കാർത്തികേയനോട് 'താനാരാ' എന്ന് ചോദിക്കാൻ ധൈര്യം കാണിച്ച ‘ബാബു’; മലയാള സിനിമയിൽ തുടരാൻ ഓസ്ട്രേലിയൻ മലയാളി

Mail This Article
സിഡ്നി∙ മോഹൻലാൽ എന്ന അതുല്യ നടൻ വിസ്മയം തീർത്ത ദേവാസുരം എന്ന സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു 2001ൽ പുറത്തിറങ്ങിയപ്പോൾ ലാലിന്റെ എൻട്രി സീനിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു സെബാസ്റ്റ്യനായിരുന്നു. ഒരു തുടക്കക്കാരന് ലഭിക്കാവുന്നതിൽ മികച്ച വേഷമായിരുന്നു അത്.
മുത്തുവേൽ ഗൗണ്ടറുടെ വാഹനം തടഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന വ്യാജ എൻഫോഴ്സ്മെന്റ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥനായി ബാബു ആ സിനിമയിൽ തിളങ്ങി. ടൊയോട്ട പ്രാഡോയിൽ അതിവേഗം പാഞ്ഞെത്തുന്ന കാർത്തികേയനോട് 'താനാരാ' എന്ന് ചോദിക്കാൻ ധൈര്യം കാണിച്ച ആ ഉദ്യോഗസ്ഥന്റെ ശരീരഭാഷയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, തോക്കെടുത്ത് ചൂണ്ടി എൻഫോഴ്സ്മെന്റ് സംഘത്തെ വിരട്ടി, കയ്യടി നേടിയ സംഭാഷണത്തോടെ എൻഫോഴ്സ്മെന്റ് സംഘത്തലവനെ എടുത്തെറിഞ്ഞ കാർത്തികേയന്റെ രംഗം തിയറ്ററുകളെ ആവേശത്തിലാഴ്ത്തി.
മമ്മൂട്ടിയുടെ 'ഹിറ്റ്ലർ' ആയിരുന്നു ബാബുവിന്റെ ആദ്യ സിനിമയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് രാവണപ്രഭുവിലെ വേഷമായിരുന്നു. പ്രശസ്ത സംവിധായകരായ ശ്യാമപ്രസാദ്, രഞ്ജിത് എന്നിവരോടൊപ്പം നാടകരംഗത്ത് പ്രവർത്തിച്ച ബാബു, ഏകദേശം 18 വർഷത്തോളം സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനുമായിരുന്നു. എന്നിട്ടും പിന്നീട് സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.
ഈ കാലയളവിൽ ജൂഡ് അട്ടിപ്പേറ്റിയുടെ 'മിഖായേലിന്റെ സന്തതികൾ', ശ്യാമപ്രസാദിന്റെ 'മണൽസാഗരം' എന്നീ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. 2005ൽ ബാബു കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് താമസം മാറി. അവിടെയും ഷോർട്ട് ഫിലിമുകളിലൂടെയും സീരീസുകളിലൂടെയും അദ്ദേഹം അഭിനയരംഗത്ത് സജീവമായിരുന്നു.

രണ്ടു വർഷം മുൻപ് വി.കെ. പ്രകാശിന്റെ 'ലൈവ്' എന്ന സിനിമയിലൂടെ ബാബു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. എന്നാൽ ജോജു ജോർജിന്റെ 'പണി' എന്ന സിനിമയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോഴിതാ, മോഹൻലാലിന്റെ തുടരുമെന്ന സിനിമയിൽ ലാലി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലൂടെ ബാബു ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
രണ്ട് പതിറ്റാണ്ടിന് മുൻപ് സൂപ്പർതാരത്തിന്റെ ചിത്രത്തിൽ നിന്ന് അപ്രതീക്ഷിതമായി പിൻവാങ്ങേണ്ടിവന്ന പാലാക്കാരനായ ബാബു സെബാസ്റ്റ്യൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനായി കാത്തിരിക്കുകയാണ്. ഓസ്ട്രേലിയയിലെ മലയാളി സിനിമാപ്രേമികളും അദ്ദേഹത്തിന്റെ ഈ തിരിച്ചുവരവിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.