ഓസ്ട്രേലിയൻ പ്രധാനമന്ത്രിയോട് 'പടവെട്ടാൻ' മലയാളി യുവതി; ആൽബനീസിന്റെ തട്ടകത്തിൽ പൊരുതാൻ 'പത്തനംതിട്ടയുടെ ചെറുമകൾ'

Mail This Article
സിഡ്നി ∙ ഓസ്ട്രേലിയയുടെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി മലയാളി വനിതയും. മേയ് 3ന് നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെതിരെയാണ് പത്തനംതിട്ടയുടെ ചെറുമകളായ ഹന്ന തോമസ് മത്സരിക്കുന്നത്.
ലേബർ സർക്കാരിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ കടുത്ത ഭാഷയിൽ ശബ്ദമുയർത്തി മലയാളികളുടെ അഭിമാനമായി മാറിയ ശ്രദ്ധേയായ അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഹന്ന തോമസ് ഗ്രെയ്ൻഡ്ലർ മണ്ഡലത്തിൽ ഗ്രീൻസ് പാർട്ടിയുടെ സ്ഥാനാർഥിയായാണ് 62 കാരനായ ആൽബനീസിനെതിരെ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 30 കാരിയായ ഹന്ന തോമസ്, പത്തനംതിട്ട സ്വദേശിയും മലേഷ്യയുടെ മുൻ അറ്റോർണി ജനറലുമായ ടോമി തോമസിന്റെ മകളാണ്.
ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്രെയ്ൻഡ്ലർ ഓസ്ട്രേലിയൻ ജനപ്രതിനിധി സഭയിലെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശമാണ്. 1996 മുതൽ ആൽബനീസിന്റെ തട്ടകമാണിത്. 62 കാരനായ ആൽബനീസിനെതിരെയാണ് 30കാരിയായ ഹന്ന തോമസിന്റെ പോരാട്ടമെന്നത് രാഷ്ട്രീയ ശ്രദ്ധ നേടി കഴിഞ്ഞു. 48–ാമത് പാർലമെന്റിലേക്കാണ് ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനപ്രതിനിധി സഭയുടെ 150, സെനറ്റിലെ 76 സീറ്റുകളിൽ 40 എണ്ണത്തിലേക്കുമാണ് മത്സരം നടക്കുന്നത്. ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ രണ്ടാം തവണയും അധികാരത്തിലേറാനുള്ള തീവ്ര പരിശ്രമത്തിലാണ്. പ്രതിപക്ഷ നേതാവ് പീറ്റർ ഡുട്ടന്റെ നേതൃത്വത്തിലുള്ള ലിബറൽ–നാഷനൽ സഖ്യത്തിനെതിരെയാണ് ആൽബനീസിന്റെ പോരാട്ടം.
2009 ൽ മലേഷ്യയിൽ നിന്ന് രാജ്യാന്തര വിദ്യാർഥിനിയായാണ് ഹന്ന ഓസ്ട്രേലിയയിൽ എത്തുന്നത്. പലസ്തീൻ–ഇസ്രയേൽ സംഘർഷം, കുടിയേറ്റം, അഭയാർഥിത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ കുടിയേറ്റക്കാരുടെ ശബ്ദമാണ് ഹന്ന തോമസ്. ഗസ വിഷയത്തിൽ ആൽബനീസിന്റെ പരാജയമാണ് അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹന്നയ്ക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ടുകൾ.
ആൽബനീസിന്റെ കടുത്ത വിമർശകയാണ് ഹന്ന. കുടിയേറ്റക്കാരുടെ പാർപ്പിട, ജീവിത ചെലവുകൾ സംബന്ധിച്ച് ആൽബനീസ് നടത്തിയ പരാമർശങ്ങൾ കുറ്റകരമാണെന്ന് ഹന്ന പരസ്യമായി വിമർശിച്ചിരുന്നു.
മലേഷ്യയിൽ രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശക്തമായ പുരോഗമന മൂല്യത്തിലധിഷ്ഠിതവുമായ കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഓസ്ട്രേലിയയിൽ ഗ്രീൻസ് പാർട്ടിയിൽ അംഗമാകുകയെന്നത് അനിവാര്യമായ ഒന്നായിരുന്നുവെന്നും ഹന്ന പറഞ്ഞു.
മലേഷ്യയിൽ ജനിച്ച ഹന്ന 2018ൽ ആണ് അദ്ദേഹം അറ്റോർണി ജനറൽ സ്ഥാനത്ത് നിയമിതനായത്. മലേഷ്യയിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയ് ഇതര, മുസ്‌ലിം ഇതര മലേഷ്യൻ എന്ന നേട്ടവും ടോമി തോമസിന് ലഭിച്ചിരുന്നു. മലേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി 28നാണ് അദ്ദേഹം തൽസ്ഥാനം രാജിവച്ചത്. ആനി ഐപ്പ് ആണ് മാതാവ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1940 കളുടെ അവസാനത്തിലാണ് ഹന്നയുടെ പിതാവ് ടോമി തോമസ് പത്തനംതിട്ടയിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിയത്. അന്നത്തെ കാലത്ത് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സ്വന്തമാക്കാൻ മധ്യതിരുവിതാംകൂറിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നിരുന്നു. കോഴഞ്ചേരി മരാമൺ കേളുത്തറ കുടുംബത്തിലെ കെ.തോമസിന്റെയും കുമ്പനാട്ടുകാരിയായ ഡോ.വിജയമ്മ തോമസിന്റെയും ചെറുമകളാണ് ഹന്ന തോമസ്.