ചേർത്തല ഓഹരി നിക്ഷേപ തട്ടിപ്പ്: പണം വിദേശത്തേക്ക് കടത്താൻ ഏജന്റുമാർ, കേസിൽ കൂടുതൽ വിദേശികൾ പ്രതികളെന്ന് സൂചന

Mail This Article
ആലപ്പുഴ ∙ ഓഹരി നിക്ഷേപത്തിലൂടെ ലാഭം വാഗ്ദാനം ചെയ്തു ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ വിദേശ പൗരൻമാർക്കു പങ്ക്. കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഗുജറാത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത 2 തയ്‌വാൻ സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് സൂചന ലഭിച്ചത്.
തയ്‌വാൻകാർ ഉൾപ്പെടെ ഒരു സംഘം മറ്റൊരു സൈബർ തട്ടിപ്പു കേസിൽ അറസ്റ്റിലായി ഗുജറാത്തിൽ റിമാൻഡിലായിരുന്നു. എല്ലാവരും വിദേശികളായിരുന്നു. ഇവർക്കെല്ലാം കേരളത്തിലെ ഓൺലൈൻ തട്ടിപ്പു കേസുകളിൽ ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അന്നേ സംശയമുണ്ടായിരുന്നു. എന്നാൽ ദിവസങ്ങളായി ചോദ്യം ചെയ്തിട്ടും തയ്‌വാൻ സ്വദേശികൾ കുറ്റം നിഷേധിക്കുകയായിരുന്നു. ഒടുവിൽ, തെളിവുകൾ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് ഇവർ ചിലതൊക്കെ വെളിപ്പെടുത്തിയത്.
ബിസിനസിന് എന്നു പറഞ്ഞ് ഒരു അജ്ഞാതനാണ് ഇന്ത്യയിലെത്തിച്ചതെന്നും തട്ടിപ്പുമായി ബന്ധമില്ലെന്നുമാണ് ഇവർ പറഞ്ഞത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഇവർ നേരിട്ടല്ല ഇന്ത്യയിൽ നിന്നു കടത്തിയതെന്നാണു വിവരം. അതിനായി ഏജന്റുമാരുണ്ട്.