'ഒന്നരലക്ഷം രൂപ മാസശമ്പളം'; വഞ്ചിതരായി സൈബർ തട്ടിപ്പു സംഘത്തിന്റെ പിടിയിലായ മലയാളികളുൾപ്പെടെയുള്ള 283 പേർ ഇന്ന് നാട്ടിലെത്തും
Mail This Article
ന്യൂഡൽഹി ∙ മ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ പിടിയിലായ മലയാളികളുൾപ്പെടെയുള്ള 283 പേരെ ഇന്നു വൈകിട്ട് വായുസേനയുടെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കും. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി 540 പേർ സൈബർ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ മ്യാൻമറിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇതിൽ 27 പേർ സ്ത്രീകളാണ്.
ഇവരെ ഉപയോഗിച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിന്റെ മ്യാൻമർ മ്യാവഡിയിലെ ഒളിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എഴുന്നൂറിൽപരം പേരെ മോചിപ്പിച്ചിരുന്നു. വഞ്ചിതരായി സൈബർ തട്ടിപ്പു സംഘത്തിന്റെ വലയിൽ പെട്ടവരും അല്ലാത്തവരും ഇവരിലുണ്ട്. 1.3 ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെ മാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും വിവരമുണ്ട്. വൻ തോതിൽ മൊബൈൽ സിം കാർഡുകൾ മ്യാൻമറിലേക്കു കടത്തിയത് പിടികൂടിയിരുന്നു.