ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ തീവത്ര കുറഞ്ഞു: ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും

Mail This Article
ന്യൂ സൗത്ത് വെയിൽസ്∙ ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ തീവത്ര കുറഞ്ഞു. ഇതോടെ ആൽഫ്രഡ് ചുഴലിക്കാറ്റ് ട്രോപ്പിക്കൽ ലോ ആയി മാറിയതായി കാലാവസ്ഥാ വിഗ്ദധർ അറിയിച്ചു. അതേസമയം, ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ആൽഫ്രഡ് ചുഴലിക്കാറ്റ് കാരണം ശക്തമായ കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാക്കി. ക്വീൻസ്‌ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലുമായി നാല് ദശലക്ഷം ആളുകളെ ബാധിച്ചു. തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. 230,000ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുമെന്നാണ് മുന്നറിയിപ്പ്. ബീച്ചുകളിൽ പോകുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോൾ ബ്രിബി ദ്വീപിന് സമീപത്താണുള്ളത്. വടക്കോട്ട് നീങ്ങുന്ന കൊടുങ്കാറ്റ് ദ്വീപിനും മറൂച്ചിഡോറിനും ഇടയിലുള്ള പ്രധാന കരയിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്രോപ്പിക്കൽ ലോ ആയി തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും, ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ ആഘാതം ഇപ്പോഴും രൂക്ഷമാണ്. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു.
ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനായി സാൻഡ്ബാഗുകൾ വിതരണം ചെയ്യുകയും റോഡുകൾ അടച്ചിടുകയും ചെയ്തു. സ്കൂളുകളും വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പോലുള്ള പൊതു പരിപാടികളും മാറ്റിവച്ചു. പ്രധാനമന്ത്രി ആന്റണി അൽബാനീസ് ജനങ്ങളോട് ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.