രക്ഷപ്പെടുത്തിയത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ; സഹായവുമായി തായ് വിദേശകാര്യ വിഭാഗവും, 266 അംഗ സംഘം ഇന്ത്യയിലെത്തി

Mail This Article
ന്യൂഡൽഹി ∙ മ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ കെണിയിൽപ്പെട്ടിരുന്ന 266 പേരുടെ സംഘവും ഇന്ത്യയിൽ തിരികെയെത്തി. ഇതിൽ 3 പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം 8 മലയാളികൾ ഉൾപ്പെടെ 283 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതോടെ ആകെ 549 പേരെയാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പാലം വിമാനത്താവളത്തിലെത്തിച്ച ഇവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലെത്തിച്ച് സിബിഐ, ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ഇവരെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ആന്ധ്ര, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങിയെത്തിയവരിലുണ്ട്. തായ് വിദേശകാര്യ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെയാണു വിദേശകാര്യ മന്ത്രാലയം ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇവർക്കായി അനുവദിച്ചിരുന്നു.