അഭിനയം മതിയാക്കി ഹോട്ടൽ ജീവനക്കാരിയായി നടി; തണ്ണിമത്തൻ മുറിച്ചതിനും മേശകൾ വൃത്തിയാക്കിയതിനും പ്രതിഫലം ലഭിച്ചതായി താരം

Mail This Article
ഹോങ്കോങ്∙ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ കഥകൾ വിരളമാണ്. അത്തരമൊരു അപ്രതീക്ഷിത വഴിത്തിരിവിലൂടെ കടന്നുപോവുകയാണ് ഹോങ്കോങ്ങിലെ പ്രശസ്ത നടിയായ മാഗി യു മിയാവോ. ഒട്ടേറെ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അഭിനയ മികവ് തെളിയിച്ച താരം, 2023ൽ വെള്ളിത്തിരയോടു വിടപറഞ്ഞ് ഇപ്പോൾ ഒരു സാധാരണക്കാരിയെപ്പോലെ ഹോട്ടലിൽ വെയിട്രസ് ജോലി ചെയ്യുകയാണ്.
"സ്ഥിരതയുള്ള ഒരു ജോലി എക്കാലത്തും എന്റെ ആഗ്രഹമായിരുന്നു. അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോൾ എനിക്ക് ഇന്നത്തെപ്പോലെ എന്റെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഒരു വെയിട്രസ് എന്ന നിലയിൽ ഞാൻ കൂടുതൽ സംതൃപ്തയാണ്" – മാഗി പറയുന്നു
ചൈനയിലെ ഡോങ്ഗ്വാനിലെ ഹോട്ടലിലാണ് മാഗി ഇപ്പോൾ ജോലി ചെയ്യുന്നത്. അവിടുത്തെ ജോലിയുമായി ബന്ധപ്പെട്ട ചെറിയ വിഡിയോകൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ, 30 തണ്ണിമത്തൻ മുറിച്ചതിന് 150 യുവാനും, മേശകൾ വൃത്തിയാക്കിയതിന് 180 യുവാനും ലഭിച്ചതിനെക്കുറിച്ച് ഒരു വിഡിയോയിൽ സംസാരിച്ചു.
അഭിനയരംഗത്തേക്ക് മടങ്ങിവരാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച് ചില ഓഫറുകൾ വരുന്നുണ്ടെന്നും മാഗി വെളിപ്പെടുത്തുന്നു. ഒരു ദിവസം 500 യുവാൻ പ്രതിഫലം ലഭിക്കുന്ന ഒരു വേഷത്തെക്കുറിച്ചുള്ള ഒരു സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അവർ പങ്കുവെച്ചത് ഇതിന് ഉദാഹരണമാണ്. എന്നാൽ ഡോങ്ഗ്വാനിൽ നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്ത് അഭിനയിക്കുന്നതിനേക്കാൾ എത്രയോ നല്ലത് ഇപ്പോഴത്തെ ഹോട്ടൽ ജോലിയാണെന്നായിരുന്നു മാഗിയുടെ മറുപടി.
2012ൽ മിസ് ചൈന ഇന്റർനാഷണൽ മത്സരത്തിൽ ഫൈനലിസ്റ്റായി എത്തിയ ശേഷമാണ് മാഗി ഹോങ്കോങ് ബ്രോഡ്കാസ്റ്ററായ ടിവിബിയിൽ ചേരുന്നത്. 'ഗോസ്റ്റ് ഓഫ് റിലേറ്റിവിറ്റി', 'മൈ ലവർ ഫ്രം ദി പ്ലാനറ്റ് മിയോ' തുടങ്ങിയ ജനപ്രിയ ടിവി പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ അവർ വളരെ പെട്ടെന്ന് പ്രശസ്തി നേടി. എന്നിരുന്നാലും, പ്രശസ്തിയുടെ വെളിച്ചത്തേക്കാൾ ഉപരിയായി, സാധാരണ ജീവിതത്തിലെ സന്തോഷവും സ്ഥിരതയുമാണ് വലുതെന്ന് തെളിയിക്കുകയാണ് മാഗി യു മിയാവോയുടെ ഈ അപ്രതീക്ഷിതമായ തീരുമാനം.