ഇന്തൊനീഷ്യയിലെ അമ്യൂസ്മെന്റ് പാർക്കിൽ 13 വയസ്സുകാരൻ റൈഡിൽ നിന്ന് തെറിച്ചുവീണു; ഗുരുതര പരുക്ക്, വിഡിയോ

Mail This Article
ബാതു (ഇന്തൊനീഷ്യ)∙ ഇന്തൊനീഷ്യയിലെ ജാതിം പാർക്കിൽ അപകടത്തിൽ 13 വയസ്സുകാരന് ഗുരുതര പരുക്ക്. പെൻഡുലം 360 എന്ന റൈഡിൽ സഞ്ചരിക്കുകയായിരുന്ന കുട്ടി സീറ്റിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഈ മാസം എട്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റൈഡ് പൂർണ്ണമായി കറങ്ങി ഏറ്റവും മുകളിലെത്തിയ ശേഷം താഴേക്ക് വരുമ്പോൾ കുട്ടി സീറ്റിൽ നിന്ന് വഴുതിപ്പോകുകയും താഴെ തൂങ്ങിക്കിടക്കുന്ന ബാറിൽ പിടിച്ചുകിടക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഏകദേശം ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ നിന്നാണ് കുട്ടി താഴെ വീണത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ കുട്ടിയുടെ വലത് കൈയിലെ എല്ലിന് രണ്ട് പൊട്ടലും വലത് കാലിലെ എല്ലിന് ഒരു പൊട്ടലും സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് പാർക്കിലെ പെൻഡുലം റൈഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. റൈഡ് പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്നും സീറ്റ് ബെൽറ്റുകൾ ശരിയായി പ്രവർത്തിച്ചിരുന്നുവെന്നും ബാതു പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് മേധാവി എകെപി റുഡി കുസ്വോയോ പറഞ്ഞു. എന്നാൽ റൈഡ് പ്രവർത്തിച്ചു തുടങ്ങിയതിന് ശേഷം അഞ്ചാം നമ്പർ സീറ്റിലെ ബെൽറ്റ് തകരാറിലാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരുക്കേറ്റ കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.