മലയാളികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ; ആൽഫ്രഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം, ജാഗ്രതയോടെ ക്യൂൻസ്ലാൻഡ്

Mail This Article
ബ്രിസ്ബെൻ ∙ ആൽഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്ലാൻഡിന്റെ തീരം തൊടാൻ ഇനി മണിക്കൂറുകൾ മാത്രം. ആശങ്കയുടെ നിഴലിൽ മലയാളികൾ ഉൾപ്പെടെ 40 ലക്ഷത്തിലധികം പേർ. സ്കൂളുകളും വിമാനത്താവളങ്ങളും അടച്ചു. പൊതുഗതാഗതം നിർത്തിവച്ചു. ആൽഫ്രഡ് ചുഴലിക്കാറ്റിനെതിരെ സുരക്ഷാ നടപടികൾ ശക്തമാക്കി ക്യൂൻസ്ലാൻഡ് സർക്കാർ.
ഓസ്ട്രേലിയയുടെ മൂന്നാമത്തെ വലിയ നഗരവും ക്യൂൻസ്ലാൻഡിന്റെ തലസ്ഥാനവുമായ ബ്രിസ്ബെന് സമീപത്തു കൂടിയാണ് ആൽഫ്രെഡ് കടന്നു പോകുന്നത്. കനത്ത മഴയും മരണം വരെ സംഭവിച്ചേക്കാവുന്ന ശക്തമായ വെള്ളപ്പൊക്കവുമായിരിക്കും കാറ്റ് വിതയ്ക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി ആയിരകണക്കിന് ആളുകൾ സർക്കാരിന്റെ ഇവാക്യുവേഷൻ ക്യാംപുകളിലേക്ക് മാറി കഴിഞ്ഞു. അവശ്യ ഭക്ഷ്യസാധനങ്ങൾ വാങ്ങി സൂക്ഷിക്കണമെന്ന നിർദേശത്തെ തുടർന്ന് വിപണികളിൽ തിരക്കേറിയിരുന്നു. ഭക്ഷ്യസാധനങ്ങളിൽ ചിലതിന് ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
∙ കാറ്റിന്റെ തീവ്രത, ഗതി
തെക്കു കിഴക്കൻ ദിശയിലാണ് നിലവിൽ ആൽഫ്രെഡ് സഞ്ചരിക്കുന്നത്. വ്യാഴം രാത്രി അല്ലെങ്കിൽ വെള്ളിയാഴ്ച പുലർച്ചെ ചുഴലിക്കാറ്റ് തലസ്ഥാന നഗരമായ ബ്രിസ്ബെനിലുൾപ്പെടെ കര തൊടുമെന്നാണ് കണക്കുകൂട്ടൽ. തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിനും വടക്ക് കിഴക്കൻ ന്യൂ സൗത്ത് വെയിൽസിനും ഇടയിലൂടെയാണ് കാറ്റ് കടന്നു പോകുക. മണിക്കൂറിൽ 95 കിലോമീറ്ററും ചില സമയങ്ങളിൽ 130 കിലോമീറ്ററും വേഗത്തിൽ വീശുന്ന കാറ്റിന്റെ തീവ്രത പ്രതീക്ഷിക്കുന്നത് കാറ്റഗറി രണ്ട് ആണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും കാറ്റഗറി 3 ആകാനുള്ള സാധ്യതയും തള്ളികളയുന്നില്ല.
∙അപകടസാധ്യതയേറിയ പ്രദേശങ്ങൾ
വൈഡ് ബേ, ബർനറ്റ്, ഡാർലിങ് ഡൗൺസ്, ഗ്രാനിറ്റ് ബെൽറ്റ്, തെക്കു–കിഴക്കൻ കോസ്റ്റ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത ഉണ്ടാകുമെന്ന് ബ്രിസ്ബെൻ സിറ്റി കൗൺസിൽ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റിന്റെ ശക്തിയിൽ ന്യൂസൗത്ത് വെയിൽസിലെ നോർത്തേൺ റിവറുകളിൽ വലിയ വെള്ളപ്പൊക്കമുണ്ടാകും. ഉറുൻഗുവിലെ കാലംഗ്, തോറയിലെ ബെല്ലിൻഗർ നദികളും കര കവിയും. ബുധനാഴ്ച രാവിലെ മുതൽ തന്നെ ബെല്ലിൻഗർ, കാലംഗ് എന്നിവിടങ്ങളിൽ കനത്ത മഴ തുടങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിന് ശേഷമുള്ള ദിനങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
∙ആശങ്കയുടെ നടുവിൽ
തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിലും വടക്കു കിഴക്കൻ ന്യൂ സൗത്ത് വെയിൽസിലുമായി 40 ലക്ഷത്തിലധികം വരുന്ന ജനത ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ കടുത്ത ആശങ്കയിലാണ്. ക്യൂൻസ്ലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബെനിൽ മാത്രം ആയിരത്തിലധികം മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 25 ലക്ഷത്തിലധികം പേർ താമസിക്കുന്നുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പിന് ശേഷം 50 വർഷത്തിന് ശേഷം ക്യൂൻസ്ലാൻഡിലേക്കും 35 വർഷത്തിന് ശേഷം ന്യൂ സൗത്ത് വെയിൽസിലേക്കുമെത്തുന്ന ചുഴലിക്കാറ്റിന്റെ ഭീതിയിൽ ആണ് ജനത കഴിയുന്നത്. സാൻഡ് കേപ് സൗത്ത് മുതൽ ഗ്രാഫ്റ്റൻ, ബ്രിസ്ബെൻ, ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ്, ബൈറോൺ ബെ തുടങ്ങിയ പ്രദേശങ്ങളെല്ലാം കനത്ത നിരീക്ഷണത്തിലാണ്.
∙ സുരക്ഷാ നടപടികൾ പൂർണം
ആൽഫ്രഡ് വിതച്ചേക്കാവുന്ന നാശനഷ്ടങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. സുരക്ഷാ നടപടികളുടെ ഭാഗമായി ബ്രിസ്ബെനിലും സമീപ പ്രദേശങ്ങളിലുമായി അറുന്നൂറോളം സ്കൂളുകൾ അടച്ചു. ബ്രിസ്ബെനിലെ ഗോൾഡ് കോസ്റ്റ്, ബല്ലിന, കോഫ്സ് ഹാർബർ എയർപോർട്ടുകൾ അടച്ചു. ബോട്ട്, ട്രെയിൻ, ബസ് സർവീസുകളും നിർത്തിവച്ചു. ബ്രിസ്ബെൻ, സൺഷൈൻ കോസ്റ്റ് വിമാനത്താവളങ്ങൾ മാത്രമാണ് ബുധനാഴ്ചയും തുറന്നത്. കാറ്റിന്റെ വേഗം 90 കിലോമീറ്ററിൽ അധികമായാൽ പ്രധാന ഹൈവേകളും റോഡുകളും അടയ്ക്കും. ഭൂരിഭാഗം ബിസിനസ് കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത കൂടിയ പ്രദേശങ്ങളിൽ കഴിയുന്നവർ മാറി താമസിക്കാനും നിർദേശിച്ചിട്ടുണ്ട്. ജനങ്ങളെ മാറ്റി പാർപ്പിക്കാനായി ക്യൂൻസ് ലാൻഡ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇവാക്യൂവേഷൻ സെന്ററുകളും തുറന്നിട്ടുണ്ട്. മെഡിക്കൽ സംഘങ്ങളും പ്രവർത്തനസജ്ജരായി കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ക്യൂൻസ്ലൻഡ് പ്രീമിയർ ഡേവിസ് ക്രിസഫുള്ളി പ്രഖ്യാപിച്ചത്. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ജീവനാശം വരെ സംഭവിച്ചേക്കാമെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്.
∙ ജനങ്ങളുടെ ശ്രദ്ധയ്ക്ക്
ചെറിയ കുട്ടികൾ എപ്പോഴും രക്ഷിതാക്കൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പാക്കണം, വീട്ടിലെ സാധന സാമഗ്രികൾ സുരക്ഷിതമായി കെട്ടി സൂക്ഷിച്ചു വയ്ക്കണം, മരങ്ങളുടെ കീഴിൽ നിന്ന് മാറ്റി കാറുകൾ പാർക്ക് ചെയ്യണം. വീടിന്റെ വാതിലുകളും ജനാലകളും അടയ്ക്കണം. ആസ്തമ രോഗികൾ എപ്പോഴും മരുന്ന് കൈവശം സൂക്ഷിക്കണം. ശക്തമായ കാറ്റ് ആസ്തമ കൂടാൻ കാരണമാകും. വൈദ്യുതി പോകാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണും പവർ ബാങ്കുകളും മുഴുവനായും ചാർജ് ചെയ്ത് സൂക്ഷിക്കണം. വളർത്തു മൃഗങ്ങളെ സുരക്ഷിതമായി പാർപ്പിക്കണം, നഷ്ടപ്പെട്ടാൽ അവയെ തിരിച്ചറിയാനും കഴിയണം. കാലാവസ്ഥ സാധാരണ ഗതിയിലേക്ക് എത്തുന്നതു വരെ വാഹനങ്ങളുമായി പുറത്തു പോകരുത്. ഡ്രൈവിങ് ഒഴിവാക്കണം. പുറത്തിറങ്ങി നടക്കാതെ കെട്ടുറപ്പുള്ള വീടുകളിൽ സുരക്ഷിതരായി കഴിയണമെന്നും ബ്രിസ്ബെൻ സിറ്റി കൗൺസിലിന്റെ നിർദേശത്തിൽ പറയുന്നു.