിൽ കുറയ്ക്കുകയും ചെയ്തു.
ഇന്ന് മൂവായിരത്തിൽ താഴെ മാത്രമാണ് ഈ ആദിമ ജനതയുടെ മൊത്തം ജനസംഖ്യ. ഖൊയ്സാനുകൾ ജീവിച്ചിരുന്ന ഒരു ഗ്രാമത്തിലേക്ക് വ്യവസായ പദ്ധതി വരുന്നതിനെതിരെ ഇവർ സമരം ചെയ്തിരുന്നു. തങ്ങളെ ആദ്യ ഗോത്രമായി അംഗീകരിക്കുക ഉൾപ്പെടെ വിവിധ ഡിമാൻഡുകൾ മുന്നോട്ടുവച്ചാണു ഖൊയ്സാനുകളുടെ സമരം.
∙ കഞ്ചാവ് കൃഷി ചെയ്ത രാജാവ്
ഖൊയ്സാൻ രാജാവ് 2022ൽ പൊലീസ് പിടിയിലായിരുന്നു. പാർലമെന്റ് വളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയതിനായിരുന്നു ഇത്. രാജാവ് നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചുപറിച്ച് ദൂരെയെറിയുന്നതിന്റെയും ഇതിനു തടയിടാനായി കഞ്ചാവ് ചെടികളിൽ കെട്ടിപ്പിടിച്ച് ഖൊയ്സാൻ രാജാവ് പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ അന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി.
ദഗ്ഗ എന്നാണ് കഞ്ചാവ് ദക്ഷിണാഫ്രിക്കയിൽ അറിയപ്പെടുന്നത്. തന്റെ കഞ്ചാവ് കൃഷി നശിപ്പിച്ചതിലൂടെ പൊലീസ് വിനാശം ക്ഷണിച്ചുവരുത്തിയെന്നും യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഖൊയ്സാൻ രാജാവ് ആഹ്വാനമിറക്കിയതോടെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
പാർലമെന്റ് വളപ്പിൽ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തത്, കോവിഡ് വ്യാപനം ശക്തമായിരിക്കെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നത് തുടങ്ങിയവയാണ് അന്ന് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ. അറസ്റ്റിലായ രാജാവിനെ വിട്ടുകിട്ടാനായി ഖൊയ്സാൻ ഗോത്രവംശജർഗോത്ര ആചാരങ്ങളും പ്രാർഥനകളും അന്നു നടത്തിയിരുന്നു. ഖൊയ്സാൻ രാജാവിന്റെ ഭാര്യയും ഗോത്രവംശജരുടെ റാണിയുമായ സിന്തിയ കഴിഞ്ഞ മാസം അപകടത്തിൽ മരിച്ചിരുന്നു.