പ്രേക്ഷകരും സിനിമാ ലോകവും തിരിച്ചറിയുന്നിടത്താണ് നടന്റെ പ്രസക്തി, മോശം അനുഭവങ്ങളേറെ; ന്യൂസീലൻഡിൽ ജീവിതം, വിശേഷങ്ങളുമായി അനില്‍ ആന്റോ

Mail This Article
ന്യൂസീലന്‍ഡില്‍ സ്ഥിരതാമസമാക്കിയ സിനിമാ താരം അനില്‍ ആന്റോയുമായി നടത്തിയ അഭിമുഖം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായുള്ള സെക്കന്റ് ഷോ, മമ്മൂട്ടി നായകനായുള്ള ഇമ്മാനുവല്‍ ഉള്‍പ്പെടെ ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ ആണ്. അടുത്തിടെ പുറത്തിറങ്ങിയ കുരുക്ക് എന്ന സിനിമയിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
∙ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിക്കുണ്ടായ പോലുളള അനുഭവം അനില്‍ എന്ന സിനിമാ നടന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ?
നടന്‍ ആകാന്‍ ഇറങ്ങി തിരിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളവരാണ്. യഥാർഥ ജീവിതത്തിൽ ഓഡിഷനുകളിൽ പങ്കെടുമ്പോൾ നല്ല പ്രകടനം കാഴ്ച്ചവച്ചതായി നമുക്ക് തോന്നുമെങ്കിലും ചിലപ്പോള്‍ റിസൽട്ട് കിട്ടില്ല. കാരണം പല മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ച്ചവച്ചതായി നമുക്ക് തോന്നുന്ന ആളുകള്‍ക്ക് ആയിരിക്കണമെന്നില്ല സമ്മാനം കിട്ടുന്നത്. നമ്മുടെ അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് അഭിനയം പാഷനായി കൊണ്ടു നടക്കുന്നത്. നടന്‍ ആകുക നടനായി പേരെടുക്കുക എന്നതാണ് ആഗ്രഹം. അതാണ് പാഷന്‍
∙ഏതൊരു കരിയറിലും whom you know is more important than what you know എന്നത് പ്രധാനമാണ്. സിനിമാ മേഖലയിലും അങ്ങനെ തന്നെയാണോ?
എല്ലാ പ്രഫഷനിലും അതുണ്ട്. കാരണം നമ്മള്‍ നമുക്ക് എന്തറിയുന്നു എന്നുള്ളത്. Ability without an opportunity is nothing എന്നാണല്ലോ. ഒരു നല്ല പ്ലാറ്റ് ഫോം കിട്ടിയാലേ എനിക്ക് എന്തൊക്കെ അറിയുമെന്നത് അറിയാന്‍ കഴിയൂ. അപ്പോ അവിടെയാണ് whom you know എന്നത് പ്രധാനം. കാരണം എന്നെ അറിയുന്നവരാണ് എനിക്ക് അവസരം തരുന്നത്. ഒരു സിനിമ കാണുമ്പോൾ, അതിലെ കഥാപാത്രത്തെ കാണുമ്പോൾ ഇതിനേക്കാള്‍ നന്നായി ഞാന്‍ ചെയ്യുമല്ലോ അല്ലെങ്കില്‍ ഈ കഥാപാത്രത്തെ എനിക്ക് കിട്ടിയിരുന്നെങ്കിലെന്നോ തോന്നും. എനിക്ക് മാത്രമല്ല നടന്‍ ആകാന്‍ ഇറങ്ങി തിരിച്ചവരുടെ മനസിലെല്ലാം തോന്നുന്ന കാര്യമാണിത്
നമ്മളെ അറിയുന്ന ഒരാള്‍ അകത്തുണ്ടെങ്കില്‍ അവിടെ നിന്ന് ഒരു കൈ നീട്ടി കിട്ടും. അല്ലെങ്കില്‍ വാതില്‍ തുറന്നു കിട്ടും. അല്ലെങ്കില്‍ മുട്ടുന്ന വാതിലുകള്‍ തുറക്കണമെന്നില്ല. എത്രയോ ഓഡിഷനുകളിൽ പങ്കെടുത്തിരിക്കുന്നു. ഞാന്‍ നായകനായി അഭിനയിച്ച കുരുക്ക് എന്ന സിനിമയുടെ ഡബ്ബിങ് തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ നടക്കുമ്പോൾ അപ്പുറത്ത് മുറ എന്ന സിനിമയുടെ ഓപ്പണ്‍ ഓഡിഷന്‍ ആയിരുന്നു. ഞാന്‍ അവിടെ പോയി അതിൽ പങ്കെടുത്തു. അവിടെ ചെന്നപ്പോള്‍ പലര്‍ക്കും കുറച്ചു സിനിമകളില്‍ അഭിനയിച്ചതു കൊണ്ട് എന്നെ അറിയാം. അവരുടെ ചാന്‍സ് കളയുമോ എന്നൊരു ഭയം അവര്‍ക്കുണ്ടാകും. അവിടെ ഓഡിഷന്‍ അറ്റന്‍ഡ് ചെയ്തു. നമ്മളെ അറിയുക എന്നത് പ്രധാനമാണ്.
∙ആദ്യ ഓഡിഷന്‍ എങ്ങനെയായിരുന്നു. സിനിമയില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്‍ദോ എന്നെ സിനിമയിലെടുത്തെടാ എന്നതായിരുന്നോ ഫീല്‍?
അങ്ങനെ തോന്നാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. 90കളുടെ അവസാനമായിരുന്നു ആദ്യ ഓഡിഷന്‍. ഞാനായിട്ട് അന്വേഷിച്ചു പോയതല്ല. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫിസില്‍ കത്ത് പോസ്റ്റ് ചെയ്യാന്‍ പോയതാണ്. അവിടുത്തെ പോസ്റ്റ് മാസ്റ്റര്‍ മഹേഷ് മിത്രയുമായി പരിചയപ്പെട്ടു. അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതി കൊണ്ടിരിക്കുകയാണ്. ഐ.വി.ശശിയുടെ വെള്ളത്തൂവല്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ്. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് എന്നോടു ചോദിച്ചു ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ ശശി സാറിനെ പോയി കാണുന്നു. എന്നെ സെലക്ട് ചെയ്തു. നായകനായിട്ട് തന്നെ.
ഓപ്പണ്‍ ഓഡിഷന്‍ ആയിരുന്നില്ല. സ്‌ക്രിപ്റ്റ് റൈറ്റര്‍ ഒരു സീന്‍ തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ ചെയ്തു. അങ്ങനെയാണത്. സ്‌ക്രിപ്റ്റ് റിഹേഴ്‌സല്‍ പിന്നീട് തൃശൂര്‍ പേള്‍ റീജന്‍സി ഹോട്ടലില്‍ നടക്കുന്നുവെന്ന് അനൗണ്‍സ്‌മെന്റ് വന്നപ്പോഴാണ് സുഹൃത്തുക്കളോടു പോലും പറയുന്നത്. പക്ഷേ ആ സിനിമ നടന്നില്ല. പല കാരണങ്ങള്‍ കൊണ്ട്. പിന്നീട് വിനോദയാത്ര എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. ഒരു പാട്ടില്‍ ഒരു സീനിലേ ഉണ്ടായിരുന്നുള്ളു. അങ്ങനെ കുറേ അനുഭവങ്ങള്‍.
∙മലബാര്‍ ടൈല്‍സ്, രുധിരം ഇതെല്ലാം തിയറ്ററില്‍ നല്ല വിജയമാണ്. എന്താണ് ആളുകളുടെ പ്രതികരണം?
അടുത്തടുത്ത് റിലീസുകള്‍ ആയിരുന്നു രണ്ടും. മലബാര്‍ ടൈല്‍സ് ഒരു ആന്തോളജി ചിത്രമാണ്. കേരള കഫെയൊക്കെ പോലെ 5 ചെറു സിനിമകള്‍ ചേര്‍ന്നുള്ള ഒന്ന്. അതിലെനിക്ക് ഡബിള്‍ റോള്‍ ആയിരുന്നു. എന്റെ കരിയറില്‍ ആദ്യമായിട്ടാണത്. 42 വയസ്സുള്ള ആളും അയാളുടെ 84 വയസ്സായ അച്ഛനും–അങ്ങനെ ഡബിൾ റോൾ.
∙എങ്ങനെയായിരുന്നു അതിന്റെ തയാറെടുപ്പുകള്‍?
ഷാജുന്‍ കാര്യല്‍ സംവിധാനം ചെയ്യുന്ന മൃദുഭാവേ ദൃഢകൃത്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു, അതിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മലബാര്‍ ടൈല്‍സിന്റെ അസോസിയേറ്റ് ഡയറക്ടര്‍. ഡയറക്ടറുടെ മകളാണ് എന്നെ സജസ്റ്റ് ചെയ്തത്. ഡയറക്ടര്‍ ആദ്യം 42 വയസ്സുള്ള കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. പിന്നീട് രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് അച്ഛന്‍ കഥാപാത്രവുമുണ്ടെന്ന് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡബിള്‍ റോള്‍ കിട്ടുക വളരെ അപൂര്‍വമായ അവസരമായിരുന്നു. തിയറ്ററില്‍ നിന്ന് നല്ല പ്രതികരണവും കിട്ടി. ചെറിയ സിനിമ ആയതുകൊണ്ടും വലിയ നടന്മാര്‍ ഇല്ലാതിരുന്നതു കൊണ്ടും പ്രേക്ഷകരുടെ ചോയ്‌സിലേക്ക് ആ സിനിമ അധികം വന്നില്ലെന്നു മാത്രം. വലിയ സിനിമകളോടൊപ്പം രണ്ടാഴ്ച തീയറ്ററില്‍ ഓടി. എന്റെ അഭിനയത്തിന് ഒരുപാട് പേരുടെ അഭിനന്ദനം കിട്ടി. ഒരു നടന്‍ എന്ന നിലയില്‍ നമ്മള്‍ നമ്മുടെ കഥാപാത്രവും സ്‌ക്രിപ്റ്റും മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ തയാറെടുപ്പ്.
∙സിഐ സാജന്‍ എന്ന പ്രധാന കഥാപാത്രമായാണ് കുരുക്ക് എന്ന സിനിമയിൽ. നേരത്തെയും പൊലീസ് ഓഫിസറുടെ വേഷം ചെയ്തിട്ടുണ്ട്. കുരുക്കിലേക്ക് അപ്പോ അധികം തയാറെടുപ്പ് വേണ്ടി വന്നിരുന്നില്ലേ?കുരുക്കിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
ഒത്തിരി പൊലീസ് വേഷം ചെയ്തിട്ടില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ ഞാന്‍ ആകെ മൂന്ന് പൊലീസ് വേഷങ്ങളേ ചെയ്തിട്ടുള്ളു. എന്റെ രൂപത്തിലും ഭാവത്തിലും ഒരു പൊലീസുകാരന്‍ ഉണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. അപ്പോ ഒന്നോ രണ്ടോ സിനിമകള്‍ കണ്ടപ്പോള്‍ തന്നെ കുറെ ചെയ്തു എന്നൊരു തോന്നല്‍ വന്നതായിരിക്കാം. കുരുക്കിന് മുന്‍പ് മൃദുഭാവേ ദൃഢകൃത്യ എന്ന സിനിമയിലാണ് പൊലീസ് വേഷമിട്ടത്. പിന്നെ മമ്മൂക്ക നായകനായ ക്രിസ്റ്റഫര്‍ എന്ന സിനിമയില്‍ ഒന്നു രണ്ടു സീന്‍ ചെയ്തിരുന്നു.
കുരുക്ക് അവിചാരിതമായി വന്നു ചേര്‍ന്നതാണ്, അഭിജിത്ത് നൂറാണി ആണ് അതിന്റെ റൈറ്ററും ഡയറക്ടറും. 2020 മുതലേ ഈ സ്‌ക്രിപ്റ്റുമായി മമ്മൂക്ക, സുരേഷ്‌ഗോപി ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളെയും സമീപിച്ചിട്ടും സിനിമ നടന്നില്ല.ഞാനും മകനും അഭിനയിച്ച കേരള ബാങ്കിന്റെ ഒരു പരസ്യത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു അഭിജിത്ത്. സിനിമ എങ്ങനെ മുന്നോട്ടു പോകുമെന്നുള്ള ആശങ്കയിൽ അഭിജിത്ത് നിൽക്കുമ്പോഴാണ് നാലാംമുറ എന്ന സിനിമയില്‍ ഞാന്‍ ചെയ്ത കഥാപാത്രം കാണുന്നത്. പൊലീസ് വേഷമല്ല. അതില്‍ ഒരു ടെറര്‍ കഥാപാത്രമായിരുന്നു, ഹൈറേഞ്ച് പ്ലാന്റര്‍, മദ്യപാനി ഒക്കെ ആയുള്ള കഥാപാത്രം. ദിവ്യ പിള്ള നായികയുടെ ഭര്‍ത്താവായാണ് വേഷം. ആകെ മൂന്ന് സീനേയുള്ളു. ഒരുപാട് അഭിനന്ദനം കിട്ടിയ കഥാപാത്രമായിരുന്നു അത്. ആ സിനിമ തീയറ്ററില്‍ കണ്ടിട്ട് അഭിജിത്ത് എനിക്ക് സ്‌ക്രീന്‍ ചിത്രം എടുത്ത് അയച്ചു തന്നു. അടുത്ത ദിവസം വിളിച്ചിട്ട് ഒരു സിനിമ ചെയ്യാന്‍ പോകുകയാണ്. അതില്‍ ഒരു കഥാപാത്രമുണ്ടെന്ന് പറയുന്നു. വിശദമായൊരു സിനോപ്സിസ് അയച്ചു തന്നു. അതില്‍ ഏത് കഥാപാത്രമെന്ന് പറഞ്ഞില്ല. സിനിമ മുഴുവന്‍ വിശദമായി 14 പേജിലുണ്ടായിരുന്നു. ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു അതില്‍. വായന കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു ചോദിച്ചു ഏതാണ് എന്റെ കഥാപാത്രമെന്ന്. അതൊരു ചെറിയ കഥാപാത്രമാണ് -സിഐ സാജന്‍ ഫിലിപ്പ് എന്നു പറഞ്ഞു. ഞാന്‍ ഒന്നു ഷോക്കായി. അങ്ങനെയെങ്കില്‍ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് പറഞ്ഞു, അങ്ങനെ അടുത്ത ദിവസം തിരുവനന്തപുരത്ത് ചെന്നു. സ്‌ക്രിപ്റ്റ് വായിച്ചു. വളരെ സങ്കീര്‍ണമായ കഥയായിരുന്നു അത് എന്നതിനാല്‍ വളരെ എക്‌സ്പീരിയന്‍സായ സീനിയര്‍ നടനെ ഡിമാന്‍ഡ് ചെയ്യുന്ന കഥാപാത്രമാണത്. വലിയ ഡിമാന്‍ഡിങ് ആയിട്ടുളള പെര്‍ഫോര്‍മന്‍സ് ആവശ്യമുളളതായിരുന്നു. അതില്‍ സ്‌ക്രിപ്റ്റ് മനസിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ തയാറെടുപ്പ്
∙ആര്‍ജെ മെഡോണയിലെ സൈക്കോ കഥാപാത്രത്തെക്കുറിച്ച്?
എന്റെ ഏറ്റവും മികച്ചതും ഇഷ്ടപ്പെട്ടതുമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. മള്‍ട്ടി ലെയേര്‍ഡ് ആയ കഥാപാത്രമായിരുന്നു അത്. ഒരുപാട് ട്രാന്‍സിഷന്‍സ് ഉണ്ട്. സൈക്കോപാത്ത് എന്നതിന് പകരം സോഷ്യോപാത്ത് എന്ന് വിളിക്കുന്നതാണ് ഉചിതം. 2021 ജനുവരിയിലാണ് റിലീസ് ചെയ്തത്. കോവിഡ് സമയത്തായതു കൊണ്ട് ഒടിടിയിലായിരുന്നു റീലീസ്. ഒരുപാട് പേര്‍ കണ്ട സിനിമയാണിത്
∙അടുത്ത സിനിമകള്‍ ഏതാണ് ?
എനിക്കു വേണ്ടി കാത്തിരിക്കുന്ന ഒരു സിനിമയുണ്ട്. അതിന്റെ റൈറ്റര്‍ ഡയറക്ടര്‍ പല പ്രൊഡക്ഷന്‍ ഹൗസുകളിലും കഥ പ്രസന്റ് ചെയ്തു കഴിഞ്ഞു. വലിയ താരങ്ങളെ വെച്ച് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും സിനിമ ചെയ്യാം പക്ഷേ എനിക്കു വേണ്ടി ഒരു പ്രൊഡ്യൂസർക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം. 2021 ലാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം എന്നോട് കഥ പറഞ്ഞു. വളരെ നല്ല കഥയാണ്. ഇടവേള വരെ നല്ല കണ്ടന്റ് ആണ്. സുകൃതം, തനിയാവര്‍ത്തനം പോലുള്ള ഒന്ന്. സെക്കന്റ് ഹാഫ് മോശമായിരുന്നു. ഞങ്ങൾ രണ്ടുപേരുമിരുന്ന് വീണ്ടും ഡവലപ് ചെയ്ത് കൂടുതല്‍ മനോഹരമാക്കി. നല്ലൊരു ഫാമിലി ഡ്രാമയാക്കി. അദ്ദേഹത്തിന് എന്നിലെ നടനെ മനസിലാക്കാന്‍ കഴിഞ്ഞു. പ്രൊഡ്യൂസറിന് വേണ്ടി കാത്തിരിക്കുകയാണ്. കുരുക്കും രുധിരവും മലബാര്‍ ടൈല്‍സും ഒക്കെ കഴിഞ്ഞപ്പോ കുറച്ചുകൂടി എന്നെ ആളുകള്‍ അറിയാന്‍ തുടങ്ങി. അങ്ങനെ സിനിമ ചെയ്യാന്‍ കുറച്ച് ആളുകള്‍ ഇങ്ങോട്ടു വരാനും തുടങ്ങി. അങ്ങനെ കാത്തിരിക്കുന്ന സിനിമകളുമുണ്ട്. ക്രിയേറ്റീവ് ആയിട്ടുള്ള വളരെ കണ്ടെന്റ് ഓറിയന്റഡ് ആയിട്ടുള്ള സിനിമകളുമുണ്ട്
∙ഇപ്പോഴത്തെ കാലത്ത് താരങ്ങള്‍ സംവിധായകരാകുന്നു. സംവിധായകര്‍ താരങ്ങളാകുന്നു, ബേസില്‍ ഉൾപ്പെടെ പട്ടിക നീളുകയാണ്. താങ്കള്‍ക്ക് ഡയറക്ടര്‍ ആകാനോ മറ്റോ താല്‍പര്യമുണ്ടോ?
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥിരാജ് ലൂസിഫര്‍ എന്ന സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളത്തിലെ ഒരു സീനിയര്‍ ഡയറക്ടര്‍, ഒരുപാട് ഹിറ്റുകള്‍ ചെയ്ത അദ്ദേഹം പറഞ്ഞത് 'ഇതോടു കൂടി കഴിഞ്ഞു' എന്നാണ്. സംവിധാനത്തിലേക്ക് കടന്നാല്‍ അഭിനയിക്കാന്‍ ആരും വിളിക്കാതെയാകും എന്നതായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. വര്‍ഷങ്ങള്‍ക്ക് ശേഷവും പൃഥിരാജ് ഇവിടെ തന്നെയാണ് നില്‍ക്കുന്നത്. തീര്‍ച്ചയായിട്ടും സിനിമയില്‍ അഭിനയിക്കുന്ന പല നടന്മാര്‍ക്കും കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോൾ അവരുടെ എക്‌സ്പീരിയന്‍സും പിന്നെ താല്‍പര്യം കൊണ്ടും അവര്‍ക്ക് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടായിരിക്കും.
പൃഥിരാജിന് ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണച്ചതു കൊണ്ട് എനിക്കും ഒരുപാട് ട്രോള്‍ കിട്ടി. വളരെ ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണ് അദ്ദേഹം. ഒരു വ്യക്തിക്ക് ആത്മവിശ്വാസമുണ്ടാകുമ്പോഴാണ് നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത്. അവര്‍ക്കറിയാം അവര്‍ എന്താണ്, എങ്ങോട്ടാണ് പോകുന്നതെന്ന്. എനിക്കത് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. സ്‌ട്രോങ് ആയിട്ടുള്ള അടിത്തറ അവർക്കുണ്ട്.
എനിക്ക് 2015 ല്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഓഫര്‍ വന്നിട്ടുള്ളതാണ്. മലയാളത്തിലും തമിഴിലും സജീവമായിട്ടുള്ള ഒരു നടന്റെ അടുത്തു നിന്നാണ് ഓഫര്‍ വന്നത്. കൂട്ടുകാരന് വേണ്ടി കഥ പറയാന്‍ പോയതാണ്. അന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പിന്നീട് കണ്ടപ്പോള്‍ കഥയുണ്ടോയെന്ന് ചോദിച്ചു ഞാന്‍ ഒരു ത്രെഡ് പറഞ്ഞു. അതദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറഞ്ഞു. പ്രൊജക്ട് ആക്കാമെന്നു പറഞ്ഞു. അദ്ദേഹം എന്നെകൊണ്ട് സംവിധാനം ചെയ്യാനാണ് ഉദ്ദേശിച്ചത്. പക്ഷേ പക്ഷേ എസ്റ്റാബ്ലിഷ് ആയ നടന്‍ ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്നതിനാല്‍ അന്ന് ഞാനത് നിരസിച്ചു. എന്റെ ലക്ഷ്യം നേടി കഴിഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ സംവിധാനം ചെയ്‌തേക്കാം.
∙ നിരസിക്കൽ വല്ലാതെ ഫീല്‍ ചെയ്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ? എങ്ങനെയാണ് അതിനെ നേരിട്ടത്?
അത്തരം കാര്യങ്ങളെ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ഞാന്‍ നേരത്തെ പറഞ്ഞയാള്‍ ഒരു പ്രൊഡ്യൂസര്‍ കൂടിയാണ്. അദ്ദേഹമാണ് തീരുമാനമെടുക്കുന്നയാള്‍. അദ്ദേഹം എന്റെ ഷോര്‍ട്ട് ഫിലിമുകൾ കണ്ടിട്ടുണ്ട്. പില്ലോ എന്നുള്ള ഷോര്‍ട് ഫിലിം ഏകദേശം 24 ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പല കാറ്റഗറികളിലും അവാര്‍ഡ് നേടിയതാണ്. പോര്‍ട് ബ്ലയര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, ന്യൂയോര്‍ക്ക്, കല്‍ക്കട്ട ഫിലിം ഫെസ്റ്റിവലുകള്‍ അങ്ങനെ ഒരുപാട് പുരസ്‌കാരങ്ങള്‍ കിട്ടി. അദ്ദേഹത്തോട് ഞാന്‍ സബ്ജക്ട് പറഞ്ഞപ്പോ എനിക്ക് നായകനാകേണ്ട എന്ന് അങ്ങോട്ടു തന്നെ പറഞ്ഞു. മറ്റൊരു കഥാപാത്രം മതിയെന്നു പറഞ്ഞു. കാരണം സിനിമ വിറ്റു പോകണം. അതിനു പറ്റുന്ന താരങ്ങളെ വേണം. അദ്ദേഹവും ഹാപ്പി. ക്ലൈമാക്‌സ് മാത്രം പറഞ്ഞില്ല. ക്ലൈമാക്‌സ് പറയാന്‍ അദ്ദേഹം എന്നെ നിര്‍ബന്ധിക്കുന്നതു പോലെ തോന്നി. ഞാൻ ആവശ്യപ്പെട്ട കഥാപാത്രം തരാൻ അദ്ദേഹത്തിന് താൽപര്യമില്ലാത്തതു പോലെ. നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ മുന്നോട്ടു പോകില്ലായിരുന്നു. അതേസമയം ഒരു സംവിധായകന്‍ വന്നിട്ട് എനിക്ക് കഥാപാത്രമില്ലെന്ന് പറഞ്ഞാല്‍ വാക്ക് മാറ്റുന്ന സാഹചര്യം കണക്കിലെടുക്കണം. പക്ഷേ ഇതു പ്രൊഡ്യൂസര്‍ ആണ് പറയുന്നത്. അത്തരം ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇമ്മാനുവല്‍ സിനിമയില്‍ എന്റേത് ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു, അതു കഴിഞ്ഞ് രണ്ടു മൂന്നു സിനിമകള്‍ക്ക് ഓഫര്‍ വന്നു നില്‍ക്കുന്ന സമയത്ത് മലയാളത്തില്‍ ഒരു സീനിയര്‍ ഡയറക്ടര്‍ അദ്ദേഹം രണ്ട് എക്സ്ട്രീമിൽ സിനിമ ചെയ്തിട്ടുള്ളയാളാണ്-ആര്‍ട്ടും കൊമേഴ്‌സലും. അദ്ദേഹം ഒരു ഡ്രീം പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞു. അതിന്റെ സ്‌ക്രിപ്റ്റും സ്റ്റോറി ബോര്‍ഡും കാണിച്ചു. പല തവണ കണ്ടു സംസാരിച്ചു. പിന്നീട് അദ്ദേഹം വിളിച്ചിട്ട് ഞാന്‍ ആണ് ആ സിനിമയിലെ നായകനെന്നു പറയുന്നു. പിറ്റേന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാനും ഭാര്യയും മകളും കൂടി പോയി. എല്ലാവരുടെയും മുന്‍പില്‍ വെച്ച് സ്‌ക്രിപ്റ്റ് തന്നു. എപ്പിക് ക്യാരക്ടര്‍ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതായിരുന്നു ആ സിനിമയിലെ കഥാപാത്രം. വേറെ സിനിമകളൊന്നും ഞാനെടുത്തില്ല. 7 മാസം കളരി പരിശീലനവും ചര്‍ച്ചകളും നടന്നു. പിന്നെ നാലഞ്ച് മാസം കഴിഞ്ഞപ്പോ ഫോണ്‍വിളിയും മെസേജുമെല്ലാം കുറഞ്ഞു. പിന്നീട് ഈ സിനിമ അനൗണ്‍സ് ചെയ്യുമ്പോഴാണ് അറിയുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അദ്ദേഹം ഡയറക്ടറാണ്. പ്രൊഡ്യൂസര്‍ അല്ല. കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രൊഡ്യൂസര്‍ ആണ്. അവര്‍ക്കും കൂടെ ഉറപ്പുള്ള ഒരു നടനെ വെച്ചേ സിനിമ ചെയ്യൂ. പക്ഷേ എന്നെ ഒന്ന് അറിയിക്കാമായിരുന്നു. ആ ഡയറക്ടറുമായി എനിക്ക് നല്ല കമ്യൂണിക്കേഷനുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുമുണ്ട്.
സിനിമ അങ്ങനെയാണ്. എന്റെ വാല്യൂ കൂട്ടേണ്ടത് എന്റെ ആവശ്യമാണ്. ഞാന്‍ വിജയിക്കുന്നതു വരെ ഒരാളും എന്നെ വിശ്വസിക്കില്ല, ഞാന്‍ എത്ര വലിയ കഴിവുള്ളവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കിൽ എന്റെയുള്ളില്‍ ആത്മവിശ്വാസമുണ്ടായിട്ടും കാര്യമില്ല. ഞാന്‍ തെളിയിക്കണം. എനിക്ക് വാല്യു ഉണ്ടെങ്കില്‍ ആളുകള്‍ എന്നെ തേടിയെത്തും.
∙നിരാശപ്പെടാതെ പരിശ്രമിച്ചാണ് മുന്നോട്ട് ഇവിടെ വരെ എത്തിയത് എന്നാണോ?
ഞാന്‍ ഇവിടെ വരെ എത്തി എന്നു പറഞ്ഞാല്‍ എവിടെയെങ്കിലും ഒരു പ്രധാന നേട്ടമോ അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് വാല്യു ഉള്ള നടനോ ഒന്നും ഞാന്‍ ആയിട്ടില്ല. ഇപ്പോളും എസ്റ്റാബ്ലിഷ് ചെയ്യാന്‍ പരിശ്രമിക്കുന്നയാളാണ്. 2014 ല്‍ ഇമ്മാനുവല്‍ റിലീസ് ആയതിന് ശേഷം വലിയ ഗ്യാപ് എടുത്തു. ഏകദേശം 7 വര്‍ഷത്തോളം. ന്യൂസീലന്‍ഡിലേക്ക് എത്തി. ഒരു പ്രതീക്ഷയുമില്ലാതെ ഇവിടെ വന്നപ്പോളാണ് വീണ്ടും അവസരങ്ങള്‍ തേടി വന്നത്. ഇനി സിനിമയൊന്നും നടക്കില്ലെന്ന് മനസില്‍ കരുതിയാണ് ഇങ്ങോട്ടു വന്നത്. തിരിച്ചു വരവ് ആര്‍ജെ മഡോണ എന്ന സിനിമയിലൂടെയാണ്. ആ കഥാപാത്രത്തിന് 2022 ലെ തുര്‍ക്കിയിലെ ഇസ്താംബുള്‍ ഫിലിം അവാര്‍ഡിൽ മികച്ച നടനുള്ള പുരസ്‌കാരം കിട്ടി. 2022 ലാണ് പില്ലോ എന്ന ഷോര്‍ട് ഫിലിമിലെ ന്യൂട്ടണ്‍ എന്ന കഥാപാത്രത്തിന് പോട്ട് പ്ലെയറിലും കാല്‍ബുര്‍ഗിയിലും ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം കിട്ടി. പിന്നീടാണ് പപ്പ റിലീസ് ആകുന്നത്.
2010 വരെ ഒരുപാട് ശ്രമങ്ങള്‍ നടത്തി. 2010ല്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ കോഴ്‌സിനിടെ 8 ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു. അതിനു ശേഷം ഡിവൈന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്. അവര്‍ സെന്റ്. വിന്‍സെന്റ് ഡീപോളിന്റെ ബയോപിക് ചെയ്യുന്നു. അപ്പോ സെന്റ് വിന്‍സെന്റ് ഡീപോള്‍ ആയി എന്നെ കാസ്റ്റ് ചെയ്യുന്നു. ആ സമയത്ത് തമിഴില്‍ സെക്കന്‍ഡ് ഹീറോ ആയിട്ട് ഓഫര്‍ വരുന്നു. തമിഴ് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു എന്നെ പരിചയപ്പെടുത്താന്‍ ഇരിക്കുകയാണ് അപ്പോ ചാനലിലെ ടെലി സീരിയലില്‍ ഇങ്ങനെ അഭിനയിക്കരുതെന്ന്. ആകെ ആശങ്കയായി. എന്റെ സീനിയറും മെന്ററുമായ ഒരാളുടെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു. '32 വയസ്സായില്ലേ ഇനി നായകനാകുമെന്നൊന്നും കരുതിയിരിക്കേണ്ട. കിട്ടുന്നതൊക്കെ ചെയ്യ്' എന്ന്. അദ്ദേഹം പോസിറ്റീവ് ആയിട്ടാണ് പറഞ്ഞത്. പക്ഷേ എന്റെ സ്വപ്‌നങ്ങള്‍ക്ക് അതിരിടേണ്ടത് സാര്‍ അല്ലെന്നും സാറിന്റെ മുന്‍പില്‍ ഞാന്‍ നായകനായിട്ടു വരുമെന്നും മനസില്‍ പറഞ്ഞാണ് അന്നവിടെ നിന്നിറങ്ങിയത്. 2010ലാണ് ഈ സംഭവം. 2018 ല്‍ ന്യൂസീലൻഡിലെത്തി പപ്പയുടെ ഷൂട്ട് കഴിഞ്ഞപ്പോ ഷിബു ആന്‍ഡ്രൂസ് ചോദിച്ചു എങ്ങനെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യേണ്ടതെന്ന്. ഞാന്‍ അതേ സാറിന്റെ അടുത്തു പോയി. മധുരപ്രതികാരമൊന്നുമല്ല, സെല്‍ഫ് ചലഞ്ചാണ്. something better is waiting for me എന്നാണ് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. ഓവര്‍ കോണ്‍ഫിഡന്‍സ് ആണെന്ന് പലരും പറയും. പക്ഷേ ഈ ഓവര്‍ കോണ്‍ഫിഡന്‍സ് ആണ് നമ്മളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. നമ്മുടെയുള്ളിലെ കോണ്‍ഫിഡന്‍സും അടങ്ങാത്ത ആഗ്രഹവുമാണ് എല്ലാത്തിനെയും അതിജീവിക്കാന്‍ സഹായിക്കുന്നത്. എത്തുമോ ഇല്ലയോ എന്നത് കാലമാണ് തെളിയിക്കുന്നത്.
രുധിരം വലിയ ക്യാന്‍വാസ് സിനിമയാണ്. അപര്‍ണ ബാലമുരളിയും രാജ്.ബി.ഷെട്ടിയും അഭിനയിച്ച സിനിമയാണത്. അതിലും അവസരം ലഭിച്ചു. എന്റെ അദേഴ്‌സ് എന്ന സിനിമയുടെ ഡയറക്ടര്‍ 2022 ല്‍ ഒരു രാത്രിയില്‍ ഷെട്ടി അഭിനയിച്ച ഗരുഡ ഗമന ഋഷഭ വാഹന എന്ന സിനിമയിലെ പാട്ട് സീന്‍ അയച്ചിട്ട് അത്തരമൊരു കഥാപാത്രം ഞാന്‍ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് മെസേജ് അയച്ചു. 2023 ല്‍ ഇതേ ഡയറക്ടര്‍ ആണ് പറഞ്ഞത് ഷെട്ടി മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന്. അന്വേഷിച്ച് അതിലൊരു സീന്‍ ചെയ്യാന്‍ നോക്കൂ എന്നു പറഞ്ഞപ്പോ നമ്പര്‍ കണ്ടുപിടിച്ച് ചെന്നു. അങ്ങനെയാണ് അതിലൊരു സീന്‍ കിട്ടിയത്. അതു ശ്രദ്ധിക്കപ്പെട്ടു.
ന്യൂസീലന്‍ഡില്‍ 2 പ്രൊജക്ടുകളുടെ ചര്‍ച്ച നടക്കുന്നു. ഈ വര്‍ഷം അവസാനത്തില്‍ ഷൂട്ട് ചെയ്യുന്ന സിനിമ. സ്‌ക്രിപ്റ്റ് ഞാന്‍ ആണ് ചെയ്യുന്നത്. കുല്‍പ എന്നൊരു ഷോർട് ഫിലിമും ഇവിടെ ചെയ്തിരുന്നു. ഇംഗ്ലിഷ് ഷോര്‍ട് ഫിലിമിൽ പുരോഹിതന്റെ വേഷമായിരുന്നു അത്. ചെറുപ്പത്തില്‍ അള്‍ത്താര ബാലനായിരുന്നതു കൊണ്ടും അച്ഛന്മാരുമായി നല്ല സൗഹൃദമുണ്ടായിരുന്നതു കൊണ്ടും പുരോഹിതന്റെ വേഷം നന്നായി ചെയ്യാന്‍ കഴിഞ്ഞു.
∙മലയാള സിനിമയ്ക്ക് അനില്‍ ആന്റോ എന്ന നടനെ എന്തുകൊണ്ട് ആവശ്യമുണ്ട്?
പലരും ചോദിച്ച ചോദ്യമാണിത്. എന്തിനാണ് ഒരു നടന്‍ ആകണം എന്നു മാത്രം വാശിപിടിക്കുന്നതെന്ന് എന്റെ ഭാര്യ ഉള്‍പ്പെടെ ചോദിച്ചിട്ടുണ്ട്. എന്റെ ആത്മാവിനെ തൃപ്തിപെടുത്താന്‍ എന്നതാണ് എന്റെ ഉത്തരം. എനിക്ക് ഏറ്റവും ആത്മവിശ്വാസത്തോടെ ചെയ്യാന്‍ പറ്റുന്ന കാര്യം നടന്‍ ആകുക എന്നതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നടന്‍ രതീഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യമുണ്ട്. അദ്ദേഹം സിനിമയില്‍ അഭിനയിക്കുമ്പോൾ വലിയ താല്‍പര്യത്തോടെ സിനിമ കണ്ടിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം. അദ്ദേഹം അഭിനയിച്ച സിനിമകള്‍ കാണുമ്പോഴാണ് ജീവനോടെയുണ്ടെന്ന ഫീല്‍ ഉണ്ടാകുന്നത്. ഒരു നടന്‍ പല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഈ ലോകമുള്ളിടത്തോളം കാലം ലൈവ് ആയി കാണാം. വേറേ ഏത് കരിയറിയില്‍ ഇത്തരമൊരു സൗഭാഗ്യം കിട്ടും നമ്മളെ ജീവനോടെ കാണാന്‍. നമ്മളെ സ്‌നേഹിക്കുന്നവര്‍ക്കും കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും നമ്മുടെ ഒരു സാന്നിധ്യം നമുക്ക് കാരിഫോര്‍വേര്‍ഡ് ചെയ്യാന്‍ പറ്റുമല്ലോ.
എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് പില്ലോ എന്ന ഷോര്‍ട് ഫിലിമിലേത്. 2 ഇന്റര്‍നാഷനല്‍ അവാര്‍ഡ് കിട്ടിയതാണതിന്. ആ കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ വലുതാണ്. ചെറുപ്പത്തില്‍ സുരേഷ്‌ഗോപി, മമ്മൂട്ടി എന്നിവരുടെ പൊലീസ് സിനിമ കാണുമ്പോൾ പൊലീസാകാന്‍ തോന്നും. സച്ചിന്‍ ടെണ്ടുല്‍ക്കറെ കാണുമ്പോൾ ക്രിക്കറ്റര്‍ ആകാന്‍ തോന്നും. അങ്ങനെ പല ആഗ്രഹങ്ങളിലൂടെയാണ് ചെറുപ്പം കടന്നു പോകുന്നത്. അതു കഴിഞ്ഞ് ഒരു ഫോര്‍മല്‍ രീതിയില്‍ ഏതെങ്കിലും ഒരു കരിയറിലേക്ക് എത്തുന്നു. അതിനുശേഷം ആയിരിക്കും നമ്മള്‍ അറിയുന്നത്, ഇതല്ല ഞാന്‍ ആകേണ്ടിയിരുന്നത് എന്ന്. നമ്മള്‍ നമ്മളെ തിരിച്ചറിയുക എന്നത് വലിയ സംഭവം ആണ്. ഞാന്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നത് ഒരു നടന്‍ ആയിട്ടാണ്.
അനില്‍ ആന്റോ എന്നയാളെ മലയാള സിനിമക്ക് ആവശ്യമുണ്ടോയെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം നേരത്തെ പറഞ്ഞതു തന്നെയാണ് ഞാന്‍ ഒരു പോപ്പുലര്‍ നടന്‍ അല്ല. മാര്‍ക്കറ്റ് വാല്യൂ ഉള്ള സ്റ്റാര്‍ അല്ല. എന്നിട്ടും എനിക്കു വേണ്ടി കാത്തു നില്‍ക്കുന്ന ആറോ ഏഴോ സംവിധായകരുണ്ട്. അവരുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്തിട്ട്. ഇത്ര എസ്റ്റാബ്‌ളിഷ് ആയ എന്നെ അംഗീകരിച്ചിട്ട് ആറോ ഏഴോ സ്‌ക്രിപ്റ്റ് കാത്തിരിക്കുന്നുണ്ടെങ്കില്‍ എനിക്ക് ഉറപ്പാണ് നാളെ ഞാന്‍ എസ്റ്റാബ്ളിഷ് ആയാല്‍ വെയിറ്റിങ് ലിസ്റ്റ് കൂടും. തീര്‍ച്ചയായിട്ടും അവിടെയാണ് അനില്‍ ആന്റോ എന്ന നടന്റെ പ്രസക്തി. ഇന്‍ഡസ്ട്രിയും ഓഡിയന്‍സും തിരിച്ചറിയുന്നത്. അതിലേക്ക് എത്താനുള്ള കാത്തിരിപ്പിലും യാത്രയിലുമാണ്.
∙ഇനി മുന്നോട്ടുള്ള പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
പ്രതീക്ഷയുള്ള നാലഞ്ച് പ്രൊജക്ടുകളുണ്ട്. ഒന്ന് പൊലീസ് വേഷമാണ്. മറ്റൊന്ന് ന്യൂസീലന്‍ഡില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഹണ്ടര്‍ ക്യാരക്ടര്‍ ആണ്. ഹണ്ടിങ് വിഷയം താല്‍പര്യമുള്ളതാണല്ലോ, കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നും സിനിമയുമാകു ഇതെന്നാണ് പ്രതീക്ഷ. കാരണം അതൊരു മലയാള സിനിമ മാത്രമല്ല ഗ്ലോബല്‍ സിനിമ എന്ന രീതിയിലാണ് റിലീസ് ചെയ്യുക. പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താനുള്ള കണ്ടന്റുണ്ട്. അതിന്റെ സ്‌ക്രിപ്റ്റും ഞാന്‍ തന്നെയാണ്. നായക കഥാപാത്രവും ഞാന്‍ ആണ്. 2025 അവസാനത്തോടെ തുടങ്ങും. പിന്നെ ഒരു ഫാമിലി ഡ്രാമയുണ്ട്. നാടകങ്ങള്‍ എനിക്കിഷ്ടമാണ്. സുകൃതം, തനിയാവര്‍ത്തനം റേഞ്ചില്‍ നില്‍ക്കുന്ന ആ പാറ്റേണിലുള്ള ഫാമിലി ഡ്രാമയാണ്. വലിയ പ്രതീക്ഷ നല്‍കുന്ന സിനിമയാണ്. ബജറ്റ് ചെറുതാണ് പക്ഷേ കണ്ടന്റ് വലുതാണ്.