വിക്ടോറിയ മലയാളി അസോസിയേഷൻ വനിതാ ഫോറത്തിന്റെ ഹാർമണി ഫെസ്റ്റ് ശ്രദ്ധേയമായി

Mail This Article
മെൽബൺ ∙ വിക്ടോറിയ മലയാളി അസോസിയേഷൻ വനിതാ ഫോറം സംഘടിപ്പിച്ച ഹാർമണി ഫെസ്റ്റ് 2025 വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സമന്വയ വേദിയായി മാറി. ഫെഡറൽ മന്ത്രി ജൂലിയൻ ഹിൽയും ഗ്രേറ്റർ ഡാൻഡിനോങ് മേയർ ജിം മെമറ്റിയും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
മുഖ്യാതിഥി ഫെഡറൽ എം.പി കാസ്സാന്ദ്ര ഫെർണാണ്ടോയെ ട്രഷറര്‍ എ .വി ഹരിഹരൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. വർണ്ണ വൈവിദ്ധ്യങ്ങളും നൃത്ത-സംഗീത താളലയങ്ങളും നിറഞ്ഞ വേദി വിവിധ രാജ്യങ്ങളിലെ കലാസാംസ്‌കാരിക സമ്പത്ത് പ്രദർശിപ്പിക്കുന്ന സൗഹാർദ്ദ സംഗമമായി. ചടങ്ങിൽ എം.എ.വി പ്രസിഡന്റ് മദനൻ ചെല്ലപ്പൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി അലൻ എബ്രഹാം സ്വാഗതവും നിഷ മാധവൻ നന്ദിയും പറഞ്ഞു.
താര രാജ്‌കുമാർ ഒഎഎം, ശ്രുതി ശശീന്ദ്രൻ, രേണുക വിജയകുമാരൻ എന്നിവരെ സാമൂഹിക രംഗത്തെ നിസ്തുല സേവനത്തിന് പൊന്നാട അണിയിച്ച് ആദരിച്ചു.രമ ഹരിഹരൻ സ്ത്രീ ശക്തീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അയോളിൻ ജോൺ മാതൃദിന സന്ദേശവും പങ്കുവച്ചു.


വനിതാ ഫോറം ഭാരവാഹികളായ അഞ്ജനീ കൃഷ്ണ, പദ്മ, സന്ധ്യ സുഭാഷ്, ദീപ്തി സലിൽ, പ്രിയങ്ക അരുൺ, അനു രാജേഷ്, ഷീന ഷോബി, ബിനു ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്മിത നിതിൻ, സന്ധ്യ പദ്മ, സുമതി, ഭദ്ര തോട്ടത്ത് എന്നിവർ ഒരുക്കിയ സ്ത്രീകളുടെ ആർട്ട് & ക്രാഫ്റ്റ് പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമായിരുന്നു. നിയ ബെൻ അവതാരികയായി വേദി നയിച്ചപ്പോൾ, ബീറ്റ്സ് ഓഫ് മെൽബൺ അവതരിപ്പിച്ച ചെണ്ടമേളവും കൊക്കോ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും കാണികളെ ആകർഷിച്ചു.