ADVERTISEMENT

ക്യുൻസ്​ലൻഡ്∙ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്​ലാൻഡ് തീരം തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ മാറി താമസിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

ഓസ്ട്രേലിയയിലെ ജനസാന്ദ്രതയേറിയ ക്യൂൻസ്​ലാൻഡിന്റെ തീരത്ത് കൂടിയാണ് കാറ്റ് കടന്നു പോകുന്നത്. 1974ന് ശേഷം ഇതാദ്യമായാണ് ക്യൂൻസ്​ലാൻഡ് തീരത്തു കൂടി ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വീശുന്നത്.1990ൽ നാൻസി ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡിന് സമീപത്തു കൂടി കടന്നു പോയിട്ടുണ്ട്. അന്ന് കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ബ്രിസ്ബെനിനും സൺഷൈൻ കോസ്റ്റിനും ഇടയിലായി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെയായിരിക്കും ആൽഫ്രെഡ് കടന്നുപോകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റഗറി രണ്ടാണ് പ്രതീക്ഷിക്കുന്ന തീവ്രത. കനത്ത മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും ഇടയാകും. ഈ ആഴ്ച അവസാനം കര തൊടുന്നതിന് മുൻപായി ചൊവ്വാഴ്ച ക്യൂൻസ്​ലാൻഡ് തീരത്തിന് നേർക്ക് ആൽഫ്രഡ് ഗതിമാറി വീശാനും സാധ്യതയുണ്ട്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് വീശുക. ചില  സമയങ്ങളിലിത് 130 കിലോമീറ്റർ വേഗത വരെ ശക്തി പ്രാപിക്കും.

സാൻഡ് കേപ് സൗത്ത് മുതൽ ഗ്രാഫ്റ്റൻ വരെയുള്ള, ബ്രിസ്ബെൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ബൈറോൺ ബെ എന്നിവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിരീക്ഷണത്തിലാണ്. ബ്രിസ്ബെന് സമീപത്ത് കൂടിയായിരിക്കും ചുഴലിക്കാറ്റ് കടന്നു പോകാൻ സാധ്യത. ബ്രിസ്ബെനിലെ തെക്കൻ ടൗണുകളിൽ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും കടലിൽ വേലിയേറ്റത്തിനും എല്ലാം ഇടയാക്കും. 

ബ്രിസ്ബെനിലും സമീപ ടൗണുകളിലും ദ്വീപുകളിലും ജനറേറ്ററുകൾ, മെഡിക്കൽ പ്രവർത്തകർ, അടിയന്തര സർവീസുകൾ എന്നിവ വിന്യസിപ്പിച്ചിട്ടുണ്ട്. ബ്രിസ്ബെനിന്റെ കിഴക്കൻ ദ്വീപുകളിലെ താമസക്കാരോട് അവിടെ നിന്ന് മാറി താമസിക്കണമെന്നും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും കുടിവെള്ളവും ശേഖരിച്ചു വയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അടുത്ത 24 മുതൽ 36 മണിക്കൂറുകൾ ഇവിടങ്ങളിലെ ബോട്ട് സർവീസുകൾ നിർത്തിവെച്ചേക്കും. സൺഷൈൻ കോസ്റ്റിന്റെ  മൂലൂലബയിലെ ഷിപ്പിങ് പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്. അടിയന്തര സജ്ജീകരണങ്ങളും സേവനങ്ങളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ടെന്ന് ക്യൂൻസ്​ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി വ്യക്തമാക്കി. ബോട്ട് യാത്ര‌, മീൻപിടിത്തം എന്നിവ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

English Summary:

Tropical Cyclone Alfred is expected to cross SouthEast Queensland coast late this Thursday of Friday Morning. People Urged to prepare for the Cyclone.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com