എട്ടാം വയസ്സ് മുതൽ വീട്ടുജോലി, ചോക്ലേറ്റിന്റെ പേരിൽ ക്രൂരമർദ്ദനം; 13 വയസ്സുകാരി കൊല്ലപ്പെട്ടു

Mail This Article
ഇസ്ലാമാബാദ് ∙ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുസഹായിയായി ജോലി ചെയ്തിരുന്ന 13 വയസ്സുള്ള പെൺകുട്ടിയെ ദമ്പതികൾ ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇക്ര എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ പഞ്ചാബിലാണ് വീട്ടുസഹായിയായി ജോലി ചെയ്തിരുന്ന പെൺകുട്ടി ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഇക്രയെ കൊലപ്പെടുത്തിയ തൊഴിലുടമകളും ദമ്പതികളുമായ റാഷിദ് ഷഫീഖ്, ഭാര്യ സന ഇവരുടെ സുഹൃത്തു കൂടിയായ അധ്യാപിക എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ ഇക്രയെ ആശുപത്രിയിലെത്തിച്ചത് അധ്യാപികയാണ്. ഇക്രയുടെ പിതാവ് മരിച്ചെന്നും അമ്മ അടുത്തില്ലെന്നും പറഞ്ഞാണ് ഇക്രയെ ആശുപത്രിയിലെത്തിച്ച ശേഷം ഇവർ മടങ്ങിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മരണത്തിന് മുൻപ് ഇക്ര ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മാത്രമേ ശരീരത്തിലെ മുറിവുകളുടെ വ്യാപ്തി അറിയാൻ കഴിയൂ.
2 വർഷം മുൻപാണ് റാഷിദ്–സന ദമ്പതികളുടെ വീട്ടിൽ ഇക്ര ജോലിക്ക് പ്രവേശിച്ചത്. എട്ടാമത്തെ വയസ്സ് മുതൽ ഇക്ര വീട്ടു ജോലി ചെയ്യുന്നുണ്ടെന്ന് പിതാവ് സനയുള്ള പറഞ്ഞു. മാസം 28 യുഎസ് ഡോളർ ആണ് ഇക്രയുടെ വരുമാനം. വലിയ കടബാധ്യതയുള്ളതിനാലാണ് ഇക്രയെ ജോലിക്കു വിടുന്നത്. മകളെ കൊലപ്പെടുത്തിയവർക്കെതിരെ കർശന ശിക്ഷയ്ക്ക് വിധേയരാക്കണമെന്നാണ് പിതാവിന്റെ ആവശ്യം.
അതേസമയം ഇക്രയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഹാഷ്ടാഗോടു കൂടി പ്രതിഷേധം ശക്തമാണ്. ഇക്രയുടെ മരണത്തോടെ ബാല വേലയും ഗാർഹിക തൊഴിലാളികൾക്ക് നേർക്കുള്ള പീഡനവും പാക്കിസ്ഥാനിൽ വീണ്ടും വലിയ ചർച്ചയാകുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ ബാല വേല സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് മിക്കയിടങ്ങളിലും. അതേസമയം പഞ്ചാബിൽ 15 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് വിലക്കുണ്ട്.