ഫ്ലൈറ്റ് അറ്റൻഡന്റിനെ കൊല്ലുമെന്ന് ഭീഷണി; മദ്യപിച്ച് വിമാനത്തിൽ ബഹളം: ഇന്ത്യക്കാരൻ അറസ്റ്റിൽ

Mail This Article
കാബിൻ ക്രൂ അംഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ മദ്യപിച്ച് മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പൂരിലേക്ക് പോകുന്ന വിമാനത്തിൽ വച്ച് 42 കാരനായ ഇന്ത്യക്കാരൻ യാത്രക്കാരോടും വിമാനത്തിലെ ജീവനക്കാരോടും മോശമായി പെരുമാറുകയായിരുന്നു. മാർച്ച് 31 നാണ് സംഭവമായി ബന്ധപ്പെട്ട് പൊലീസ് പ്രസ്താവനയിറക്കുന്നത്.
മദ്യലഹരിയിൽ അടുത്തിരുന്ന യാത്രക്കാരനെ ഇയാൾ ശല്യപ്പെടുത്തുകയും തന്റെ മുന്നിലുള്ള സീറ്റ് ബലമായി തള്ളിമാറ്റി മറ്റ് യാത്രക്കാരെ അലോസരപ്പെടുത്തുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച ഫ്ലൈറ്റ് അറ്റൻഡന്റിനു നേരെയായിരുന്നു ഇയാളുടെ ആക്രമണാത്മക പെരുമാറ്റം. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
മോശം പെരുമാറ്റം തുടർന്നാൽ വിമാനം തിരിച്ചിറക്കുമെന്ന് ഇയാൾക്ക് മുന്നറിയിപ്പു നൽകുകയും കാബിൻ ക്രൂ അംഗങ്ങൾ സാഹചര്യം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ബലപ്രയോഗം നടത്തുക, വിമാനത്തിൽ മദ്യപിച്ച് ക്രമസമാധാനം ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്.
'ശാരീരിക ആക്രമണം, വാക്കാലുള്ള ഭീഷണികൾ, ജീവനക്കാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുക എന്നിവ വിമാന സുരക്ഷയെ അപകടത്തിലാക്കും. യാത്രക്കാരെയോ വിമാനത്തിലെ ജീവനക്കാരെയോ അപകടത്തിലാക്കുന്ന ആർക്കും എതിരെ നടപടിയെക്കും. എല്ലാ വിമാന യാത്രക്കാരും വിമാനത്തിൽ കയറുമ്പോൾ വ്യോമ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും' പൊലീസ് അറിയിച്ചു.