മാസികയ്ക്കുളളിൽ ഒളിപ്പിച്ച് യുഎസ് ഡോളർ; വിമാനത്താവളത്തിൽ മലയാളിയിൽ നിന്നും 42 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസി പിടികൂടി

Mail This Article
നെടുമ്പാശേരി ∙ വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്ന് 42 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഇന്നലെ മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ ക്വാലലംപുരിലേക്ക് പോകാനെത്തിയ ഇടപ്പള്ളി സ്വദേശി ജയകുമാർ ആണ് വിദേശ കറൻസികളുമായി പിടിയിലായത്.
ഇയാളുടെ ചെക്ക്–ഇൻ ബാഗിലുണ്ടായിരുന്ന മാസികയുടെ താളുകൾക്കുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി. 100 അമേരിക്കൻ ഡോളറിന്റെ 500 കറൻസിയാണ് ഉണ്ടായിരുന്നത്. 41.92 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുകയാണിത്. അടുത്തയിടെ മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിലേക്ക് കടത്തിക്കൊണ്ടു വന്നിരുന്നത് പിടികൂടിയിരുന്നു.
കഞ്ചാവ് അവിടെ നിന്ന് വാങ്ങുന്നതിനുള്ള പണമാണ് വിദേശ കറൻസിയായി കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കരുതുന്നത്. വൻതോതിൽ ഇത്തരത്തിൽ വിദേശ കറൻസി കൂടി പിടികൂടിയതോടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത് സംഘം കൊച്ചി കേന്ദ്രീകരിച്ച് സജീവമാണെന്നാണ് സൂചന. സ്വർണക്കടത്ത് വലിയ ലാഭകരമല്ലാതായതോടെ ഈ സംഘങ്ങളും ഇപ്പോൾ കഞ്ചാവ് കടത്തിലേക്ക് മാറിയതായി സംശയമുണ്ട്.